ദിലീപ് കേസില്‍ എഡിജിപി സന്ധ്യ ഇടപെട്ടു; രാത്രി വൈകി യോഗം, പോലീസ് നിര്‍ണായക നീക്കത്തിന്
കുറ്റപത്രം വൈകിപ്പിച്ചതില്‍ അന്വേഷണ സംഘത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതോടെ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന ആരോപണം ഉയര്‍ന്നിരിക്കെ നീക്കങ്ങള്‍ ശക്തമാക്കി പോലീസ്. കുറ്റപത്രം വൈകിക്കേണ്ടെന്ന് ബുധനാഴ്ച രാത്രി ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗം കേസുമായി ബന്ധപ്പെട്ട നിര്‍ണായക നീക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.
പരാമവധി തെളിവുകള്‍ ഉള്‍ക്കൊള്ളിച്ച് കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. ഗുരുതരമായ വകുപ്പുകള്‍ ദിലീപിനെതിരേ ചുമത്തും. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ച് അന്വേഷണ സംഘം ചര്‍ച്ച ചെയ്തു. ജാമ്യാപേക്ഷയില്‍ വിധി പറയുംമുമ്പ് ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതും പോലീസിന്റെ തന്ത്രമാണെന്നാണ് വിവരം.

കുറ്റപത്രം വൈകിക്കില്ല
കുറ്റപത്രം ഏഴിനകം തന്നെ സമര്‍പ്പിക്കാനാണ് തീരുമാനം. ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.

മൊബൈല്‍ കണ്ടെടുക്കാന്‍
പരാമവധി തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചാകും കുറ്റപത്രം സമര്‍പ്പിക്കുക. ഇപ്പോള്‍ തന്നെ ദിലീപിനെതിരേ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. നടിയെ ആക്രമിച്ച രംഗം പകര്‍ത്തിയ മൊബൈല്‍ കണ്ടെടുക്കാന്‍ സാധിക്കാത്തതാണ് ഏക തടസം.

മൊബൈല്‍ തടസമല്ല
പക്ഷേ ഇക്കാര്യം ഒന്നുകൊണ്ട് മാത്രം കുറ്റപത്രം വൈകിപ്പിക്കില്ല. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാത്ത കാര്യം കുറ്റപത്രത്തില്‍ പറയും. കണ്ടെടുക്കുന്നതിന് തിരച്ചില്‍ നടക്കുന്നുണ്ടെന്നും സൂചിപ്പിക്കും.

എല്ലാത്തിനും വഴിയുണ്ട്
നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെ ഒരു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇനി അനുബന്ധ കുറ്റപത്രമാണ് സമര്‍പ്പിക്കുക. ഇതിന് ശേഷവും നിര്‍ണായക തെളിവ് കിട്ടിയാല്‍ വീണ്ടും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കും.

കോടതി തള്ളിയേക്കാം
പക്ഷേ, കുറ്റപത്രത്തില്‍ പിഴവില്ലാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അക്കാര്യമാണ് എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പോലീസ് യോഗം ചര്‍ച്ച ചെയ്തത്. കുറ്റപത്രത്തില്‍ പോരായ്മയുണ്ടെങ്കില്‍ കോടതി തള്ളിയേക്കാം.

വിശദമായ പരിശോധന
അത്തരമൊരു സാഹചര്യം പോലീസിന് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് വിശദമായ പരിശോധനകള്‍ക്ക് ശേഷം കുറ്റപത്രംസമര്‍പ്പിക്കാനാണ് തീരുമാനം. എന്നാല്‍ വൈകുകയുമില്ല. പബ്ലിക് പ്രോസിക്യൂട്ടറെ കുറ്റപത്രത്തിന്റെ കരട് കാണിക്കും.

ബലാല്‍സംഗം ചെയ്തുവെന്ന വകുപ്പ്
ദിലീപിനെതിരേ ഗൂഢാലോന, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ ചോദ്യം ചെയ്തവര്‍ ദിലീപിനെ സന്ദര്‍ശിക്കുന്നത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

പോലീസ് നിരീക്ഷണം
കേസ് അട്ടിമറിക്കാന്‍ ദിലീപ് എന്തെങ്കിലും ശ്രമം നടത്തുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷിക്കുന്നുന്നുണ്ട്. ജാമ്യം റദ്ദാക്കാനുള്ള മാര്‍ഗവും തേടിയിട്ടുണ്ട്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നതും ആലോചനയില്‍ വന്നു.

നാണക്കേടില്‍ നിന്ന് രക്ഷപ്പെടാം
ദിലീപിന് ജാമ്യം ലഭിച്ചത് പോലീസിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇതില്‍നിന്ന് മുഖം രക്ഷിക്കാനുള്ള നീക്കമാണ് പോലീസ് ഇപ്പോള്‍ നടത്തുക. കുറ്റപത്രം ശക്തമായാല്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

അന്വേഷണ സംഘത്തില്‍ സംഭവിക്കുന്നത്
കുറ്റപത്രം വൈകിപ്പിച്ചതില്‍ അന്വേഷണ സംഘത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കുറ്റപത്രം വേഗം സമര്‍പ്പിച്ച് ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയണമായിരുന്നുവെന്നാണ് ഒരു ഭാഗത്തിന്റെ നിലപാട്. അതേസമയം, കൃത്യമായ തെളിവ് ഇതുവരെ ലഭിച്ചില്ലെന്ന നിലപാടുള്ളവരും സംഘത്തിലുണ്ട്.

ദിലീപിന് പുതിയ അടി
അതേസമയം, കേസിലെ ഏഴാം പ്രതി കോയമ്പത്തൂര്‍ക്കാരന്‍ ചാര്‍ളി ദിലീപിനെതിരേ രഹസ്യമൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ തന്നെയാണിതെന്ന് സുനി പറഞ്ഞെന്നാണ് ചാര്‍ളിയുടെ മൊഴി. കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് സുനി ഒളിവില്‍ കഴിഞ്ഞിരുന്നത്.












Click it and Unblock the Notifications