'ദരിദ്രയായ നാടോടി പൂക്കാരിക്ക് എന്തിനാ കറുപ്പ് നിറം?'; നടിക്കെതിരെ രൂക്ഷവിമർശനം
കൊച്ചി: ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡ്. വ്യത്യസ്തമായ ആശയങ്ങളോടെ ഫോട്ടോകളിലൂടെ കഥ പറയുന്ന തരത്തിലുള്ള കൺസപ്റ്റ് ഫോട്ടോഗ്രാഫിക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയുണ്ട്. എന്നാൽ ഇപ്പോഴിതാ 'കൺസെപ്റ്റ് ഫോട്ടോഗ്രാഫി' ചെയ്ത് കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയിരിക്കുകയാണ് നടിയും മോഡലുമായ അൻഷ മോഹൻ. തെരുവിലെ പൂക്കച്ചവടക്കാരിയാകാനായി ദേഹം മുഴുവൻ കറുപ്പിച്ചിറങ്ങിയതിനാണ് നടിക്കെതിരെ സോഷ്യൽ ലോകം രംഗത്തെത്തിയത്.

ചിത്രങ്ങൾ കടപ്പാട്- അൻഷ മോഹൻ ഇൻസ്റ്റഗ്രാം പേജ്
സ്വാതന്ത്ര്യ ദിനത്തിന്റെ പിറ്റേന്നായിരുന്നു നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. മുഖവും ദേഹവും 'കറുപ്പിച്ച്' റോസാ പൂവും പതാകയും പിടിച്ച് തെരുവിൽ ഇറങ്ങിയ താരത്തിന്റെ ഫോട്ടോ നിമിഷ നേരം കൊണ്ടായിരുന്നു വൈറലായത്.
ആളുകൾക്ക് പുറകിൽ നടന്ന് പൂ വിൽക്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ ചിത്രങ്ങളും വീഡിയോയും അൻഷയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കിട്ടിരുന്നു. ബിനു സീൻസ് ആണ് ചിത്രങ്ങൾ പകർത്തിയത്.

ഇതിന്റെ മേക്കിംഗ് വീഡിയോയും താരം പങ്കിട്ടിരുന്നു. 'ഞാൻ കണ്ട സൗന്ദര്യം തെരുവിൽ ആയിരുന്നു . ഞാൻ കണ്ട സൗന്ദര്യത്തിൽ നിഷ്കളങ്കമായ ചിരിയുണ്ടായിരുന്നു.കണ്ണുകളിൽ ആ സൗന്ദര്യം പലപ്പോഴും കാണാറുണ്ടായിരുന്നു. ഒരു കലാകാരിക്ക് ജീവിതത്തിൽ പല വേഷങ്ങൾ ചെയ്യേണ്ടിവരും , ചിലപ്പോൾ കഥാപാത്രത്തിന് അനുസരിച്ച് രൂപവും ഭാവവും മാറേണ്ടി വരും. അതിലുപരി ഒരു ചമയക്കാരന്റെ കഴിവും, ഒരു ഫോട്ടോഗ്രാഫറുടെ കഴിവും ഈ ചിത്രങ്ങളിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും',എന്ന വരികളോടെയായിരുന്നു വീഡിയോ.

എന്നാൽ ഫോട്ടോയ്ക്കും വീഡിയോയ്ക്കും താഴെ കടുത്ത വിമർശനമാണ് നടിക്കെതിരെ ഉയരുന്നത്. പൂക്കാരിയുടെ ചിത്രം പകർത്താൻ നിങ്ങളെന്തിനാണ് കറുത്ത നിറം തിരഞ്ഞെടുക്കുന്നതെന്നായിരുന്നു പലരും ഉയർത്തിയ ചോദ്യം. ഇത് ബോധപൂർവ്വമായ വംശീയ അധിക്ഷേപമായിട്ടല്ലാതെ ക്രിയേറ്റീവ് വർക്കായി കാണാൻ സാധിക്കില്ലെന്നാണ് ചിലർ പറഞ്ഞത്. ഫോട്ടോ തികച്ചും തെറ്റായ സന്ദേശം മാത്രമാണ് നൽകുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.

ചില കമന്റുകൾ ഇങ്ങനെ- 'വഴിയോര കച്ചവടക്കാർക്ക് ചർമ്മം കറുത്തതായിരിക്കണം എന്ന അജണ്ട മനോഹരം ,ഏത് ലോകത്താണ് നിങ്ങൾ ഇപ്പോഴും '. 'ഈ ഫോട്ടോഷൂട്ട് കൊണ്ട് എന്താ ഉദ്ദേശിച്ചത്? നിറം മാറ്റി ദരിദ്രയായ നാടോടി പൂക്കാരി ആയത് എന്തിനാണ്? ഇഷ്ടമുള്ള നിറം നിങ്ങൾക്ക് പെയിന്റടിക്കാം, പക്ഷെ ഒരു വിഭാഗം ജനങ്ങൾ ഈ വർണ്ണം ഉള്ളവരാണെന്ന പൊതുബോധ നിർമ്മിതി ശരിയല്ല'.

'ഇത് തീർത്തും പരിഹാസ്യം നിറഞ്ഞതാണ്. എന്താണ് ഇവർ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്? എന്ത് സന്ദേഷമാണ് ഇതിലൂടെ നൽകുന്നത്? പ്രശസ്തിക്ക് വേണ്ടി എന്തിനാണ് വംശീയമായി ആളുകളെ അധിക്ഷേപിക്കുന്നത്'. 'ഇത് തീർത്തും വിലകുറഞ്ഞ നിലവാരത്തിലുളളതായി പോയി. ദാരിദ്ര്യത്തെ പ്രതിനിധീകരിച്ച് തങ്ങൾ എന്തോ നൻമ ചെയ്യുകയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് പ്രിവിലേജ്ഡ് ആയിട്ടുള്ള ചിലർ. ഇവർക്ക് തെരുവിലെ ജീവിതങ്ങളെ കുറിച്ച് എന്തറിയാം? തികഞ്ഞ പരിഹാസമാണിത്', ഇങ്ങനെ പോകുന്നു കമന്റുകൾ.

എന്നാൽ ചിലർ നടിയുടെ മേക്കപ്പിനേയും കൺസെപ്റ്റിനേയുമെല്ലാം പുകഴ്ത്തുന്നുണ്ട്. ഇന്ത്യൻ യാഥാർത്ഥ്യത്തെ വരച്ച് കാട്ടുന്ന ശക്തമായ ആശയം എന്നായിരുന്നു ചിലരുടെ പ്രതികരണം. ഇതിന് പിന്നിലെ കഠിനാധ്വാനത്തെ കാണാതിരിക്കാൻ ആകില്ലെന്നും ചിലർ കുറിച്ചിട്ടുണ്ട്. അതേസമയം വിമർശനങ്ങളോടോ അനുകൂല പ്രതികരണങ്ങളോടെ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. കോഴിക്കോട് സ്വദേശിയാണ് മോഡല്‍ അന്‍ഷ മോഹന്‍.നാസ് നസീമിന്റേതായിരുന്നു മേക്കോവര്‍.












Click it and Unblock the Notifications