'അവള്‍ പോയി ചാകട്ടേയെന്ന് പറഞ്ഞു, വാതില്‍ തുറന്ന് നോക്കിയില്ല': മരുമകനെതിരെ അപർണ നായരുടെ അമ്മ
തിരുവനന്തപുരം: സിനിമ-സീരിയല്‍ അപർണയുടെ നായരുടെ മരണണത്തില്‍ മരുമകനെതിരെ ഗുരുതര ആരോപണവുമായി അപർണയുടെ അമ്മ. ഭർത്താവ് സഞ്ജിത് അപർണയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് അമ്മ ബീന പറയുന്നത്. ഇരുവർക്കും ഇടയില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബീന മനോരമ ന്യൂസിനോടായി പറഞ്ഞു.
വ്യാഴാച്ച വൈകീട്ട് ഏഴു മണിയോടെയാണ് നടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.മരിക്കുന്നതിന് തൊട്ടുമുമ്പ് മകള്‍ വീഡിയോ കോള്‍ വിളിച്ച് പോവുകയാണെന്ന് പറഞ്ഞു. ഇക്കാര്യ സഞ്ജിത്തിനെ വിളിച്ച് അറിയിച്ചെങ്കില്‍ അവള്‍ പോയി ചാകട്ടെയെന്ന് പറഞ്ഞ് പുറത്ത് തന്നെ നിന്നു. പിന്നാലെ അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ബീന പറയുന്നു.

'മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്കു രണ്ടു പേർക്കും അറിയാം. മരിച്ച ദിവസം രാവിലെ ഇവിടെ വന്ന് പോയതാണ്. വൈകുന്നേരമാണ് എന്നെ വിളിച്ചിട്ട്, അമ്മേ ഞാൻ പോവുകയാണെന്നും എന്നെക്കൊണ്ടു പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു. അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടായി. ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഞാൻ അവളെ സമാധാനിപ്പിക്കും. മോളേ, സമാധാനപ്പെട്, നീ തന്നെ ഉണ്ടാക്കിയെടുത്ത ജീവിതമല്ലേ എന്നെല്ലാം പറയും.' ബീനയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അവൾക്ക് ഒരുപാട് മാനസിക വിഷമം ഉണ്ടായിരിക്കും. വീഡിയോ കോള്‍ വിളിച്ചാണ് ഞാന്‍ പോവുന്നു എന്ന് പറഞ്ഞത്. അവൾ എന്തോ ചെയ്തു എന്നാണ് തോന്നുന്നതെന്നും പോയി നോക്കാനും ഞാൻ അപ്പോൾത്തന്നെ അവനെ വിളിച്ചു പറഞ്ഞു. അവൾ അവിടെയെങ്ങാനും പോയി ചാകട്ടെ, എനിക്കു വയ്യ നോക്കാനെന്നുമായിരുന്നു അവന്‍ പറഞ്ഞത്.
അവന്‍ ഇളയ കുട്ടിയുമായി വീടിന് പുറത്ത് തന്നെ നില്‍ക്കുകയായിരുന്നു. നീ വാതിൽ ചവിട്ടിത്തുറന്ന് കയറിനോക്കാൻ ഞാൻ പറഞ്ഞെങ്കിലും ആദ്യം കേട്ടില്ല. അങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനം അര മണിക്കൂറോളം കഴിഞ്ഞാണ് നോക്കിയത്. അപ്പോഴേയ്ക്കും എന്റെ കുഞ്ഞു പോയിരുന്നുവെന്നും ബീന പറഞ്ഞു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപർണ അതിനോടകം തന്നെ മരണപ്പെട്ടിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. മേഘതീർത്ഥം എന്ന ചിത്രത്തിലൂടെ 2009 ലാണ് താരം സിനിമയിലേക്ക് ചുവടുവെക്കുന്നത്. മുദ്ദുഗൗ, മൈഥിലി വീണ്ടും വരുന്നു, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അപർണ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications