പൾസർ സുനി പുറത്തിറങ്ങിയാൽ ഭീഷണി, ദൃശ്യങ്ങൾ പുറത്ത് വരും, കോടതിയിൽ ശക്തമായി എതിർത്ത് അതിജീവിത
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് അതിജീവിത. ഹീനമായ കുറ്റകൃത്യമാണ് നടന്നത് എന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഭീഷണിയുണ്ടാകും എന്നും അതിജീവിത കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ സര്‍ക്കാരും കോടതിയില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാല്‍ അതിജീവിതയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വരാന്‍ സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ആശങ്ക പ്രകടിപ്പിച്ചു. 2017ല്‍ കൊച്ചിയില്‍ വെച്ചാണ് പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുളള സംഘം കാറില്‍ തട്ടിക്കൊണ്ട് പോയി അതിക്രമത്തിന് ഇരയാക്കിയത്.
ലൈംഗികാതിക്രമം മാത്രമല്ല പ്രതികള്‍ നടത്തിയത് എന്നും അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുക കൂടി ചെയ്തുവെന്നും ഇത് അതിക്രൂരമായ കുറ്റകൃത്യം ആണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് അതിജീവിത ചൂണ്ടിക്കാട്ടി. കേസില്‍ വിചാരണക്കാലയളവ് അടക്കം 8 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചുവെന്നും അതിനാല്‍ ശിക്ഷ മരവിപ്പിക്കണം എന്നുമാണ് പള്‍സര്‍ സുനി കോടതിയില്‍ അപേക്ഷിച്ചിരിക്കുന്നത്.

പള്‍സര്‍ സുനിയും സംഘവും അതിക്രമത്തിന്റെ വീഡിയോ പകര്‍ത്തിയ മൊബൈല്‍ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പുകളും ഉണ്ട്. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്ത് വരാനുളള സാധ്യതയുണ്ട് എന്ന് സര്‍ക്കാര്‍ വാദിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെവി ജയകുമാര്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. കേസ് കോടതി ഉത്തരവിനായി മാറ്റി. മുതിര്‍ന്ന അഭിഭാഷകന്‍ ശാസ്തമംഗലം അജിത്കുമാറാണ് പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായത്. സുപ്രീം കോടതി അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ അതിജീവിതയ്ക്ക് വേണ്ടി ഹാജരായി.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കം 10 പേരാണ് പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. ദിലീപ് അടക്കം മൂന്ന് പേരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. ഗുഢാലോചനക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനി അടക്കമുളള 6 പേര്‍ക്ക് 20 വര്‍ഷം കഠിന തടവും പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.













Click it and Unblock the Notifications