'ഗീതു മോഹൻദാസ് ശക്ത, സത്യം ഡബ്ല്യുസിസി അറിയണം';പടവെട്ട് അണിയറ പ്രവർത്തകർ
കൊച്ചി: നടി ഗീതു മോഹൻദാസിനും ഡബ്ല്യുസിസിക്കുമെതിരെ വീണ്ടും പടവെട്ട് അണിയറ പ്രവർത്തകർ.ഗീതുമോഹൻദാസിനെതിരെ സംവിധായകൻ ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവർത്തകരും വെളിപ്പെടുത്തിയ സത്യങ്ങൾ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യുസിസി വ്യക്തമാക്കണമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ലിജുവിന്റെ ആരോപണത്തിനെതിരെ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ഡബ്ല്യുസിസിക്കെതിരേയും, തങ്ങളുടെ ഒരു അംഗത്തിനെതിരെയും ലിജു വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിച്ചെന്നും സിനിമയുടെ അണിയറ പ്രവർത്തകരെ ഓർത്താണ് പ്രതികരിക്കാതിരുന്നതെന്നുമായിരുന്നു ഡബ്ല്യുസിസി കഴിഞ്ഞ ദിിവസം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടും രംഗത്തെത്തിയത്.

കുറിപ്പ് വായിക്കാം-ഗീതുമോഹൻദാസിനെതിരെ സംവിധായകൻ ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവർത്തകരും വെളിപ്പെടുത്തിയ സത്യങ്ങൾ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം WCC വ്യക്തമാക്കണം.എന്ത് അടിസ്ഥാനത്തിലാണ് ഈ മറുപടി ഒരു സംഘടന എന്ന നിലയിൽ നിങ്ങൾ പൊതുജങ്ങളോട് പങ്കിടുന്നത്..? ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്.

ഇന്നേവരെ പടവെട്ട് സിനിമയുടെ അണിയറ പ്രെവർത്തകരെ WCC എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല. തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ല. WCC എന്ന സംഘടനയുടെ ആശയങ്ങളെയും സിനിമ മേഖലയിൽ സംഘടനയുടെ ആവശ്യകതയെയും ഞങ്ങൾ എന്നും ബഹുമാനിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ്. മറുപക്ഷമാണെന്ന് പറഞ്ഞു ചാപ്പ കുത്തി മാറ്റിനിർത്തപ്പെടുത്താൻ ശ്രമിക്കേണ്ട. അത് ഒരു ജനാതിപത്യ ബോധമില്ലായ്മയാണ്.

സംഘടന വിമര്ശനത്തിന് വിധേയമാകണം എങ്കിൽ അത് സ്വാഗതം ചെയ്യപ്പെടണം. രേവതിച്ചേച്ചിയെ പൊലുള്ള മുതിർന്ന അംഗങ്ങൾ ഇതിനുവേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. ഗീതു മോഹൻദാസിനെ പോലുള്ള ശക്തർ സംഘടനയ്ക്ക് മുകളിൽ വളരുമ്പോൾ, അവരുടെ അധികാര ദുർവിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് WCC യിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്.

വെളിപ്പെടുത്തിയ സത്യങ്ങൾ സംഘടനയ്ക്കും പൊതുജനത്തിനും ഒന്നുകൂടെ വ്യക്തമാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗീതുമോഹൻദാസ് ഒരു പുതുമുഖ സംവിധാനകനിൽ വര്ഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെയും പീഡനങ്ങളുടെയും സത്യങ്ങൾ അടങ്ങിയ പരാതി ഇവിടെ കൂട്ടിച്ചേർക്കുന്നു. ഇത് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകൾക്കും നിയമ സ്ഥാപങ്ങൾക്കും പടവെട്ടിന്റെ അണിയറ പ്രെവർത്തകർ അയച്ചിരുന്ന പരാതിയുടെ പകർപ്പാണ്.We propose to raise a revolution against the lie that the privileged has the monopoly of the truth.ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നു. സത്യം ജയിക്കട്ടെ..!', പോസ്റ്റിൽ പറയുന്നു.

ഗീതു മോഹൻദാസിനെതിരെ ഗുരുതര ആരോപണമായിരുന്നു സംവിധായകൻ ലിജു ഉയർത്തിയത്. സിനിമയുടെ സ്ക്രിപ്റ്റിൽ ചില മാറ്റങ്ങൾ വരുത്താൻ ഗീതു ആവശ്യപ്പെട്ടിരുന്നു. അത് താൻ ചെയ്യാത്തതിലുള്ള വൈരാഗ്യമാണ് വേട്ടയാടുന്നതിന് പിന്നിൽ എന്നായിരുന്നു ലിജുവിന്റെ ആരോപണം. ഡബ്ല്യുസിസിയുടെ അധികാരം ദുരുപയോഗം ചെയ്ത് തന്റെ സിനിമ ജീവിതത്തെ ഗീതു തകർക്കാൻ ശ്രമിക്കുകയാണെന്നും ലിജു ആരോപിച്ചിരുന്നു.












Click it and Unblock the Notifications