നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ തെളിവും പോലിസിന് ലഭിച്ചു, പിന്നില്‍ സ്ത്രീ, ക്വട്ടേഷന്‍, ഗൂഢാലോചന?
മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പോലിസ് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഡിജിപിയുടെ വെളിപ്പെടുത്തല്‍.
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലിസിന് എല്ലാ തെളിവും ലഭിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പോലിസ് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഡിജിപിയുടെ വെളിപ്പെടുത്തല്‍.
അതേസമയം, നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായി അറിയാമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ പറഞ്ഞു. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങാത്തത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പോലിസിന് ലഭിച്ചിട്ടുണ്ട്. സമഗ്രമായ കുറ്റപത്രം 90 ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഡിജിപി അവകാശപ്പെട്ടു. വിശദാംശങ്ങളൊന്നും ഇപ്പോള്‍ വെളിപ്പെടുത്തില്ല. മാധ്യമങ്ങളോട് ഒന്നും പറയാറായിട്ടില്ലെന്നം ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആവശ്യമായ തെളിവുകള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

അന്വേഷണ പുരോഗതി ഇപ്പോള്‍ വിലയിരുത്താറായിട്ടില്ല. അന്വേഷണത്തില്‍ നിലവില്‍ പൂര്‍ണ തൃപ്തനാണ്. കൂടുതലൊന്നും പറയില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചാണ് ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്തുവന്നത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞിട്ടും അന്വേഷണം അവരിലേക്ക് നീണ്ടില്ല. പിണറായി പറഞ്ഞിട്ടാണ് അന്വേഷണം അങ്ങോട്ട് എത്താതിരിക്കാന്‍ കാരണമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ആ തലത്തില്‍ അന്വേഷിച്ചാല്‍ കൂടുതല്‍ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവരും.

യഥാര്‍ഥ പ്രതിയെ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ല. തമ്മനത്തെ ഫ്‌ളാറ്റിലുള്ളവരെ കുറിച്ചും അന്വേഷണം നടന്നില്ല. കൃത്യം ചെയ്ത ശേഷം സുനി ആരെയൊക്കെ വിളിച്ചെന്ന കാര്യവും അന്വേഷിച്ചില്ലെന്നു മുരളീധരന്‍ കുറ്റപ്പെടുത്തി.

നടിയെ ആക്രമിച്ച ശേഷം സുനി ചിലരെ ഫോണില്‍ വിളിച്ച കാര്യം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ തുടര്‍ അന്വേഷണം നടന്നില്ല. ആരെയാണ് വിളിച്ചത് എന്നന്വേഷിക്കാന്‍ ഫോണ്‍ എന്തിനാണെന്നും പോലിസ് ഫോണിന് പിന്നാലെയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വിദേശ ബന്ധമുണ്ടെന്നതിനുള്ള നിര്‍ണായക വിവരങ്ങള്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് വെളിപ്പെടുത്തിയിരുന്നു. ദുബായ് കേന്ദ്രമായി നടന്ന പെണ്‍വാണിഭ കേസിലും സുനി പ്രതിയാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അന്വേഷണം തുടരുന്ന വേളയില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പരസ്യമാവുന്നത്.

പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു. ഇതുപയോഗിച്ച് നിരവധി തവണ വിദേശ യാത്രയും നടത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് സുനിയെന്നും പിടി തോമസ് പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോവുന്ന ദൃശ്യങ്ങളടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് കിട്ടിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്.

വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് വിദേശത്ത് പോയതെന്ന് ഏറെ വിശ്വാസമുള്ള വ്യക്തിയാണ് വിവരം നല്‍കിയതെന്ന് പിടി തോമസ് പറയുന്നു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എംഎല്‍എ കത്തു നല്‍കിയിട്ടുണ്ട്. വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം.

പള്‍സര്‍ സുനി മനുഷ്യക്കടത്തിന് ആരെയൊക്കെ ഉപയോഗിച്ചിരുന്നു എന്ന കാര്യം കണ്ടെത്തുകയാണ് വേണ്ടതെന്ന് പിടിതോമസ് പറഞ്ഞു. വ്യാജ പാസ്‌പോര്‍ട്ട് എങ്ങനെ സംഘടിപ്പിച്ചുവെന്നതും അറിയണം. അതിന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നോ എന്നും അറിയേണ്ടതുണ്ട്. പഴുതടച്ച അന്വേഷണം നടത്തിയാല്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസിന് ബലമേകുന്ന വിവരങ്ങള്‍ ലഭിക്കുമെന്നാണ് എംഎല്‍എ പറയുന്നത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ശക്തമായ തെളിവുകള്‍ ലഭിക്കാതെ പോലിസ് വലയുമ്പോഴാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.

മുമ്പ് സിനിമയില്‍ എത്തിയ പലരും മേഖല വിട്ടിരുന്നു. കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച ശേഷമാണ് ഈ നടികളുടെ പിന്‍വാങ്ങലുണ്ടായത്. അവര്‍ ആരെങ്കിലും ഈ മനുഷ്യക്കടത്തില്‍ അകപ്പെട്ടിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പിടി തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എംഎല്‍എയുടെ കൈവശമുണ്ടെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ പുറത്തുവിടുമെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications