നടിയെ ആക്രമിച്ച കേസ്; പ്രതിഭാഗത്തിന്റെ വാദം ഇന്ന്, നടക്കേണ്ടത് ദിലീപ്, മാർട്ടിൻ എന്നിവരുടെ വാദം!
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായി ദൃശ്യങ്ങൾ പകർത്തിയെന്ന കേസ് എറണാകുളം പ്രത്യേക കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. പ്രതിഭാഗത്തിന്റെ പ്രാരംഭ വാദമാണ് നടക്കുന്നത്. പ്രോസിക്യൂഷൻ വാദം നേരത്തെ തന്നെ പൂർത്തിയായിരുന്നു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിച്ച ശേഷം വാദം തുടരാമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമുള്ള പ്രതിഭാഗത്തിന്‍റെ വാദമാണ് ഇന്ന് വീണ്ടും തുടരുന്നത്. ചൊവ്വാഴ്ച വാദം പൂർത്തിയാക്കാനായാൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടി ജനുവരി ആദ്യം നടക്കും. അതേസമയം ദിലീപ് ഇന്ന് കോടതിയിൽ ഹാജരാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികൾ പരിശോധിച്ചിട്ടുണ്ട്. ദിലീപിന് പുറമെ സുനിൽകുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സന്ലകുമാർ എന്നിവർക്കായിരുന്നു കോടതി പ്രോസിക്യൂഷൻ സാന്നിധ്യത്തിൽ ദൃശ്യം പരിശോധിക്കാൻ അനുവാദം നൽകിയത്.

സാക്ഷികൾക്ക് സമൻസ് അയക്കും
സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ തയ്യാറാക്കി അവർക്ക് സമൻസ് അയക്കും. കേസ് വനിത ജഡ്ജിനു കൈമാറണമെന്ന, അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യർത്ഥന അനുവദിച്ചാണ് ഹൈക്കോടതി വനിത ജഡ്ജി ഹണി എം വർഗീസിന് കേസ് കൈമാറിയത്. കേസിലെ നിര്‍ണായക തെളിവാണ് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍. ഇതില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ നേരത്തെയുള്ള വാദം. വിശദമായ പരിശോധനയ്ക്ക് വീഡിയോ കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളി. തുടര്‍ന്നാണ് അഭിഭാഷകരുടെ സാന്നിധ്യത്തില്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയത്.

വീഡിയോ ആധികാരികമല്ലെന്ന് ദിലീപ്
നടി ആക്രമിക്കപ്പെടുന്ന വേളയില്‍ പ്രതികളില്‍ ചിലര്‍ പകര്‍ത്തിയ വീഡിയോ ആണിതെന്ന് പോലീസ് പറയുന്നു. വീഡിയോ ആധികാരികമല്ല എന്നാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ വാദം. കേസിലെ പ്രാഥമിക വാദം കേള്‍ക്കല്‍ ഈ മാസം ആദ്യത്തില്‍ നടന്നിരുന്നു. പിന്നീടാണ് പ്രതികള്‍ ദൃശ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞാഴ്ച വിവിധ ഘട്ടങ്ങളിലായി കൊച്ചിയിലെ കോടതി മുറിയില്‍ പരിശോധന നടത്തിയത്.

കേസിൽ നിന്ന് ഒഴിവാക്കണം
അതേസമയം കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ പുതിയ ഹര്‍ജി ഡിസംബര്‍ 31ന് കോടതി പരിഗണിക്കും. 2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. അതേവര്‍ഷം ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. 85 ദിവസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചു.വിചാരണ കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയാല്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാന്‍ അവസരമുണ്ട്.

എല്ലാം പറയുന്ന ഒരു ദിവസം വരും
അതേസമയം കേസുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും ഇപ്പോൾ അതിനുള്ള സമയമല്ലെനന്നും ദിലീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ തുറന്നു പറച്ചിൽ. സിനിമ എന്ന ഒറ്റ ചിന്തയുമായി മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഈ സംഭവങ്ങളൊക്കെ ഉണ്ടാകുന്നത്. ദിലീപ് ഇനി വേണ്ട എന്ന ചിലരുടെ തീരുമാനം. പക്ഷേ അപ്പോഴും ജനം എന്നെ കൈവിട്ടില്ലെന്ന് ദിലീപ് പറയുന്നു. ജയിലിൽ അനുഭവിച്ചതും വിവാദത്തെ കുറിച്ചുമെല്ലാം ഞാൻ പറയുന്ന ഒരു ദിവസം വരും. ഇപ്പോൾ പറയാൻ പാടില്ല. വിശദമായി എല്ലാം പറയാൻ ദൈവം ഒരു ദിവസം എനിക്ക് തരും. സംഭവിച്ചതെല്ലാം എന്റെ സമയദോഷമായി കാണുന്നു ഞാൻ എന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications