നടിയെ ആക്രമിച്ച കേസ്; രമ്യ നമ്പീശനെ വിസ്തരിച്ചു, വിചാരണ പ്രത്യേക കോടതിയിൽ!
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രമ്യാ നമ്പീശനെയും സഹോദരനെയും പ്രത്യേക വിചാരണ കോടതിയിൽ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. നടനും സംവിധായകനുമായ ലാലിനേയും കുടുംബത്തെയും കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. വിചാരണ വേളയിൽ ദിലീപും കോടതിയിൽ ഉണ്ടാകാറുണ്ട്. അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്.
കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നടിയുടെ ഭർത്താവിനെയും കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ആനാരോഗ്യം കാരണം നടിയുടെ അമ്മയുടെ വിസ്താരം മാറ്റിവെച്ചിരുന്നു. അങ്കമാലിയിലെ തട്ടുകടക്കാരനെയും കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു.

നടിയെ ആക്രമിച്ച് തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് അങ്കമാലി കുറുക്കുറ്റിയിലെ തട്ടുകടയിൽ നിന്നാണ് പ്രതികളായ പൾസർ സുനി അടക്കമുള്ളവർ ഭക്ഷണം കഴിച്ചത്. ഇതേ തുടർന്നാണ് തട്ടുകട ഉടമയെ വിസ്തരിച്ചത്. 2017 ഫെബ്രുവരി 17ന് തൃശൂരിലെ സിനിമ ലൊക്കേഷനില്‍ നിന്ന് ലാല്‍ ക്രിയേഷന്‍സ് വിട്ടുനല്‍കിയ വാഹനത്തിലാണ് നടി എറണാകുളത്തേക്ക് വന്നത്.
സുനില്‍കുമാര്‍(പള്‍സര്‍ സുനി) ഉള്‍പ്പെടെയുള്ള പ്രതികള്‍ മറ്റൊരുവാഹനത്തില്‍ എത്തി ഈ വാഹനത്തില്‍ ഇടിപ്പിച്ച ശേഷമാണ് അക്രമം നടത്തി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. കേസിൽ സിനിമാ മേഖലയിൽ നിന്നടക്കം 136 സാക്ഷികളെ ആദ്യ ഘട്ടത്തിൽ വിസ്തരിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം നടിയുടെ ക്രോസ് വിസ്താരം ആരംഭിക്കും.












Click it and Unblock the Notifications