'ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല', താനൂരിന്റെ വേദനയിൽ പങ്കുചേർന്ന് സിനിമാലോകം
മലപ്പുറം: താനൂർ, ഇന്ന് കേരളത്തിന് ഒരു തീരാവേദനയുടെ പേരാണ്. 22 ജീവനുകളാണ് തൂവൽത്തീരത്ത് പുഴയുടെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയത്. മനുഷ്യനിർമ്മിതമായ ദുരന്തമാണ് താനൂരിലേത് എന്നാണ് ആക്ഷേപം ഉയരുന്നത്. അതിനിടെ താനൂരിൽ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേർന്നിരിക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും മഞ്ജു വാര്യരും അടക്കമുളള സിനിമാ ലോകം.
മമ്മൂട്ടി
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടാക്കുന്നതാണ്. ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

മോഹൻലാൽ
വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഹോസ്പിറ്റലിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
മഞ്ജു വാര്യർ
താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു. അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്. നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെ. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർഥനകൾ..

ടൊവിനോ തോമസ്
താനൂരില്‍ സംഭവിച്ചിരിക്കുന്നത് സമാനതകളില്ലാത്ത ദുരന്തമാണു. കടന്നു പോയവര്‍ക്ക് ഹൃദയപൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, ഒപ്പം കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കു ചേരുകയും ചെയ്യുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖപ്പെടട്ടെ.
കര്‍മ്മനിരതരായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സമീപവാസികള്‍ക്കും, പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് ജീവനക്കാരുള്‍പ്പെടെയുള്ള എല്ലാ രക്ഷാപ്രവര്‍ത്തകര്‍ക്കും, ആശുപത്രികളില്‍ സ്ത്യുതര്‍ഹമായ സേവനമനുഷ്ഠിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി, ആദരവ്! സുരക്ഷ എന്നത് ഒരു ഓപ്ഷനല്ല മറിച്ച് ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണെന്നു നമ്മളെല്ലാവരും ഇനിയെങ്കിലും തിരിച്ചറിയണം, അതിനു വേണ്ടി പ്രവര്‍ത്തിക്കണം.
ഹരീഷ് കണാരൻ
ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ.
ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ.
ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ..
ഇനി കുറച്ച് ദിവസം കേരളത്തിലെ
ബോട്ട്കളുടെ ഫിറ്റ്നസ്സ്
പൊക്കി നോക്കുന്നതായിരിക്കും
കുറച്ച് ഉദ്യോഗസ്ഥരുടെ
പ്രധാന ജോലി..!!
എല്ലാം താൽക്കാലികം മാത്രം..!!
വെറും പ്രഹസനങ്ങൾ മാത്രം..!!
താനൂരിലെ ബോട്ട് അപകടത്തിൽ
ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ..!!












Click it and Unblock the Notifications