നവകേരള സദസിൽ നടി ഐശ്വര്യ ലക്ഷ്മി, ആവശ്യം ഇങ്ങനെ; അംഗീകരിച്ച് മുഖ്യമന്ത്രി
കൊച്ചി: സിനിമയിലെ ബിസിനസ് മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി. നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ് മുഖാമുഖം സംവാദ പരിപാടിയിലായിരുന്നു നടി മുഖ്യമന്ത്രിക്ക് മുന്നിൽ ആവശ്യം അവതരിപ്പിച്ചത്.
സിനിമയുടെ സാങ്കേതികം, നിര്‍മ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികള്‍ രൂപീകരിക്കാൻ സർക്കാർ ഇടപെടണമെന്നും ഇത് യുവതികള്‍ക്ക് നൂതനമായ അവസരങ്ങള്‍ കൊണ്ട് വരുമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അതേസമയം സിനിമയുടെ നിര്‍മ്മാണം, സാങ്കേതികം പോലുള്ള മേഖലയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു നടിയുടെ ആവശ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.സ്ത്രീകളെ ഈ മേഖലയില്‍ പ്രാപ്തരാക്കുന്നതിന് പഠന സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മുന്നിട്ടു നില്‍ക്കുന്നതിനു പിന്നിലുള്ള ഒരു കാരണം കേരളത്തില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്ന തുല്യ അവകാശങ്ങളും അവസരങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തികാവസ്ഥകള്‍ വളരെയധികം മെച്ചപ്പെട്ടതാണ്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളുമെല്ലാം കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. ഒന്നാം ഇ എം എസ് സര്‍ക്കാരിന്‍റെ കാലംമുതലുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയ സ്ത്രീസൗഹൃദ നയങ്ങളും അതിനു വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
സവര്‍ണ്ണ - അവര്‍ണ്ണ വ്യത്യാസമില്ലാതെ, ജാത്യാചാരങ്ങളുടെ പേരില്‍ നരകതുല്യ ജീവിതം നയിച്ചിരുന്ന കേരളത്തിലെ സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിച്ചത് നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും അവയെ തുടര്‍ന്നുവന്ന പുരോഗമന പ്രസ്ഥാനങ്ങളുമാണ്. ചാന്നാര്‍ ലഹളയും കല്ലുമാലാ സമരവും ഘോഷാബഹിഷ്ക്കരണവും മറക്കുട ബഹിഷ്ക്കരണവുമെല്ലാം ആ മാറ്റത്തിനു വഴിവെച്ച നാഴികക്കല്ലുകളാണ്. സമൂഹത്തിന്‍റെയാകെ വിമോചനത്തിനു ഒഴിച്ചുകൂടാനാവാത്തതാണ് സ്ത്രീകളുടെ വിമോചനം എന്ന കാഴ്ചപ്പാട് ഏതാണ്ട് ഒരു നൂറ്റാണ്ടിനുമപ്പുറം നമ്മള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
വിജ്ഞാനത്തിന്‍റെയും സാങ്കേതികവിദ്യയുടെയും അടിത്തറയില്‍ നവകേരളത്തിലേക്ക് നടത്തുന്ന വികസനകുതിപ്പില്‍ തുല്യനീതിയും ലിംഗതുല്യതയും ഉറപ്പുവരുത്തണമെന്നാണ് കാണുന്നത്. ഇത്തരമൊരു ആധുനിക സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കേരളത്തിലെ സ്ത്രീകളെ കൊണ്ടുവരാന്‍ സഹായകരമാകുന്ന നിരവധി അനുകൂല ഘടകങ്ങള്‍ ഇന്ന് നമുക്കുണ്ട്. രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ഉന്നതവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ നിലവാരം, തൊഴില്‍ വൈദഗ്ധ്യത്തിനും മെച്ചപ്പെട്ട തൊഴിലിനും വേണ്ടിയുള്ള പെണ്‍കുട്ടികളുടെ താല്പര്യം, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, കുടുംബശ്രീയിലൂടെ ഉള്‍പ്പെടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലെ വര്‍ദ്ധിച്ച സ്ത്രീപങ്കാളിത്തം തുടങ്ങി അനുകൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് നവകേരളത്തിലേക്കുള്ള മുന്നേറ്റം നമുക്ക് സാധ്യമാക്കണം', മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.












Click it and Unblock the Notifications