ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ നടിക്കെതിരെയും സംവിധായകന്‍ ലാലിനെതിരെയും ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതിക്കുമുന്നില്‍ പരാതി ഉന്നയിച്ചത്.
തനിക്ക് രഹസ്യമായി പരാതി പറയാനുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് അടച്ചിട്ട കോടതിമുറിയില്‍ മാര്‍ട്ടിനു പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കാന്‍ അവസരം നല്‍കുകയായിരുന്നു. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങളെല്ലാം മാര്‍ട്ടിന്‍ പിന്നീട് എഴുതി നല്‍കി.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കോടതി ഇതെല്ലാം വിചാരണക്കോടതിയുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളാണെന്ന് അറിയിച്ചു. അതേസമയം, നടിയില്‍ നിന്നും സംവിധായകന്‍ ലാലില്‍ നിന്നും വധഭീഷണിയുണ്ടെന്നുള്ള പരാതിയില്‍ വേണ്ട സുരക്ഷ നല്‍കാന്‍ നിര്‍ദേശവും നല്‍കി.
നടന്‍ ലാലും ആക്രമണത്തിനിരയായ നടിയും ഭീഷണിപ്പെടുത്തുന്നതെന്നു കോടതി നടപടികള്‍ക്കു ശേഷം പുറത്തിറങ്ങിയ മാര്‍ട്ടിന്റെ പിതാവാണ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ഥ കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവര്‍ക്കു മറുപടിയുണ്ടായില്ല.












Click it and Unblock the Notifications