'നടിയെ പീഡിപ്പിച്ച കേസിൽ ശ്രീലേഖയ്ക്ക് വിശ്വാസം നടനെ, രാഹുലിന് വേണ്ടിയും രക്ഷാപ്രവർത്തനം': തോമസ് ഐസക്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ കുറ്റപ്പെടുത്തി രംഗത്ത് വന്ന് വിവാദത്തിലായിരിക്കുകയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി സ്ഥാനാർത്ഥിയുമായ ആർ ശ്രീലേഖ. യുവതി എന്ത് കൊണ്ട് ഇത്ര നാൾ പരാതി നൽകിയില്ലെന്നും പ്രതിക്ക് മുങ്ങാനുളള അവസരത്തിനാണോ എന്നുമാണ് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചത്.
ഈ കുറിപ്പ് വിവാദമായതോടെ താൻ ൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രമാണെന്നും കേസെടുക്കാൻ വൈകിയതിലുളള ദുഖം മാത്രമാണുളളതെന്നും ന്യായീകരിച്ച് ശ്രീലേഖ രംഗത്ത് വന്നു.
ഇതിന് പിന്നാലെ ആർ ശ്രീലേഖയെ വിമർശിച്ച് ഡോ. ടിഎം തോമസ് ഐസക് രംഗത്ത് വന്നിരിക്കുകയാണ്. ആർ ശ്രീലേഖയുടെ അഭിപ്രായപ്രകടനം ലജ്ജാകരമാണെന്നും എന്തിന് ബിജെപി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനുവേണ്ടി രക്ഷാപ്രവർത്തനവുമായി ഇറങ്ങണമെന്നും തോമസ് ഐസക് ചോദിക്കുന്നു.

'' കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട സ്ത്രീപീഡന കേസിൽ ഇരയെ അപഹസിച്ചുകൊണ്ട് തിരുവനനന്തപുരം കോർപ്പറേഷനിൽ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ അഭിപ്രായപ്രകടനം ഏറെ ലജ്ജാകരമാണ്. എന്തിന് ബിജെപി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനുവേണ്ടി രക്ഷാപ്രവർത്തനവുമായി ഇറങ്ങണം?
"ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല? ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി? പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയിൽ സ്വർണ്ണക്കൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?"
ഇര പരാതി നൽകിയത് ദുരുദ്ദേശത്തോടെയാണെന്നാണ് അവർ ആക്ഷേപിച്ചിരിക്കുന്നത്. ആദ്യമായിട്ടല്ല ഇത്തരത്തിൽ ഹീനമായ ഒരു നിലപാട് ലൈംഗീകാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സംബന്ധിച്ച് അവർ എടുത്തിട്ടുള്ളത്. സിനിമാ നടിയെ പീഡിപ്പിച്ച കേസിൽ ഇരയേക്കാൾ അവർക്ക് വിശ്വാസം പ്രതിയായ നടനിൽ ആയിരുന്നു. ഇത്തരമൊരാളാണ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി ചിലർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അത് ബിജെപിയുടെ കാര്യം. പക്ഷേ, ശാസ്തമംഗലത്തെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാൻ അവർ യോഗ്യയാണോ?
ഞാൻ തൊട്ടടുത്ത കുറവൻകോണം വാർഡിലെ വോട്ടറാണ്. ഇന്ന് കാലത്ത് ശാസ്തമംഗലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി അമൃത, പാർടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത് കുമാറിനൊപ്പം എന്റെ ഫ്ലാറ്റിൽ വന്നിരുന്നു. 'Kerala: Another Possible World' എന്ന എന്റെ പുസ്കത്തിന്റെ കോപ്പി നൽകി വിജയം ആശംസിച്ചു.
ശാസ്തമംഗലം വാർഡിലെ മുഴുവൻ വീടുകളും ഒരു ഈസ്റ്റർ കാലത്ത് കിച്ചൺബിൻ പ്രചരിപ്പിക്കുന്നതിന് അന്ന് കൗൺസിലറായിരുന്ന ബിന്ദു ശ്രീകുമാറിനോടൊപ്പം ഞാൻ കയറിയിറങ്ങിയതിന്റെ ഓർമ്മകൾ ഇന്നുമുണ്ട്. ശാസ്തമംഗലത്തെ വോട്ടർമാരോടുള്ള എന്റെ അഭ്യർത്ഥന ഇതാണ്: "അമൃത ആയിരിക്കട്ടെ നിങ്ങളുടെ കൗൺസിലർ".












Click it and Unblock the Notifications