'അത് മകളോടുള്ള വാത്സല്യം, ഈ മനുഷ്യന്‍ എന്താണെന്ന് നിങ്ങള്‍ക്കും അറിയാം''; പിന്തുണച്ച് മഞ്ജുവാണി
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനും ബി ജെ പി നേതാവും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ പിന്തുണച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈയിട്ടത് ഒരു മകളോടെന്ന പോലുള്ള വാത്സല്യത്താലാണ് എന്ന് മഞ്ജുവാണി ഭാഗ്യരത്‌നം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അവരുടെ പ്രതികരണം.
മനസില്‍ പുഴുവരിച്ചവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും മാത്രമെ ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കൂ എന്ന് മഞ്ജുവാണി പറഞ്ഞു. സുരേഷ് ഗോപിയെ ഈ വിഷയത്തില്‍ പഴിചാരുന്നത് സങ്കടകരമാണെന്നും മഞ്ജുവാണി കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപി ചെയ്തത് ആഭാസമാണെങ്കില്‍ കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തില്‍ അച്ഛന്‍ മകളെ സ്‌നേഹത്തോടെ സ്പര്‍ശിക്കുന്നില്ല എന്ന് വേണം മനസിലാക്കാന്‍ എന്നും അവര്‍ പറഞ്ഞു.

അതിനിടെ പോസ്റ്റിന് താഴെ വന്ന കമന്റുകളിലും സുരേഷ് ഗോപിയുടെ പ്രവൃത്തി ന്യായീകരിക്കുകയാണ് മഞ്ജുവാണി ചെയ്യുന്നത്. ഒരു പുരുഷന്‍ തെറ്റായ രീതിയില്‍ ശരീരത്തില്‍ തൊടുകയും, അത് സ്ത്രീ തിരിച്ചറിഞ്ഞു വളരെ ചെറിയ രീതിയില്‍ പോലും പ്രതികരിച്ചാല്‍ തന്നെ ആ പ്രവൃത്തി ചെയ്ത പുരുഷന്‍ ഒന്ന് വിരളും. ഒരു സ്ത്രീ ആയത് കൊണ്ട് തന്നെയാണ് ഞാനീ പറയുന്നത്.
ആ വീഡിയോയില്‍ എവിടെയെങ്കിലും ഒരണുവിട അദ്ദേഹം ചൂളിയിട്ടുപോലുമുണ്ടോ? സ്‌ക്രീന്‍ ഷോട്ടുകള്‍ ഇട്ടിരിക്കുന്നത് അത് കാണുവാനാണ്. വ്യക്തി ജീവിതം ഒരു തുറന്ന പുസ്തകമായിട്ടുള്ള സുരേഷ് ഗോപിയുടെ ശരീരഭാഷയില്‍ വാത്സല്യം മാത്രമേ എനിക്ക് കാണാന്‍ സാധിച്ചിട്ടുള്ളു. അതും പിന്നിലൂടെ ഏതോ ഒരാള്‍ കയ്യിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും തമ്മില്‍ താരതമ്യം ചെയ്തു ഉത്തരം പറയാന്‍ ഞാന്‍ അന്ധയായ രാഷ്ട്രീയ പ്രവര്‍ത്തകയല്ല.
നമ്മളൊക്കെ ആദ്യം മനുഷ്യരാവാനാണ് പഠിക്കേണ്ടത് എന്നായിരുന്നു മഞ്ജുവാണി പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത്. കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സി പി എമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെ ഉലക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് മറുചോദ്യമായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തക തിരിച്ചു ചോദിച്ചു.
അപ്പോഴാണ് ഒന്ന് ശ്രമിച്ചുനോക്കട്ടെ എന്ന് പറഞ്ഞ് കൊണ്ട് സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കയറി പിടിച്ചത്. മാധ്യമപ്രവര്‍ത്തക ഉടന്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പിറകിലേക്ക് മാറിയെങ്കിലും സുരേഷ് ഗോപി കൈയെടുത്തില്ല. വീണ്ടും തോളില്‍ കൈവെച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടി മാറ്റുകയായിരുന്നു. സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
അതിനിടെ സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് അവരോട് പെരുമാറിയത് എന്നും ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല എന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ ആ കുട്ടിക്ക് ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
മഞ്ജുവാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്
സങ്കടകരം, കഷ്ടം.
മനസ്സില്‍ പുഴുവരിച്ച് വൃണം പൊട്ടിയൊലിക്കുന്നവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കും. ദുഃഖം തോന്നുന്നു. ഈ മനുഷ്യന്‍ എന്താണെന്ന് നിങ്ങള്‍ക്കും അറിയാം. മീഡിയ വണ്‍ ചാനല്‍ പത്ര പ്രവര്‍ത്തകയുടെ തോളത്തു ഒരു മകളോടെന്ന പോലെ കൈവെച്ചാല്‍ ആഭാസമാണെങ്കില്‍, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തില്‍ അച്ഛന്‍ മകളെ സ്‌നേഹത്തോടെ സ്പര്‍ശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.
രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം കളിക്കുന്നത് മനസ്സിലാക്കാം. പത്രപ്രവര്‍ത്തക യൂണിയന് രാഷ്ട്രീയമുണ്ടോ? എന്താണവരുടെ രാഷ്ട്രീയം? മീഡിയ വണ്‍ രാഷ്ട്രീയമാണോ അതോ ചാനല്‍ ആണോ? വെറും രാഷ്ട്രീയ ദാരിദ്ര്യം.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തന്‍ അന്ന് ഇക്കൂട്ടരോട് പറഞ്ഞതേ എനിക്കും ഇപ്പൊ പറയാനുള്ളൂ.












Click it and Unblock the Notifications