'നടിയോട് മോശമായി പെരുമാറിയിട്ടില്ല, ഉണ്ടായത് സീറ്റിനെ ചൊല്ലിയുള്ള തർക്കം'; തൃശൂർ സ്വദേശി മുൻകൂർ ജാമ്യം തേടി
കൊച്ചി: വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന യുവനടിയുടെ പരാതിയിൽ ആരോപണ വിധേയനായ തൃശൂർ സ്വദേശി കോടതിയിൽ മുൻകൂർ ജാമ്യം തേടി. തൃശൂർ സ്വദേശിയായ ആന്റോയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. നടിയുമായി സീറ്റിനെ ചൊല്ലിയുള്ള തർക്കം മാത്രമാണ് ഉണ്ടായതെന്നും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നുമാണ് അപേക്ഷയിൽ ഇയാൾ പറയുന്നത്.
താൻ നടിയോട് മോശമായി പെരുമാറിയിട്ടില്ല. ഏത് സാഹചര്യത്തിലാണഅ ഇത്തരമൊരു പരാതി വന്നതെന്ന് അറിയില്ലെന്നും ഇയാൾ പറയുന്നു. വിമാനം മുംബൈയിൽ നിന്നും പുറപ്പെടുന്നതിന് മുൻപേ തന്നെ തർക്കം ഉണ്ടായിരുന്നു. വിന്റോ സീറ്റിനെ ചൊല്ലിയായിരുന്നു പ്രശ്നം. ഗ്രൂപ്പ് ടിക്കറ്റിലായിരുന്നു താൻ യാത്ര ചെയ്തത്', ഇയാൾ പറയുന്നു.

പ്രശ്നം ഉണ്ടായപ്പോൾ തന്നെ എയർഹോസ്റ്റസിനോട് പരാതിപ്പെട്ടിരുന്നു. അവർ ഉടൻ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ച് , നടിക്ക് മറ്റൊരു സീറ്റ് അനുവദിച്ചുവെന്നും ഇയാൾ പറയുന്നു. മാത്രമല്ല മുംബൈയിൽ നിന്നാണ് പ്രശ്നം ഉണ്ടായെന്നതിനാൽ നെടുമ്പാശേരി പോലീസിന് ഇക്കാര്യത്തിൽ കേസ് എടുക്കാൻ സാധിക്കില്ലെന്നും ആന്റോ ഹർജിയിൽ പറയുന്നു.
ബുധനാഴ്ച രാവിലെയായിരുന്നു നടി നെടുമ്പാശേരി പോലീസിൽ പരാതി നൽകിയത്. എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിൽ നിന്നം കൊച്ചിയിലേക്ക് വരുന്നതിനിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടി പരാതിയിൽ പറഞ്ഞത്.
ആരോപണവിധേയനായ സഹയാത്രികനും താനും തമ്മിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിലായിരുന്നു ഇരുന്നത്. പിന്നീട് അയാൾ തന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരിക്കുകയായിരുന്നു. സംസാരിക്കുകയെന്ന വ്യാജേന ശരീരത്തിൽ സ്പർശിച്ചുവെന്ന് നടി ആരോപിച്ചു. ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചപ്പോൾ തന്നെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തത്.വിമാനം ഇറങ്ങിയപ്പോൾ എയർപോർട്ട് സ്റ്റാഫ് പോലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടുവെന്ന് നടി പറയുന്നു. തുടർന്ന് കൊച്ചിയിൽ ഇറങ്ങിയ ശേഷമാണ് താൻ പരാതി നൽകിയതെന്നും നി ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിരുന്നു.
പരാതിയിൽ കഴിഞ്ഞ ദിവസം നെടുമ്പാശേരി പോലീസ് കേസ് എടുക്കുകയും നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആന്റോയുടെ വീട്ടിൽ പോലീസ് കഴിഞ്ഞ ദിവസം എത്തിയിരുന്നുവെങ്കിലും ഇയാളെ കാണാൻ പോലീസിന് സാധിച്ചിട്ടില്ല. ഇയാൾ ബിസിനസുകാരനാണെന്നാണ് സൂചന. വിമാനം കയറിയപ്പോൾ തന്നെ ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നുള്ള ആരോപണങ്ങളും ഉണ്ട്. ആന്റോയുടെ ഹർജി നാളെ കോടതി പരിഗണിച്ചേക്കും.












Click it and Unblock the Notifications