ദിലീപിന് പിന്നിലുറച്ച് മുൻ ഡിജിപി ആർ ശ്രീലേഖ, 'ആരേയും പേടിയില്ല, പറയുന്നവർ പറയട്ടെ'
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി പറഞ്ഞതെല്ലാം ബോധ്യമുളള കാര്യങ്ങള്‍ ആണെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. അതിജീവിത കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് ആര്‍ ശ്രീലേഖയുടെ പ്രതികരണം. താന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടെന്നും, ആരെയും പേടിയില്ലെന്നും പറയുന്നവര്‍ പറയട്ടെ എന്നും ആര്‍ ശ്രീലേഖ മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യം തന്നോട് ഒരു ഡിഐജിയാണ് പറഞ്ഞത് എന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിത ശ്രീലേഖയ്ക്ക് എതിരെ വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നേരത്തെയും ഈ കേസില്‍ ദിലീപിന് അനുകൂലമായി ശ്രീലേഖ നിലപാട് സ്വീകരിച്ചിരുന്നു. മാത്രമല്ല, ദിലീപും ശ്രീലേഖയും തമ്മിലുളള വാട്‌സ്ആപ്പ് ചാറ്റ് പുറത്ത് വന്നതും വലിയ വിവാദമായിരുന്നു. അതിന് പിറകേയാണ് കേസിലെ അന്തിമ വിചാരണ തുടങ്ങാനിരിക്കെ ആര്‍ ശ്രീലേഖ വീണ്ടും ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നത്.
അഭിമുഖത്തിലെ ആര്‍ ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെ: ദിലീപ് ഒരു സിനിമാ താരം ആയത് കൊണ്ടാണ് ഞാന്‍ പോയി കരിക്കും മെത്തയും കൊടുത്തത് എന്നുളള അപവാദം വന്നു. ദിലീപും ഞാനും തമ്മില്‍ കുറേകാലമായി ബന്ധമുണ്ടെന്നും പൈസ വാങ്ങിയെന്നും വന്നു. വാട്‌സാആപ്പ് ചാറ്റ് പോലീസ് ലീക്ക് ചെയ്തത് പുറത്ത് വന്നു. കുറേ അങ്ങനെയൊക്കെ വന്നപ്പോള്‍ ദിലീപ് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഞാന്‍ ദിലീപിന്റെ പക്ഷമാണ് എന്നും ബോധ്യം വന്നു.
ഈ കേസില്‍ ദിലീപിനെ കുടുക്കിയതാണ്. ഒരു പോലീസ് ഓഫീസര്‍ എന്ന നിലയ്ക്ക് കണ്ടെത്തിയ കാര്യങ്ങള്‍ ഏതെങ്കിലും അവസരത്തില്‍ പറയണമല്ലോ. ഈ കേസ് തീരാന്‍ പോകുന്നില്ലെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം തീര്‍ത്താല്‍ പിന്നെ ചീട്ട് കൊട്ടാരം പൊളിയുന്നത് പോലെ പൊളിയും. ഈ ചെയ്തവരെല്ലാം അത് പരമാവധി നീട്ടിക്കൊണ്ട് പോകാനേ ശ്രമിക്കൂ. ഇത് ഒരു കാലത്തും തീരാന്‍ പോകുന്നില്ല എന്ന് തോന്നിയപ്പോഴാണ് കാര്യങ്ങള്‍ പറഞ്ഞൊരു വീഡിയോ ചെയ്തത്.
അതിന് ശേഷം ശ്രീലേഖയെ ചോദ്യം ചെയ്യുമെന്നും അറസ്റ്റ് ചെയ്യും എന്നുമൊക്കെ പറഞ്ഞു. ആരും ഒന്നും ചെയ്തില്ല. കാരണം ഞാന്‍ പറഞ്ഞത് 100 ശതമാനം സത്യമാണ്. ഒരു കേസ് വന്നാല്‍ ഞാന്‍ അതിന്റെ മറുഭാഗവും നോക്കും. ഇവിടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കൂടെയാണ് ഞാന്‍ നിന്നിരുന്നത്. ജയിലില്‍ ദിലീപിനെ അവശനിലയില്‍ കാണുന്നത് വരെ. അതിന് ശേഷം മുഴുവന്‍ കാര്യങ്ങളും പഠിച്ചു.
ഒരു ഡിജിപി തന്നെ പറയുന്നു തെളിവ് കെട്ടിച്ചമച്ചതാണ് എന്ന്. അവിശ്വസനീയമാണ്. അതിന് പിറകിലുളള ആളുകള്‍ എന്താണ് ചെയ്തത് എന്നത് ഇപ്പോള്‍ വ്യക്തമാണ്. ഞാനിപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമല്ലാത്തത് കൊണ്ട് അത് പറയാനാകില്ല. അറിയുന്ന സത്യം പറയാതിരുന്നാൽ അത് അകത്തിരുന്ന് വിങ്ങിക്കൊണ്ടിരിക്കും.












Click it and Unblock the Notifications