വിഎസ് അടക്കമുള്ളവരുടെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി വിനായകന്‍; ഡിജിപിക്ക് പരാതി
കൊച്ചി: രാഷ്ട്രീയ നേതാക്കളുടെയും മുന്‍ ഭരണകര്‍ത്താക്കളുടേയും മരണത്തെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ച നടന്‍ വിനായകനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് ഡി ജി പിക്ക് പരാതി കൊടുത്തിരിക്കുന്നത്. വിനായകനെ നിലയ്ക്ക് നിര്‍ത്തണം എന്ന് സിജോ ജോസഫ് ആവശ്യപ്പെട്ടു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതനന്ദനെ സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ചു എന്നാണ് സിജോ പരാതിയില്‍ പറയുന്നത്.
ഇന്നാണ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ അന്തരിച്ച ഒട്ടേറെ രാഷട്രീയ പ്രമുഖര്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി വിനായകന്‍ രംഗത്തെത്തിയത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റില്‍ വിനായകന്‍ മോശപ്പെട്ട ഭാഷയില്‍ ആണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. വിഎസ് അച്യുതാനന്ദന്‍, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞാണ് വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരുന്നത്.

ഇതിനെതിരെ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് ഡിജിപിക്ക് മുന്നില്‍ പരാതി എത്തിയിരിക്കുന്നത്. നേരത്തെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ച സമയത്തും സമാനമായ അധിക്ഷേപ പരാമര്‍ശം വിനായകന്‍ നടത്തിയിരുന്നു. അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ വിഎസിന് വിനായകന്‍ പരസ്യമായി അന്ത്യാഭിവാദ്യം അര്‍പ്പിച്ചിരുന്നു.
'ഇല്ലാ ഇല്ല മരിക്കുന്നില്ല, സഖാവ് വി എസ് മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം വിനായകനും ഏറ്റുവിളിച്ചിരുന്നു. കൂടാതെ കൊമ്രേഡ് വി എസ് അച്യുതാനന്ദന്‍ എന്ന് ഇംഗ്ലീഷിലും 'കണ്ണേ കരളേ' എന്ന് മലയാളത്തിലും എഴുതിയ വിഎസിന്റെ ചിത്രമുള്‍പ്പെടെയുളള ഫ്ളക്സില്‍ പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു. ഇതിന് പിന്നാലെ വിനായകനെതിരെ കോണ്‍ഗ്രസ് അനുഭാവികള്‍ രംഗത്തെത്തിയിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയെ കുറിച്ച് നടത്തിയ പഴയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുകൂലികളും രംഗത്തുവന്നത്. എന്നാല്‍ ഇവരുടെ അധിക്ഷേപങ്ങളുടെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ വിനായകന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്ക് വെച്ചത്.
ഇതിന് താഴേയും നിരവധി പേര്‍ വിനായകനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വീട്ടിലെ നായയ്‌ക്കൊപ്പമുള്ള ചിത്രമാണ് വിനായകന്‍ പങ്ക് വെച്ചത്.












Click it and Unblock the Notifications