ദിലീപ് തരംഗം കോടതിയിലും!! വിചാരണ വൈകില്ല; പോക്‌സോ കോടതി റെഡി, രണ്ടുമാസത്തിനകം തീരും
സ്ത്രീ പീഡന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പുതിയ നിയമ ഭേദഗതിയുണ്ട്. നിര്‍ഭയ കേസിന് ശേഷമാണ് ഈ ഭേദഗതി വന്നത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെതിരായ വിചാരണാ നടപടികള്‍ വൈകില്ലെന്ന് റിപ്പോര്‍ട്ട്. സ്ത്രീ പീഡനക്കേസുകള്‍ നിരവധി കെട്ടിക്കിടക്കുന്നതിനാല്‍ വൈകുമെന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും ദിലീപിന്റെ കേസില്‍ അതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അതിന് കാരണവുമുണ്ട്.
അടുത്തിടെ ക്രമിനല്‍ ശിക്ഷാ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയും ദിലീപ് കേസിന്റെ പ്രത്യേകതയും പരിഗണിക്കുമ്പോള്‍ വിചാരണ തീരെ വൈകില്ല. പക്ഷേ, കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ വിചാരണ ആരംഭിക്കാന്‍ സാധിക്കു. മറ്റു ചില തടസങ്ങളും ദിലീപ് കേസിലുണ്ട്. നിയമവിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഇങ്ങനെയാണ്...

പോലീസ് പറയുന്നത്
പ്രതികളെ അറസ്റ്റ് ചെയ്തു 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നതാണ് ചട്ടം. ദിലീപിന്റെ കാര്യത്തില്‍ ഈ സമയപരിധിക്ക് മുമ്പ് തന്നെ നടന് ജാമ്യം ലഭിച്ചു. ഇനി കുറ്റപത്രം വൈകിയാലും പ്രശ്‌നമില്ലെന്നാണ് പോലീസ് പറയുന്നത്.

കുറ്റപത്രത്തിന്റെ സമഗ്രത
കുറ്റപത്രത്തിന്റെ സമഗ്രതയിലാണ് അന്വേഷണ സംഘത്തിന്റെ നോട്ടം. ദിലീപിനെതിരേ പഴുതടച്ച കുറ്റപത്രം, അതാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതിന് വേണ്ടി അല്‍പ്പം വൈകിയാലും പ്രശ്‌നമില്ലെന്നാണ് പോലീസ് പറയുന്നത്.

വൈകില്ലെന്നും വൈകുമെന്നും
കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉടനെ വിചാരണ ആരംഭിക്കുമോ എന്ന കാര്യത്തില്‍ പലരും വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്. വിചാരണ വൈകില്ലെന്നും വൈകുമെന്നും അഭിപ്രായമുയരുന്നുണ്ട്. വിചാരണ വൈകില്ലെന്നാണ് പ്രബലമായ അഭിപ്രായം.

പ്രത്യേക പോക്‌സോ കോടതി
എറണാകുളത്തെ പ്രത്യേക പോക്‌സോ കോടതിയിലാണ് ദിലീപിന്റെ കേസ് പരിഗണിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. അതുകൊണ്ടുതന്നെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉടനെ വിചാരണ തുടങ്ങാന്‍ സാധിക്കും. ദിലീപിന്റെ വിധി വേഗത്തില്‍ വരികയും ചെയ്യും.

ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കിയാല്‍
എന്നാല്‍ വൈകാന്‍ ചില സാധ്യതകള്‍ കാണുന്നുണ്ട്. കുറ്റപത്രത്തിനെതിരേ പ്രതിഭാഗം ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കാന്‍ സാധ്യതയുണ്ട്. പല കേസുകളിലും ഇത്തരം ഹര്‍ജികള്‍ വരാറുമുണ്ട്.

വര്‍ഷങ്ങളോളം നീളില്ല
ഡിസ്ചാര്‍ജ് പെറ്റീഷന്‍ വന്നാല്‍ മാത്രമാണ് വിചാരണ നീളാന്‍ സാധ്യത. എന്നാല്‍പോലും മറ്റു കേസുകളെ പോലെ വിചാരണ വര്‍ഷങ്ങളോളം നീളില്ലെന്ന അഭിപ്രായമാണ് നിയമവിദഗ്ധര്‍ക്കുള്ളത്.

പുതിയ നിയമ ഭേദഗതി
അതേസമയം, സ്ത്രീ പീഡന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പുതിയ നിയമ ഭേദഗതിയുണ്ട്. നിര്‍ഭയ കേസിന് ശേഷമാണ് ഈ ഭേദഗതി വന്നത്. സിആര്‍പിസി സെക്ഷന്‍ 309ല്‍ ഭേദഗതി ചെയ്തത് ദിലീപ് കേസിനും ബാധകമാണ്.

രണ്ടുമാസത്തിനകം തീരും
ഇത്തരം കേസുകളില്‍ രണ്ടുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഭേദഗതി. രണ്ടുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കേണ്ട കേസുകളുടെ കൂട്ടത്തിലാണ് ദീലിപ് കേസും. അത്തരത്തിലുള്ള വകുപ്പുകളാണ് ദിലീപ് കേസില്‍ ചുമത്തിയിരിക്കുന്നത്.

ഉപയോഗിക്കാത്ത മാര്‍ഗം
മറ്റൊരു വഴിയുള്ളത് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതി ചീഫ് ജസ്റ്റിസും ചര്‍ച്ച ചെയ്ത് പ്രത്യേക കോടതികള്‍ സ്ഥാപിക്കാനാകും. പക്ഷേ, ഈ വ്യവസ്ഥ വ്യാപകമായി ഉപയോഗിക്കാറില്ല.

വിചാരണ നീളുമെന്ന് പറയാന്‍ കാരണം
സ്ത്രീകള്‍ ആക്രമിക്കപ്പെട്ട കേസ് നിരവധിയാണ്. ഇതെല്ലാം ഭൂരിഭാഗവും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുമാണ്. ഇതിലെല്ലാം വിചാരണ കഴിഞ്ഞാലേ ദിലീപിന്റെ കേസ് പരിഗണനക്കെത്തൂ. അപ്പോഴേക്കും മാസങ്ങള്‍ കഴിയും.

പ്രത്യേക കോടതി രൂപീകരിക്കണം
മറ്റൊരു സാധ്യത, ദിലീപ് കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിക്കുക എന്നതാണ്. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കിലേ ഇത് സാധ്യമാകു. സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടണം. എങ്കിലും ഹൈക്കോടതി അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് മറ്റൊരു നിരീക്ഷണം. കാരണം പ്രമാദമായ പല സ്ത്രീ പീഡന കേസുകളിലും കോടതി ഇക്കാര്യം തള്ളിയതാണ്.

നിര്‍ഭയ, സൗമ്യ, ജിഷ
നിര്‍ഭയ കേസിലും സൗമ്യ, ജിഷ കേസുകളിലും പ്രത്യേക കോടതി രൂപീകരിച്ചിരുന്നു. അത്തരമൊരു നീക്കം നടിയുടെ കേസിലുണ്ടാകില്ലെന്നാണ് കരുതുന്നത്. പ്രത്യേക കോടതി അംഗീകരിക്കപ്പെട്ടാന്‍ ദിലീപിന് അധികകാലം കോടതി കയറി ഇറങ്ങേണ്ടി വരില്ല. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കേസ് വര്‍ഷങ്ങളോളം നീളുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ചില നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ദിലീപിന് കോടതിയെ സമീപിക്കാം
വിചാരണ വേഗത്തില്‍ ആരംഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദിലീപിന് കോടതിയെ സമീപിക്കാം. സംശയത്തിന്റെ നിഴലില്‍ കഴിയുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദിലീപിന് വിചാരണ വേഗത്തിലാക്കാന്‍ ആവശ്യപ്പെടാന്‍ അവസരമുണ്ട്. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിക്കണം എന്നില്ല.












Click it and Unblock the Notifications