ടിനി ടോം കുറ്റവിമുക്തനായിട്ടില്ലല്ലോ, ജാമ്യമല്ലേ കിട്ടിയിട്ടുള്ളൂ; കേസ് പിന്‍വലിക്കില്ലെന്ന് അന്‍സിബ ഹസന്‍
കൊച്ചി: നടന്‍ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന കേസില്‍ നടി അന്‍സിബ ഹസന്‍ രഹസ്യ മൊഴി നല്‍കി. വൈകീട്ട് നാല് മണിയോടെയാണ് അന്‍സിബ എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. വിശദമായ മൊഴി നല്‍കിയ ശേഷം നടി മാധ്യമങ്ങളോട് സംസാരിച്ചു. കേസ് പിന്‍വലിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.
കേസ് ഇനിയെങ്കിലും ശരിയായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്‍സിബ പറഞ്ഞു. ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച കേസാണ്. കോടതി ഇടപെടലിനെ തുടര്‍ന്നാണ് ചലനമുണ്ടായത്. കേസ് പിന്‍വലിക്കാന്‍ ഇപ്പോള്‍ സമ്മര്‍ദ്ദമില്ല. ഒരു ജനാധിപത്യ രാജ്യത്ത് മതത്തിന്റെ പേരില്‍ ആരെയും മോശമായി ചിത്രീകരിക്കാന്‍ പാടില്ല. ഇത്തരം വിഷമം നേരിടുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണിത് എന്നും അന്‍സിബ പറഞ്ഞു.

കോടതി നിര്‍ദേശ പ്രകാരം കടവന്ത്ര പോലീസ് എടുത്ത കേസിലാണ് നടി രഹസ്യമൊഴി കൊടുത്തത്. ഒരു മണിക്കൂറോളം നടപടികള്‍ നീണ്ടു. കേസ് എടുക്കാന്‍ സാധിക്കുന്ന പരാതിയാണ് താന്‍ നല്‍കിയത്. എന്നിട്ടും അവര്‍ മടിച്ചു. കോടതി ഇടപെടലില്‍ പ്രതീക്ഷയുണ്ട്. ടിനി ടോമിന് ജാമ്യം ലഭിച്ചിട്ടേയുള്ളൂ. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കായിട്ടില്ലല്ലോ എന്നും അന്‍സിബ പ്രതികരിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയോടെ സംസാരിച്ചു, വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചു, മോശം പ്രചാരണം നടത്തി തുടങ്ങിയ അനവധി ആരോപണങ്ങളാണ് നടന്‍ ടിനി ടോമിനെതിരെ അന്‍സിബ ഉന്നയിച്ചിട്ടുള്ളത്. താര സംഘടനയായ അമ്മയില്‍ ആദ്യം പരാതി ഉന്നയിച്ചെങ്കിലും യാതൊരു നടപടിയും ഇല്ലാത്തതിനെ തുടര്‍ന്നാണ് അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്. അവിടെയും രക്ഷയുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.
ജിഹാദി എന്ന് വിളിച്ചു, മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് ആരോപിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണവും ടിനി ടോമിനെതിരെയുണ്ട്. എന്നാല്‍ ടിനി ടോമിന്റെ ഈ ആരോപണം തെറ്റാണ് എന്ന് മതപരിവര്‍ത്തന ശ്രമത്തിന് വിധേയരായി എന്ന് പറയുന്നവര്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ടിനി ടോം അന്‍സിബയെ മോശമാക്കി ചിത്രീകരിച്ചതില്‍ നടി നീന കുറുപ്പ് സാക്ഷിയാണെന്നും പറയപ്പെടുന്നു.
അതേസമയം, നടി ലക്ഷ്മി പ്രിയക്കെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ തുടര്‍ നടപടികളുണ്ടായിട്ടില്ല. ഒരു അഭിമുഖത്തില്‍ വളരെ മോശമാക്കി ചിത്രീകരിച്ചു എന്നാണ് ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി. കേസെടുക്കാന്‍ സാധിക്കില്ല എന്ന് പോലീസ് പറഞ്ഞിരുന്നു. തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഈ കേസിലും അന്‍സിബയുടെ തീരുമാനം. താര സംഘടനയില്‍ വര്‍ഗീയത ശക്തിപ്പെടുന്നു എന്ന ആരോപണം നടി മാലാ പാര്‍വതിയും ഉഷ ഹസീനയും മായ വിശ്വനാഥും അന്‍സിബയും നേരത്തെ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു.





Click it and Unblock the Notifications