നടിയുടെ കേസില്‍ പോലീസിനെ പറ്റിക്കാന്‍ പ്രതികള്‍; പോലീസിനോടാ കളി, എല്ലാം കൊച്ചിയില്‍ തന്നെ!!
നടിക്കൊപ്പം വാഹനത്തില്‍ കയറ്റിയ സഹായിയെ കുമ്പളത്ത് ഇറക്കുകയായിരുന്നു. തുടര്‍ന്നു നടിയെ വാഹനത്തില്‍ നഗരം മുഴുവന്‍ കറക്കി.
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ് അടുത്തിടെയാണ് വീണ്ടും പൊന്തിവന്നത്. ഈ കേസിലെ അഞ്ച് പ്രതികളും പോലീസ് വലയിലായിട്ടുണ്ട്. പക്ഷേ, പോലീസിനെ കബളിപ്പിച്ച് കേസില്‍ നിന്നു രക്ഷപ്പെടാന്‍ പ്രതികള്‍ നടത്തിയ നീക്കം പൊളിയുന്ന കാഴ്ചയാണിപ്പോള്‍.
നിര്‍മാതാവിന്റെ ഭാര്യയായ പഴയ കാല നടിയെ ആണ് പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. ഇതിന് ഉപയോഗിച്ച വാഹനം ടെംമ്പോ ട്രാവലര്‍ ആയിരുന്നു. ഈ വാഹനം കോയമ്പത്തൂരിലേക്ക് കടത്തിയെന്നായിരുന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പോലീസിനെ പറ്റിക്കാനായിരുന്നു.

വാഹനം പോലീസ് കണ്ടെടുത്തു
യഥാര്‍ഥത്തില്‍ ടെമ്പോ ട്രാവലര്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയിരുന്നില്ല. വാഹനം കൊച്ചിയില്‍ തന്നെയുണ്ടായിരുന്നു. ഇത് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

അന്വേഷണം വഴിതെറ്റിക്കാന്‍
കൊച്ചിക്ക് സമീപം ദേശീയ പാതയില്‍ പനങ്ങാടിന് സമീപമാണ് വാഹനം കിടന്നിരുന്നത്. പോലീസ് ഇത് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിലേക്ക് വാഹനം കടത്തിയെന്ന് പ്രതികള്‍ പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാന്‍ നടത്തിയ നീക്കമായിരുന്നുവെന്ന് ഇതോടെ ബോധ്യമായി.

അഞ്ചംഗ സംഘത്തിന്റെ നീക്കങ്ങള്‍
പള്‍സര്‍ സുനി ഉള്‍പ്പെട്ട സംഘമാണ് മുമ്പ് മറ്റൊരു നടിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് ദിവസങ്ങള്‍ക്ക് മുമ്പാണ് കണ്ടെത്തിയത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നത് നാല് പേരാണെന്നാണ് പോലീസിന് ആദ്യം ലഭ്യമായ സൂചന. പക്ഷേ അഞ്ചുപേരുണ്ടായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഇവരെയെല്ലാം പോലിസ് അറസ്റ്റ് ചെയ്തു.

സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി
ഈ കേസില്‍ വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. എറണാകുളം സിറ്റി പോലീസാണ് കസ്റ്റഡിയില്‍ വാങ്ങിയത്. എട്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ച് ദിവസമാണ് കിട്ടിയത്.

ഹോട്ടലിലേക്കുള്ള വഴിയില്‍ സംഭവിച്ചത്
ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ നടിയെ ഹോട്ടലില്‍ എത്തിക്കാമെന്ന വ്യാജേനയായിരുന്നു സുനിയും സംഘവും പദ്ധതി തയ്യാറാക്കിയത്.

ലക്ഷ്യമിട്ടതും കിട്ടിയതും
ഒരു യുവ നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു തീരുമാനം. പക്ഷേ ആ നടി വന്നില്ല. എത്തിയത് മറ്റൊരു നടി. ടെമ്പോ ട്രാവലറില്‍ കയറിയപ്പോള്‍ വാഹനം മറ്റൊരു വഴിക്ക് നീങ്ങുകയായിരുന്നു. ഈ സമയം നടി നിര്‍മാതാവിനെയും ഭര്‍ത്താവിനെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചു.

കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ട്
ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു. ഹോട്ടല്‍ മുറി കുറഞ്ഞ വാടകക്ക് തരാമെന്ന് പറഞ്ഞ് നിര്‍മാതാവിനെ ഒരാള്‍ സമീപിച്ചിരുന്നു. ഇയാളും ക്വട്ടേഷന്‍ സംഘത്തിലുള്ളതാണെന്ന് പോലീസ് പറയുന്നു.

ചുമത്തിയ വകുപ്പുകള്‍
സംഭവത്തില്‍ ജോണി സാഗരികയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകളാണ് സുനി ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരേയും ചുമത്തിയിട്ടുള്ളത്.

നിര്‍മാതാവിന്റെ ഭാര്യ
സുനിയും സംഘവും പ്രതീക്ഷിച്ച നടിക്ക് പകരമെത്തിയത് പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ പഴയകാല പ്രശസ്ത നടിയായിരുന്നു. അന്ന് കുറ്റകൃത്യത്തില്‍ പങ്കാളിയായ കോതമംഗലം സ്വദേശി എബിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ഹോട്ടല്‍ പ്രതിനിധി എന്ന പേരിലെത്തിയ ആളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജോണി സാഗരികയുടെ മൊഴി
ജോണി സാഗരിക പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. തൊട്ടുപിന്നാലെ ആയിരുന്നു എബിന്റെ അറസ്റ്റ്. മറ്റു രണ്ടു പേരെയും തൊട്ടടുത്ത ദിവസങ്ങളില്‍ പിടികൂടുകയും ചെയ്തു.

നവംബറില്‍ നടന്നത്
സുനിലും സംഘവും തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയിട്ട നടി യുവ സംവിധായകന്റെ ഭാര്യ കൂടിയായിരുന്നു. 2011 നവംബറിലാണ് സംഭവം നടന്നത്. പക്ഷേ, വന്നത് നിര്‍മാതാവിന്റെ ഭാര്യയായ പഴയകാല നടി.

ഹോട്ടല്‍ പ്രതിനിധി
സുനിലിന്റെ നിര്‍ദേശമനുസരിച്ച് നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ പ്രതിനിധിയന്ന പേരില്‍ ഒരാള്‍ ജോണി സാഗരികയെ സമീപിക്കുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ നടീനടന്‍മാര്‍ക്ക് താമസസൗകര്യമൊരുക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കി. ജോണി സാഗരിക ഇതിനു സമ്മതം മൂളുകയും ചെയ്തു.

ആള്‍മാറിയത് ഇങ്ങനെ
ഡ്രൈവറും മറ്റൊരാളും കൂടി വാഹനവുമായി സംഭവ ദിവസം റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. എന്നാല്‍ സംവിധായകന്റെ ഭാര്യയായ യുവനടി അന്നു വന്നില്ല. പകരം നിര്‍മാതാവിന്റെ ഭാര്യയായ നടിയും സഹായിയുമാണ് അന്നു വന്നത്.

നഗരത്തില്‍ വട്ടംകറക്കിയത്
നടിക്കൊപ്പം വാഹനത്തില്‍ കയറ്റിയ സഹായിയെ കുമ്പളത്ത് ഇറക്കുകയായിരുന്നു. തുടര്‍ന്നു നടിയെ വാഹനത്തില്‍ നഗരം മുഴുവന്‍ കറക്കി. സുനിയില്‍ നിന്നു വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഈ വട്ടംകറക്കല്‍. ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ആളുടെയും നീക്കത്തില്‍ സംശയം തോന്നിയ നടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കാര്യം പറയുകയായിരുന്നു. ഭര്‍ത്താവ് ജോണി സാഗരികയെയും അറിയിച്ചു. ഇതോടെ നടിയെ ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു സംഘം.

വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ്
നടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചാവക്കാട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സുനിയെ കൊണ്ടുപോയി തെളിവെടുക്കണം. മാത്രമല്ല, കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നും അന്വേഷിക്കണം. ഇതിനെല്ലാം കൂടുതല്‍ സമയം വേണ്ടിവരും. അതിനാലാണ് എട്ട് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി അഞ്ചുദിവസം അനുവദിക്കുകയായിരുന്നു.












Click it and Unblock the Notifications