വരന്റെ ചിത്രം പങ്കുവയ്ക്കാതെ ഗ്രേസ് ആന്റണിയുടെ വിവാഹചിത്രം; ആളെ കണ്ടെത്തി ആരാധകര്‍
ആരാധകരെ ഞെട്ടിച്ച് വിവാഹ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് നടി ഗ്രേസ് ആന്റണി. വരന്റെ മുഖം കാണിക്കാതെ കൈപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഗ്രേസ് ആന്റണി പങ്കുവെച്ചത്. ശബ്ദ കോലാഹലങ്ങള്‍ ഇല്ലാതെ, ആര്‍ഭാടമില്ലാതെ, ആള്‍ക്കൂട്ടം ഇല്ലാതെ ഞങ്ങള്‍ വിവാഹിതരായി എന്നാണ് ചിത്രത്തിന് ഗ്രേസ് ആന്റണി അടിക്കുറിപ്പ് നല്‍കിയത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ് ടാഗോടെ താലിയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു.
ഗ്രേസ് ആന്റണിയുടെ വിവാഹം സംബന്ധിച്ച യാതൊരു സൂചനയും സോഷ്യല്‍ മീഡിയയ്ക്ക് ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ വിവാഹ ചിത്രം കണ്ടവര്‍ക്കെല്ലാം വലിയ ഞെട്ടല്‍ ഉണ്ടായി. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വരന്‍ ആരാണെന്ന് കണ്ടുപിടിക്കാനുള്ള ആകാംക്ഷയിലായിരുന്നു സോഷ്യല്‍ മീഡിയ. വരന്റെ പേരോ മറ്റു വിവരങ്ങളോ മുഖമോ ഒന്നും ഗ്രേസ് ആന്റണി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഗ്രേസിന്റെ മോതിരത്തില്‍ കൊത്തിയ പേര് സൂം ചെയ്ത് സോഷ്യല്‍ മീഡിയ വരന്റെ പേര് കണ്ടെത്തി.

സംഗീത സംവിധായകനായ എബി ടോം സിറിയക്കാണ് വരനെന്ന് ഫോളോവേഴ്‌സ് കണ്ടെത്തി. ഇരുവരുടെയും പ്രണയ വിവാഹമാണ്. ലളിതമായി നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗ്രേസ് ആന്റണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനു താഴെ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, രജീഷ വിജയന്‍, മാളവിക മോഹന്‍ എന്നിവര്‍ ഗ്രേസ് ആന്റണിയുടെ പോസ്റ്റിനു താഴെ ആശംസകള്‍ അര്‍പ്പിച്ചു.
അധികം വൈകാതെ ഗ്രേസിന്റെ വിവാഹ ചിത്രങ്ങളും പുറത്തുവന്നു. ഇന്ന് തുതിയൂര്‍ അവര്‍ ലേഡി ഓഫ് ഡോളര്‍സ് റോമന്‍ കത്തോലിക്ക പള്ളിയില്‍ വച്ചായിരുന്നു വിവാഹം. പരവരാകത്ത് ഹൗസില്‍ സിറിയക് തോമസിന്റെയും ഷജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കല്‍ ഹൗസില്‍ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് സ്ഥിരതാമസം.

2016-ല്‍ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ഗ്രേസ് ആന്റണി ചുരുങ്ങിയ കാലം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യ വേഷങ്ങള്‍ ചെയ്യാനുള്ള മികവ് ഉള്‍പ്പെടെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ് ഇതുവരെ ചെയ്തിട്ടുള്ളത്. തമാശ, കുമ്പളങ്ങി നൈറ്റ്‌സ്, ഹലാല്‍ ലൗ സ്റ്റോറി, അപ്പന്‍, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഗ്രേസിന് കഴിഞ്ഞിട്ടുണ്ട്.
കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദിനൊപ്പം മികച്ച പ്രകടനമാണ് ഗ്രേസ് കാഴ്ച വെച്ചത്. ഒടിടിയില്‍ റിലീസ് ചെയ്ത നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സീരീസിലെ ഗ്രേസിന്റെ വേഷവും ശ്രദ്ധേയമായിരുന്നു
കഴിഞ്ഞ ആറു വര്‍ഷമായി മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുകയാണ് വരനായ എബി. അല്‍ഫോന്‍സ് ജോസഫ്, ബേണി ഇഗ്‌നേഷ്യസ്, ഗോപി സുന്ദര്‍, ദീപക് ദേവ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുവരെ നൂറില്‍പരം സിനിമകളില്‍ സംഗീത വിഭാഗത്തില്‍ എബി പ്രവര്‍ത്തിച്ചിട്ടുണ്ട്. സെക്കന്‍ഡ് ഇന്നിങ്ങ്സ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. സകലകലാശാല, കടലാസു തോണി എന്നിവയാണ് സംഗീതം നിര്‍വഹിച്ച മറ്റ് സിനിമകള്‍. എബിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗ്രേസ് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications