നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പുതിയ നീക്കം, തുടരന്വേഷണം തടയണമെന്ന് ഹർജി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ്. തുടരന്വേഷണത്തിന് എതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നും ദിലീപ് ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നും ഇത് സംബന്ധിച്ച രേഖകള്‍ വിചാരണക്കോടതിയില്‍ നിന്നും നീക്കം ചെയ്യണം എന്നും ദിലീപിന്റെ ഹര്‍ജിയിലുണ്ട്. വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് തുടരന്വേഷണം. തുടരന്വേഷണത്തിന് വേണ്ടി ഒരു മാസം അനുവദിച്ച വിചാരണക്കോടതിയുടെ നടപടി നീതീകരിക്കാനാകാത്തതാണ് എന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഈ ഒരു മാസത്തിനുളളില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുമെന്ന് കരുതുന്നില്ലെന്നും അന്വേഷണം വലിച്ച് നീട്ടാനാണ് പോലീസ് ശ്രമം എന്നും ദിലീപ് ആരോപിക്കുന്നു. തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ്. വിചാരണക്കോടതിയുടെ അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ തുടരന്വേഷണം ആരംഭിച്ചതായും ദിലീപ് പറയുന്നു. 28ന് രാത്രി പരാതി ലഭിച്ചു, 29ന് അന്വേഷണവുമായി പോലീസ് മുന്നോട്ട് പോയി. വിചാരണ വൈകിപ്പിക്കാന്‍ ഒട്ടേറെ നാടകീയ രംഗങ്ങള്‍ വിചാരണ കോടതിയില്‍ അരങ്ങേറി എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
6 മാസത്തെ സമയമാണ് തുടരന്വേഷണത്തിന് വേണ്ടി അന്വേഷണ സംഘം വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് വിചാരണ നീട്ടിക്കൊണ്ട് പോകാനുദ്ദേശിച്ച് കൊണ്ടുളളതാണ്. തന്റെ കുടുംബത്തില്‍ നിന്ന് അടക്കമുളളവരെ ഈ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് തനിക്കെതിരെ വ്യക്തി വിരോധം തീര്‍ക്കുകയാണ് എന്നും ദിലീപ് ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.












Click it and Unblock the Notifications