നടി ആക്രമിക്കപ്പെട്ട കേസ്; ഹൈക്കോടതിയുടെ നിർണായക ഇടപെടൽ, മെമ്മറി കാർഡ് വിളിച്ച് വരുത്തും
നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് എന്നിവ മുദ്ര വെച്ച കവറില്‍ നല്‍കാൻ കോടതി നിർദേശിച്ചു. ഇവ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാനാണ് വിചാരണ കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസില്‍ ഒരു മാസത്തിനകം വിശദമായ മറുപടി സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. എന്‍ക്വയറി റിപ്പോര്‍ട്ടും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി
നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി തുറന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മുതിർന്ന സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹർജി ഫയൽ ചെയ്തത്. മുൻപ് ജില്ലാ കോടതി നടത്തിയ എൻക്വയറി റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) രൂപീകരിച്ച് സൈബർ ഫോറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി ശാസ്ത്രീയമായ പരിശോധന നടത്തണമെന്നും ഹർജിയിൽ അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.
മെമ്മറി കാർഡിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയോ, ഹാഷ് വാല്യൂ മാറിയോ എന്ന് വിശദമായി അന്വേഷിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിന്റെ വിചാരണത്തിനിടെ മെമ്മറി കാർഡ് മൂന്ന് തവണ അനധികൃതമായി ആക്സസ് ചെയ്തതായി മുൻപ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒരു മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർ ദൃശ്യങ്ങൾ കണ്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് മതിയായ അന്വേഷണം നടത്താതെ തയ്യാറാക്കിയതാണെന്നും ഇത് തെളിവുകൾ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നുണ്ട്.
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പിന്നീട് കാണാതായെന്നാണ് എറണാകുളം കോടതിയിലെ ഒരു ഉദ്യോഗസ്ഥൻ മൊഴി നൽകിയതെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മെമ്മറി കാർഡ് മാസങ്ങളോളം ഈ ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
പ്രത്യേക കോടതിയിൽ ഉച്ചസമയത്ത് രണ്ട് തവണ മെമ്മറി കാർഡ് ഫോണിൽ ഇട്ട് പരിശോധിച്ച ശേഷം, യാത്രയ്ക്കിടെ ആ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിശദീകരണം. എന്നാൽ ഈ മൊഴിയുടെ വിശ്വാസ്യതയിൽ സംശയമുണ്ടെന്ന് അതിജീവിത പറയുന്നു.
ഫോൺ എവിടെ, എങ്ങനെ നഷ്ടമായി എന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം നടന്നിട്ടില്ലെന്നും, ഫോൺ നഷ്ടമായതായി ഉദ്യോഗസ്ഥർ എന്തുകൊണ്ട് പൊലീസിൽ പരാതി നൽകിയില്ലെന്ന കാര്യവും പരിശോധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിർണായക സാഹചര്യങ്ങൾ അന്വേഷിക്കാതെ പോയത് ഗുരുതര വീഴ്ചയാണെന്നും അതിജീവിത ഹർജിയിൽ പറഞ്ഞു.












Click it and Unblock the Notifications