അന്വേഷണ സംഘത്തെ പൊളിച്ചടുക്കി ദിലീപിന്റെ വാദം; സുനി പോലീസിന്റെ ദൈവം, തീരുമാനം ബുധനാഴ്ച
കുറ്റവാളിയായ പള്‍സര്‍ സുനിയുടെ വാക്കുകളാണ് പോലീസ് മുഖവിലക്കെടുക്കുന്നത്. അത് സ്വീകരിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം നടന്നു. പോലീസിന്റെ ഓരോ പാളിച്ചകളും തുറന്നുകാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാദം കേട്ട കോടതി ദിലീപിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു.
രാവിലെ പത്തരയോടെയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങിയത്. എത്രസമയം വേണമെന്ന് ഹൈക്കോടതി ചോദിച്ചു. ഒന്നര മണിക്കൂര്‍ മതിയെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ വാദം പൂര്‍ത്തിയായ ശേഷമാണ് കോടതി ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്.

ഇനി പ്രോസിക്യൂഷന്‍ വാദം
ഇപ്പോള്‍ പ്രതിഭാഗത്തിന്റെ വാദമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇനി പ്രോസിക്യൂഷന്‍ വാദം കേള്‍ക്കണം. അതിന് വേണ്ടിയാണ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയത്.

പോലീസിന്റെ വീഴ്ചകള്‍
ദിലീപിന്റെ അഭിഭാഷകന്‍ പോലീസിന്റെ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് വാദങ്ങള്‍ ഉന്നയിച്ചത്. ദിലീപിനെ വിചാരണ തടവുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും രാമന്‍പിള്ള വാദിച്ചു.

സുനിയുടെ വാക്കുകള്‍
കുറ്റവാളിയായ പള്‍സര്‍ സുനിയുടെ വാക്കുകളാണ് പോലീസ് മുഖവിലക്കെടുക്കുന്നത്. അത് സ്വീകരിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ മറ്റു നീക്കങ്ങളും സുനിയുടെ മൊഴി കണക്കിലെടുത്താണെന്നും പ്രതിഭാഗം വാദിച്ചു.

നിര്‍ണായകം
ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. ഇത്തവണ ദിലീപിന് നിര്‍ണായകമാണ്.

ഫോണ്‍ എവിടെ
നഗ്നചിത്രം പകര്‍ത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യം പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തിന്റെ വീഴ്ചയാണിതെന്നും അഡ്വ. രാമന്‍പിള്ള ബോധിപ്പിച്ചു.

കൃത്യമായ അന്വേഷണം നടന്നില്ല
നഗ്ന ചിത്രം പകര്‍ത്തിയെന്ന് പറയുന്ന സംഭവത്തില്‍ ദിലീപിന് പങ്കില്ല. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് കേസിലെ ചില പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും കൃത്യമായ അന്വേഷണം നടന്നില്ല.

എല്ലാം വെറുതെ
മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുക്കാന്‍ സാധിക്കാത്തത് പോലീന്റെ വീഴ്ചയാണ്. ഇക്കാര്യം മറുച്ചുവച്ചാണ് ദിലീപിനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും രാമന്‍ പിള്ള ചൂണ്ടിക്കാട്ടി.

കുറ്റവാളിയുടെ മൊഴി
ഒരു കുറ്റവാളിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. പള്‍സര്‍ സുനിയെ പോലീസ് ദൈവമായാണ് കാണുന്നതെന്നും രാമന്‍പിള്ള കുറ്റപ്പെടുത്തി.

അന്വേഷണം അന്തിമഘട്ടത്തില്‍
കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണം. ഇനിയും കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

തെളിവുകള്‍ കോര്‍ത്തിണക്കുന്നു
കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഒക്ടോബര്‍ ഏഴിന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. തെളിവുകള്‍ കോര്‍ത്തിണക്കുകയാണിപ്പോള്‍ അന്വേഷണ സംഘം ചെയ്യുന്നത്.

പ്രോസിക്യൂഷന്റെ വാദം മുന്‍കൂട്ടി കണ്ടു
മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണന്നുമാണ് നേരത്തെ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച തടസവാദം. ഇക്കാര്യം തന്നെയാണ് ദിലീപിന്റെ അഭിഭാഷകന്‍ ഇപ്പോള്‍ ആയുധമാക്കിയതും.

നേരത്തെ പോലീസ് ചെയ്തത്
മൊബൈലിന്റെ പേര് പറഞ്ഞ് ഇനിയും ദിലീപിന്റെ ജയില്‍വാസം നീട്ടിക്കൊണ്ടുപോകരുത്. പള്‍സര്‍ സുനിക്കെതിരായ അന്വേഷണം പോലീസ് വേഗത്തില്‍ അവസാനിപ്പിച്ചിരുന്നുവെന്നും രാമന്‍പിള്ള ചൂണ്ടിക്കാട്ടി.

57 ദിവസം മറക്കരുത്
57 ദിവസംകൊണ്ടാണ് പള്‍സര്‍ സുനിക്കെതിരായ അന്വേഷണം പോലീസ് അവസാനിപ്പിച്ചത്. 90 ദിവസം വരെ അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ പരിശോധിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നിട്ടും വേഗത്തില്‍ അന്വേഷണം തീര്‍ത്തുവെന്നും രാമന്‍പിള്ള ബോധിപ്പിച്ചു.

ഇത് പോലീസിന്റെ തന്ത്രം
പള്‍സര്‍ സുനിയുടെ കാര്യത്തിലുള്ള അന്വേഷണം വേഗത്തില്‍ അവസാനിപ്പിച്ച പോലീസ് ദിലീപിന്റെ കാര്യത്തിലുള്ള അന്വേഷണം നീട്ടിക്കൊണ്ടുപോകുകയാണ്. അതിന് മൊബൈല്‍ ഉള്‍പ്പെടെയുള്ള നിസാര കാര്യങ്ങളും ഉന്നയിക്കുന്നുവെന്നും രാമന്‍പിള്ള പറഞ്ഞു.

പ്രോസിക്യൂഷന്‍ പുതിയ വാദം ഉന്നയിക്കുമോ
ദിലീപ് മൂന്നാം തവണയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ട് തവണ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ മൊബൈല്‍ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നത്. മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ട് തവണ ജാമ്യം തേടിയപ്പോഴും പ്രോസിക്യൂഷന്‍ സമാനമായ വാദം തന്നെയാണ് ഉന്നയിച്ചിരുന്നത്.

പുതിയ തെളിവ്
പ്രോസിക്യൂഷന്‍ വാദം കോടതി ബുധനാഴ്ച കേള്‍ക്കും. അതിന് വേണ്ടിയാണ് ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചത്. കേസില്‍ ദിലീപിനെതിരേ കൂടുതല്‍ ശക്തമായ വാദം പ്രോസിക്യൂഷന്‍ ഉന്നയിക്കുമോ എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ നോക്കുന്നത്. പുതിയ തെളിവ് ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.












Click it and Unblock the Notifications