നടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതല്‍ പ്രതികള്‍ കസ്റ്റഡിയില്‍,നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി...
കൊച്ചി റേഞ്ച് ഐജി, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളെ കസ്റ്റഡിയിലെടുത്തു. നടിയുടെ മുന്‍ ഡ്രൈവറടക്കമുള്ള പ്രതികളെയാണ് കസ്റ്റഡിയിലെടുത്തതെന്നും സൂചനയുണ്ട്. സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ എന്നയാളെ നേരത്തെ കേസില്‍ കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചി റേഞ്ച് ഐജി, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നടിയെ തട്ടിക്കൊണ്ടു പോകുകയും ആക്രമിക്കുകയും പിന്നീട് അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയെന്ന കേസില്‍ ആകെ ഏഴു പ്രതികളാണുള്ളതെന്ന് പോലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിനിരയായ നടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയും ഡിജിപിയും നിര്‍ദ്ദേശിച്ചിരുന്നു.

തട്ടിക്കൊണ്ടു പോയി...
വെള്ളിയാഴ്ച രാത്രി തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ അങ്കമാലിക്ക് സമീപം അത്താണിയില്‍ വെച്ചാണ് തട്ടിക്കൊണ്ടു പോയത്. നടിയുടെ കാറില്‍ സംഘത്തിന്റെ കാര്‍ ഇടിപ്പിച്ച ശേഷം, നടിയുടെ കാറില്‍ ഇവര്‍ അതിക്രമിച്ചു കയറുകയായിരുന്നു. നടിയുമായി കാറില്‍ നഗരത്തിലൂടെ കറങ്ങിയ സംഘം പിന്നീട് നടിയെയും ഡ്രൈവറെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

ചിത്രങ്ങള്‍ പകര്‍ത്തി...
കാറില്‍ സഞ്ചരിക്കുന്നതിനിടെ നടിയെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും പരാതിയുണ്ട്. ഇതിനിടയില്‍ നടിയുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയതായും പറയുന്നു. സംഘം കടന്നു കളഞ്ഞ ശേഷം മാര്‍ട്ടിനാണ് നടിയെ പ്രമുഖ സംവിധായകന്റെ വീട്ടിലെത്തിച്ചത്. എന്നാല്‍ ആദ്യം പരാതി നല്‍കാന്‍ തയ്യാറാകാതിരുന്ന നടി സംവിധായകന്‍ നിര്‍ബന്ധിച്ചതിനാലാണ് പരാതി നല്‍കിയത്.

മുന്‍ ഡ്രൈവര്‍ പള്‍സര്‍ സുനി...
സംഭവ സമയത്ത് കാറോടിച്ചിരുന്ന മാര്‍ട്ടിനും നടിയുടെ മുന്‍ ഡ്രൈവറായ പള്‍സര്‍ സുനിയുമാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. യാത്രക്കിടയില്‍ മാര്‍ട്ടിന്‍ ഫോണില്‍ നിരന്തരം എസ്എംഎസ് അയച്ചിരുന്നതായി നടിയും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പ്രതികള്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരായതിനാല്‍ സംഭവത്തിന് പിന്നില്‍ വേറെയാരുടെയെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

രഹസ്യമൊഴി രേഖപ്പെടുത്തി...
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചനകള്‍. കേസില്‍ ആകെ ഏഴ് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ ഏതാനും പ്രതികളെ നടി തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ നടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തകയും ചെയ്തു.












Click it and Unblock the Notifications