'അനുവാദമില്ലാതെ ചിത്രമുപയോഗിച്ചു, നടക്കുന്നത് വിദ്യാഭ്യാസ തട്ടിപ്പ്'; പരാതിയുമായി ഗായത്രി അരുണ്‍
കൊച്ചി: തന്റെ ചിത്രമുപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരെ പരാതിയുമായി നടി ഗായത്രി അരുണ്‍. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് ഗായത്രി രംഗത്തെത്തിയിരിക്കുന്നത്. ഉദ്ഘാടന ദിവസം പകര്‍ത്തിയ ചിത്രമാണ് ഈ സ്ഥാപനം തട്ടിപ്പിന് ഉപയോഗിക്കുന്നത് എന്നും ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്നും ഗായത്രി പറയുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പണം അടച്ച് മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും പറ്റിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ നിയമപരമായി മുന്നോട്ടുപോകണമെന്നും നടി ആവശ്യപ്പെട്ടു. അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് സ്ഥാപനത്തിന് നോട്ടീസയച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'വളരെ പ്രധാനപ്പെട്ട ഒരു സ്‌കാമിനെ കുറിച്ച് നിങ്ങളെ അറിയിക്കാന്‍ വേണ്ടിയിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. 2024 സെപ്തംബര്‍ 3-ാം തിയതി കൊച്ചിയിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം ഞാന്‍ ചെയ്തിരുന്നു. മറ്റ് പല പ്രമുഖരും അതിലുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായിട്ട് എനിക്ക് ഈ സ്ഥാപനത്തിനെതിരെ പല മെസേജുകളും വരുന്നുണ്ട്. അതായത് പൈസയടച്ച് പറ്റിക്കപ്പെട്ടു എന്ന് പറഞ്ഞിട്ട് പല കുട്ടികളും സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ എനിക്ക് അയച്ച് തരുന്നുണ്ട്.
എന്റെ ഫോട്ടോയാണ് എന്റെ അനുവാദമില്ലാതെ ഇവര്‍ ബിസിനസാവശ്യത്തിന് ഉപയോഗിക്കുന്നത്. ബിസിനസ് വാട്‌സാപ്പിലൊക്കെ എന്റെ ചിത്രമാണ് ഇവര്‍ പ്രൊഫൈലായിട്ട് ഉപയോഗിക്കുന്നത്. ഇത് എന്റെ അറിവോട് കൂടിയല്ല. അതുകൊണ്ട്് തന്നെ ഞാന്‍ നിയമപരമായിട്ട് അവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. ഒപ്പം എന്റെ കൂടെ അന്ന് ഉദ്ഘാടനത്തിന് പങ്കെടുത്ത കൊച്ചിയിലെ തന്നെ ഒരു പൊളിറ്റിക്കല്‍ ലീഡറിന് എല്ലാ ഡീറ്റെയ്ല്‍സും വെച്ച് പേഴ്‌സണലി അറിയിച്ചിട്ടുണ്ട്്.
അദ്ദേഹവും നടപടികള്‍ എടുത്തുകൊള്ളാം എന്ന് എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പിആര്‍ ഏജന്‍സികള്‍ വഴിയാണ് നമുക്ക് ഉദ്ഘാടനങ്ങള്‍ വരാറുള്ളത്. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടാണെങ്കില്‍ അതിന് എല്ലാ സര്‍ട്ടിഫിക്കേഷനും ഉണ്ടോ എന്ന് നമ്മള്‍ അന്വേഷിക്കും. അങ്ങനെ എല്ലാ സര്‍ട്ടിഫിക്കേഷനും ഉണ്ട് എന്ന അറിവോടെയാണ് ഞാനും ഇതിന്റെ ഉദ്ഘാടനത്തിന് പങ്കെടുത്തത്. ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിന് മുന്‍പും ശേഷവും എനിക്ക് ഇതിന്റെ ആരുമായും ഡയറക്ടായിട്ട് ബന്ധമില്ല.
എനിക്ക് ഇവരെ പേഴ്‌സണലി അറിയില്ല. ഇവര്‍ എന്റെ സമ്മതമില്ലാതെയാണ് ഉദ്ഘാടനത്തിന് എടുത്ത എന്റെ ഫോട്ടോ പബ്ലിസിറ്റിക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇത് കണ്ട പലകുഞ്ഞുങ്ങളും അവരുടെ നല്ല ഭാവി കണ്ടുകൊണ്ട് പൈസയുണ്ടാക്കി പല മാതാപിതാക്കളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ വേണ്ടി പൈസയടച്ച് പിന്നീട് ഇവരെ കോണ്‍ടാക്ട് ചെയ്യുമ്പോള്‍ ഒരു വിവരവുമില്ല. ഞാന്‍ ഇവരുടെ ഗൂഗിള്‍ അക്കൗണ്ട് നോക്കിയപ്പോള്‍ പറ്റിക്കപ്പെട്ട ഒരുപാട് ആളുകളുടെ റിവ്യൂസ് ഇതില്‍ കണ്ടു.
എന്റെ അറിവ് ശരിയാണെങ്കില്‍ ഏകദേശം 300 ഓളം കുട്ടികള്‍ ആണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. നിങ്ങള്‍ ചെയ്യേണ്ടത് എത്രയും വേഗം നിയമപരമായി മുന്നോട്ട് പോകുക എന്നതാണ്. കേരളത്തില്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന ഒരു ടീമുണ്ടെങ്കില്‍ അവരെ എത്രയും വേഗം തന്നെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക എന്നുള്ളതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം.
അതുകൊണ്ട് ഇനി സമയം ഒട്ടും തന്നെ കളയാതെ ലീഗലി തന്നെ മൂവ് ചെയ്യുക. ഇവരെ അറസ്റ്റ് ചെയ്യാനുള്ള കാര്യങ്ങളിലേക്ക് പോകുക. എന്റെ സമ്മതമില്ലാതെ ഈയൊരു തട്ടിപ്പിന് വേണ്ടി എന്റെ മുഖം ഉപയോഗിച്ചതിന് ഞാനും ലീഗലി തന്നെ മൂവ് ചെയ്തു. അവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിങ്ങളും എത്രയും പെട്ടെന്നെ ആ ഒരു കാര്യം ചെയ്യുക. ഇനിയും കൂടുതല്‍ ആളുകള്‍ ഇതില്‍പ്പെടാതിരിക്കാന്‍ വേണ്ടിയിട്ടാണ് ഈ ഒരു വീഡിയോ ചെയ്തത്.
ഇവരുടെ പേര് ഞാന്‍ മെന്‍ഷന്‍ ചെയ്യാത്തത് ലീഗലി മൂവ് ചെയ്തത് കൊണ്ടാണ്. നിയമതടസമുള്ളത് കൊണ്ട് മാത്രമാണ് ഇവരുടെ പേര് മെന്‍ഷന്‍ ചെയ്യാത്തത്,'.












Click it and Unblock the Notifications