അലന്‍സിയറിനെതിരെ വീണ്ടും ആരോപണം; കൂടുതല്‍ സ്ത്രീകളോട്... മഞ്ജുവിന്റെ പിന്തുണയുണ്ടെന്ന് ദിവ്യ
കൊച്ചി: നടന്‍ അലന്‍സിയര്‍ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു രണ്ടുദിവസം മുമ്പ് യുവ നടിയുടെ വെളിപ്പെടുത്തല്‍. ആ നടി താനാണെന്ന് വ്യക്തമാക്കി ദിവ്യ ഗോപിനാഥ് ചൊവ്വാഴ്ച രംഗത്തുവന്നു. എന്നാല്‍ ദിവ്യ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണിപ്പോള്‍. അലന്‍സിയറിന്റെ ഇരകളായ കൂടുതല്‍ പേരുണ്ടെന്ന് ദിവ്യ പറയുന്നു.
ഇതുസംബന്ധിച്ച വിവരം തനിക്ക് ലഭിച്ചുവെന്നും ദിവ്യ പറഞ്ഞു. നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നടിമാരുടെ പിന്തുണ തനിക്കുണ്ടെന്നും ദിവ്യ മനോരമ ന്യൂസിനോട് പറഞ്ഞു. അലന്‍സിയര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന സൂചനകളാണ് വരുന്നത്. നടനെതിരെ നിയമനടപടി സ്വീകരിക്കാനും ആലോചനയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഒട്ടേറെ സ്ത്രീകളോട്
ആവശ്യമെങ്കില്‍ അലന്‍സിയറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ദിവ്യ ഗോപിനാഥ് പറയുന്നത്. ഒട്ടേറെ സ്ത്രീകളോട് അലന്‍സിയര്‍ മോശമായി പെരുമാറിയിട്ടുണ്ടത്രെ. ഇതുസംബന്ധിച്ച് തനിക്കറിയാമെന്നും ദിവ്യ പറയുന്നു. ഈ വിവരങ്ങള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് തനിക്കുണ്ടായ അനുഭവം പരസ്യമാക്കാന്‍ തീരുമാനിച്ചതെന്നും ദിവ്യ വെളിപ്പെടുത്തി.

മറ്റു ചില നടിമാര്‍ക്കും
മറ്റു ചില നടിമാര്‍ക്കും അലന്‍സിയറില്‍ നിന്ന മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് ദിവ്യ നല്‍കുന്ന സൂചന. പലരോടും അലന്‍സിയര്‍ സമാനമായ രീതിയില്‍ മോശമായി പെരുമാറിയിട്ടുണ്ട്. സിനിമ രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും ദിവ്യ വ്യക്തമാക്കി.

പ്രമുഖ നടിമാരുടെ പിന്തുണ
ഒരു നടനെതിരെ ആരോപണം ഉന്നയിച്ചാല്‍ ഇനിയുള്ള സിനിമാ അവസരങ്ങള്‍ നഷ്ടമാകില്ലേ എന്ന ചോദ്യത്തിനും ദിവ്യ മറുപടി നല്‍കി. അവസരങ്ങള്‍ നിഷേധിക്കുമെന്ന് കരുതുന്നില്ല. ഡബ്ല്യുസിസി അംഗങ്ങളായ നടിമാരും മഞ്ജുവാര്യരുമെല്ലാം തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ദിവ്യ പറഞ്ഞു. അതേസമയം, അലന്‍സിയര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു.

പാതി ശരിവച്ച് അലന്‍സിയര്‍
ആരോപണം പൂര്‍ണമായി തള്ളിക്കളയാന്‍ അലന്‍സിയര്‍ തയ്യാറായില്ല. സംഭവം ഭാഗികമായി അദ്ദേഹം ശരവിച്ചു. മദ്യലഹരിയില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അലന്‍സിയര്‍ പ്രതികരിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാവുമായ കെഎന്‍ ഗോപിനാഥിന്റെ മകളാണ് ദിവ്യ ഗോപിനാഥ്.

അത് ദുരദ്ദേശത്തോടെ ആയിരുന്നില്ല
സിനിമാ ചിത്രീകരണ വേളയില്‍ ദിവ്യയുടെ മുറിയില്‍ കയറിയിരുന്നു. അത് ദുരദ്ദേശത്തോടെ ആയിരുന്നില്ല. സൗഹൃദത്തിന്റെ പേരിലായിരുന്നു. മദ്യലഹരിയില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ദിവ്യ ഗോപിനാഥ് പറയുന്നത് പൂര്‍ണമായും ശരിയല്ല. ഭാഗികമായേ ശരിയുള്ളൂവെന്നും അലന്‍സിയര്‍ പറഞ്ഞു.

മാപ്പ് പറഞ്ഞിട്ടുണ്ട്
ദിവ്യയുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. അവരോട് ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. മീ ടൂ കാമ്പയിന്‍ നല്ലതാണ്. എന്നാല്‍ അത് കുടുംബങ്ങള്‍ തകര്‍ക്കാന്‍ വേണ്ടിയുള്ളതാകരുതെന്നും അലന്‍സിയര്‍ പറഞ്ഞു. ആഭാസം എന്ന സിനിമയില്‍ ദിവ്യയും അലന്‍സിയറും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇവിടെ വച്ചാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് ദിവ്യ പറയുന്നു.

മാറിലേക്ക് നോക്കി...
പ്രലോഭനങ്ങളുമായിട്ടാണ് അലന്‍സിയര്‍ ആദ്യം സമീപിച്ചത്. മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞു. മദ്യപിച്ച് മുറിയില്‍ കയറിവന്നു. പിന്നീടാണ് അതിക്രമം നടത്തിയത്. മറ്റു ചില നടിമാരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ട്. അതുകൊണ്ടാണ് പരസ്യമാക്കിയത്. അമ്മയില്‍ വിശ്വാസമില്ല. അതാണ് ഡബ്ല്യുസിസിയില്‍ പരാതി നല്‍കാന്‍ കാരണം. ശേഷമാണ് സംഭവം പരസ്യമാക്കിയതെന്നും ദിവ്യ പറയുന്നു.

മീ ടൂ കാമ്പയിന്‍
ഹോളിവുഡിലും ബോളിവുഡിലുമെല്ലാം വന്‍ കോളിളക്കം സൃഷ്ടിച്ച മീ ടൂ കാമ്പയിന്‍ രണ്ടാഴ്ച മുമ്പാണ് മലയാളത്തിലും വിവാദമുണ്ടാക്കിയത്. നടന്‍ മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത് മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എന്ന യുവതിയാണ് മുകേഷിനെതിരെ രംഗത്തുവന്നത്. തൊട്ടുപിന്നാലെയാണ് അലന്‍സിയറിനെതിരെയും ആരോപണം ഉയര്‍ന്നത്.

മുകേഷിനെതിരെ ടെസ് ജോസഫ്
നടന്‍ മുകേഷിനെ സംശയങ്ങള്‍ക്ക് നടുവിലെത്തിച്ച ടെസ് ജോസഫിനെ മലയാളികള്‍ക്ക് സുപരിചിതമല്ല. ആരോപണം ഉയര്‍ന്നതോടെയാണ് പലരും ആ പേര് കേള്‍ക്കുന്നത്. 19 വര്‍ഷം മുമ്പ് മുകേഷില്‍ നിന്നുണ്ടായ അനുഭവമമാണ് ടെസ് ജോസഫ് കഴിഞ്ഞാഴ്ച ട്വിറ്ററിലൂടെ പരസ്യമാക്കിയത്. കൊച്ചിയില്‍ ജനിച്ച് കൊല്‍ക്കത്തിയില്‍ വളര്‍ന്ന ടെസ് ജോസഫ് ഇപ്പോള്‍ മുംബൈയിലാണ്. 20ാം വയസില്‍ മുകേഷില്‍ നിന്ന മോശം അനുഭവമുണ്ടായി എന്നാണ് അവര്‍ പറഞ്ഞത്.

ചെന്നൈയിലെ ഹോട്ടലില്‍
ഡെറിക് ഒബ്രിയനൊപ്പം ജോലി ചെയ്യുന്ന വേളയില്‍ തന്നെയാണ് മുകേഷില്‍ നിന്ന് ദുരനുഭവമുണ്ടായതെന്ന് ടെസ് ജോസഫ് പറയുന്നു. ഡെറിക് നടത്തുന്ന ഒട്ടേറെ പരിപാടികളില്‍ സാങ്കേതിക സഹായിയായി ടെസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിരുന്നു കോടീശ്വരന്‍ എന്ന പരിപാടിയിലും പ്രവര്‍ത്തിച്ചത്. കോടീശ്വരന്റെ അവതാരകനായിരുന്നു മുകേഷ്. ഈ വേളയില്‍ ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് വിവാദ സംഭവം.

ആരോപണം ഇങ്ങനെ
കോടീശ്വരന്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകരിലുണ്ടായിരുന്ന ഏക വനിതയായിരുന്നു ടെസ് ജോസഫ്. ഹോട്ടലില്‍ ടെസ് താമസിച്ചിരുന്ന മുറിയിലേക്ക് മുകേഷ് നിരന്തരം വിളിക്കുകയായിരുന്നുവത്രെ. ഫോണ്‍ വിളി മണിക്കൂറുകളോളം നീണ്ടു. പിന്നീട് മുകേഷ് താമസിച്ചിരുന്ന മുറിയുടെ അടുത്തേക്ക് തന്റെ റൂം മാറ്റിയെന്നും ടെസ് ജോസഫ് ആരോപിക്കുന്നു. ഡെറക് ഒബ്രിയന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം തന്നെ നാട്ടിലേക്ക് യാത്ര തിരിച്ചുവെന്നും ടെസ് പറഞ്ഞു.












Click it and Unblock the Notifications