ഷൂട്ടിങ്ങിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പരിക്ക്: കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു
കൊച്ചി: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പരീക്കേറ്റു. വൈപ്പിനില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടയിലാണ് അപകടം. കൈകള്‍ക്ക് പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. നടന് പ്ലാസ്റ്റിക് സർജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ചേർന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇരുവരും തന്നെയായിരുന്നു. കഴിഞ്ഞമാസമായിരുന്നു ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നത്. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെടിക്കെട്ട്.

അതേസമയം, കഴിഞ്ഞ ദിവസം നടന്‍ ആസിഫലിക്കും സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റിരുന്നു. 'എ രഞ്‍ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിന് ഇടയിലാണ് പരുക്കേറ്റത്. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം. പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഷാദ് പീച്ചിയാണ് 'എ രഞ്‍ജിത്ത് സിനിമ'യുടെ നിര്‍മ്മാണം. ചിത്രത്തില്‍ ആസിഫ് അലി രഞ്ജിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.












Click it and Unblock the Notifications