തിരഞ്ഞെടുപ്പ് ഉടന്‍, ഇപ്പോഴും ശക്തം; അമ്മ പിളര്‍പ്പിലേക്കെന്ന വാര്‍ത്ത തള്ളി കുക്കു പരമേശ്വരന്‍
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പിളര്‍പ്പ് തള്ളി മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടിയുമായ കുക്കു പരമേശ്വരന്‍. അമ്മയെ പിളര്‍ത്തി ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ പോകുന്ന എന്ന വാര്‍ത്തയുടെ സത്യാവസ്ഥ തനിക്കറിയില്ല എന്നും കുക്കു പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോടായിരുന്നു കുക്കു പരമേശ്വരന്റെ പ്രതികരണം.
ഒരു സംഘടനയില്‍ നില്‍ക്കെ മറ്റൊരു സംഘടനയില്‍ പോയി യൂണിയനുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്നവര്‍ ഒരു സംഘടനയിലും ഭാഗമാകാന്‍ യോഗ്യരല്ല എന്നാണ് തന്റെ അഭിപ്രായം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം എന്നും ആരാണ് അദ്ദേഹത്തെ സമീപിച്ചത് എന്ന് വ്യക്തമാക്കണം എന്നും കുക്കു ആവശ്യപ്പെട്ടു. കുക്കുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'അമ്മയില്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനുള്ള നീക്കം നടത്തിയതായി എന്റെ അറിവില്‍ ഇല്ല. ഞാന്‍ നിലവില്‍ അമ്മയിലെ എക്‌സിക്യൂട്ടീവ് മെമ്പറോ അഡ്‌ഹോക്ക് കമ്മിറ്റി മെമ്പറോ അല്ല. ട്രേഡ് യൂണിയന്‍ ആര്‍ക്കുമുണ്ടാക്കാം. എനിക്കറിയില്ല. എനിക്ക് ഇതിനെ കുറിച്ച് കേട്ടുകേള്‍വി മാത്രമെ ഉള്ളൂ. അമ്മയില്‍ നില്‍ക്കുന്നവരാണോ ഇങ്ങനെ ഒരു അപ്രോച്ച് നടത്തിയത്. അമ്മയിലെ ആര്‍ക്കും ഇങ്ങനെ ഒരു നീക്കം നടത്തിയതായി അറിയില്ല.
അമ്മയില്‍ ഉള്ള അംഗങ്ങള്‍ അപ്പുറത്തൊരു സംഘടനയില്‍ പോയി ഞങ്ങള്‍ക്ക് ഇങ്ങനെയൊരു താല്‍പര്യം ഉണ്ട് എന്ന് പറയുകയാണെങ്കില്‍ അവര്‍ ഏത് സംഘടനയില്‍ പോയാലും അവരൊരു സംഘടനയ്ക്ക് പറ്റുന്ന ഭാരവാഹികളാണ്, അംഗങ്ങളാണ് എന്ന് ഞാന്‍ പറയില്ല. എന്തുകൊണ്ടെന്ന് വെച്ചാല്‍ നമ്മളൊരു സംഘടനയിലുള്ളപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള് ആദ്യം പറയേണ്ടത് ആ സംഘടനയ്ക്ക് അകത്താണ്.
അവിടെയാണല്ലോ ഒരു സംഘടനയുടെ ആവശ്യം മനസിലാക്കുന്നത്. അമ്മയില്‍ പറയാന്‍ അവകാശമില്ല, സ്‌പേസ് ഇല്ല എന്നൊക്കെ ആളുകള്‍ പറയുന്നുണ്ട്. അതിനോട് ഞാനൊരിക്കലും യോജിക്കുന്നില്ല. അമ്മയിലെ കാര്യങ്ങള്‍ അഡ്‌ഹോക്ക് കമ്മിറ്റിയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാ കാര്യങ്ങളും നന്നായി പോകുന്നു. സംഘടന ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്ത് മുന്നോട്ട് പോകുന്നുണ്ട്.
രണ്ട് മാസം കഴിഞ്ഞാല്‍ ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും വരും. അമ്മയ്‌ക്കൊന്നും സംഭവിച്ചിട്ടില്ല. അങ്ങനെ ഒരു തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട. ചര്‍ച്ച നടത്താന്‍ പോയിട്ടുണ്ടെങ്കില്‍ അത് നടത്തിയവര്‍ക്ക് പേര് പറയാന്‍ എന്താണ് മടി. ഞങ്ങളാണ് പോയതെന്ന് അഭിമാനത്തോടെ പറയാത്തതെന്താണ്. എന്തിനാണ് ഒളിച്ചിരിക്കുന്നത്. അമ്മയില്‍ നിന്ന് പുറത്ത് പോയി ട്രേഡ് യൂണിയന്‍ തുടങ്ങണമെന്നുണ്ടെങ്കില്‍ അവരല്ലേ പറയേണ്ടത്,'.
നേരത്തെ ട്രേഡ് യൂണിയന്‍ തുടങ്ങണം എന്ന ആവശ്യവുമായി അമ്മയിലെ അംഗങ്ങള്‍ തന്നെ സമീപിച്ചു എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. താരങ്ങളുടെ ട്രേഡ് യൂണിയന്‍ എന്ന തീരുമാനത്തെ ഒരു ഫെഡറേഷന്‍ എന്നുള്ള രീതിയില്‍ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘടന രൂപീകരിച്ചാല്‍ ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ചാണ് തന്നെ സമീപിച്ച താരങ്ങള്‍ ചോദിച്ചത് എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications