നടി കെപിഎസി ലളിത അന്തരിച്ചു,
തിരുവനന്തപുരം; നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
നാൽപത് വർഷത്തിന് മുകളിൽ നീണ്ട് നിന്ന സിനിമാ ജീവിത്തിൽ മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്. ഒട്ടനവധി പുരസ്കാരങ്ങളും കെപിഎസി ലളിതയ്ക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.

കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 ഫെബ്രുവരി 25 നായിരുന്നു ലളിത ദനിച്ചത്. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. വളരെ ചെറുപ്പത്തിൽ തന്നെ നൃത്തത്തോട് ഏറെ കമ്പം പുലർത്തിയ ലളിതയെ മാതാപിതാക്കൾ നൃത്തപഠനത്തിനായി അയച്ചിരുന്നു. അന്നത്തെ കാലത്ത് നൃത്ത പരിപാടികളിലെല്ലാം ലളിത സജീവമായി പങ്കെടുപത്തു.

ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടക രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് കെ പി എസി യിലെത്തി. അവിടെയെത്തിയപ്പോഴാണ് മഹേശ്വരി കെ പി എ സി ലളിതയാകുന്നത്. തുടക്കത്തിൽ നാടകങ്ങളിൽ ഗായികയായിരുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിലായിരുന്നു അവർ പാടിയത്.
പിന്നീട് ആണ് അഭിനയ രംഗത്ത് സജീവമാകുന്നത്.

വളരെ പെട്ടെന്ന് തന്നെ അവർ അഭിനയത്തിൽ ശ്രദ്ധനേടി. സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ,തുലാഭാരം തുടങ്ങി നിരവധി നാടകങ്ങളിൽ അവർ വേഷമിട്ടു. കൂട്ടുകുടുംബം എന്ന സിനിമയിലൂടെയായിരുന്നു ചലചിത്ര അരങ്ങേറ്റം. തോപ്പിൽ ഭാസിയുടെ നാടകമായിരുന്നു കൂട്ടുകുടുംബം. തുടർന്ന് നായികയായും സഹനടിയായും തമാശ വേഷങ്ങളിലും അമ്മ വേഷങ്ങളിലുമെല്ലാം നാല് പതിറ്റാണ്ടോളം കെ പി എസി ലളിത സിനിമയിൽ തിളങ്ങി.

1991 ൽ ഭരതന്റെ ചിത്രമായ അമരത്തിലെ കഥാപാത്രത്തിനാണ് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത്. 2000 ൽ ശാന്തം എന്ന ചിത്രത്തിലെ അഭിനയിത്തിനെ രണ്ടാം തവണയും സഹനടിയക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ചിത്രത്തിൽ എല്ലാം 'ഉളളിലൊതുക്കി ജീവിക്കുന്ന അമ്മ'യായി ലളിത നിറഞ്ഞാടി. അഭിനയിച്ച് കൊതി തീരാത്തത് പോലെയായിരുന്നു ആ ചിത്രത്തിലെ അമ്മ വേഷം എന്നായിരുന്നു ഒരിക്കൽ ലളിത ഒരു അഭിമുഖത്തിൽ ആ വേഷത്തെ കുറിച്ച് പറഞ്ഞത്.നീലപൊൻമാൻ, ആരവം, അമരം , കടിഞ്ഞൂൽ കല്യാണം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

1978 ലാണ് ഭരതനെ കെ പി എ സി ലളിത വിവാഹം കഴിക്കുന്നത്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ഏറെ സംഭവബഹുലമായിരുന്നുവെന്ന് ലളിത തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഭരതനെ വിവാഹം കഴിച്ച പിന്നാലെ ലളിത സിനിമയിൽ നിന്നും ഇടവേള എടുത്തു. പിന്നീട് കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് അവർ വീണ്ടും സിനിമയിലേക്ക് എത്തിയത്. പിന്നീട് മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ കെപിഎസി ലളിതയിലൂടെ മലയാളികള്‍ പിന്നീട് കണ്ടു.

സിപിഎമ്മിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു കെപിഎസി ലളിതയുടെ രാഷ്ട്രീയം. 2011 ലെ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ ലളിതയ്ക്ക് സ്ഥാനാർത്ഥിത്വം നൽകാൻ സിപിഎം തിരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് പ്രാദേശിക എതിർപ്പുകളെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. എന്നാൽ പിന്നീട് സംഗീത നാടക അക്കാദമിയുടെ അധ്യക്ഷയായി അവരെ നിയമിച്ചു.

ഇക്കഴിഞ്ഞ നവംബറിലാണ് ലളിതയെ കരൾ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഏറെ ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. നടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications