ബാറിൽ വെച്ച് തർക്കം, അർധരാത്രി നടുറോഡിൽ തെറിവിളിയും കയ്യാങ്കളിയും, നടി ലക്ഷ്മി മേനോനെതിരെ കേസ്, ഒളിവിൽ
കൊച്ചിയില്‍ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനും സുഹൃത്തുക്കള്‍ക്കും എതിരെ കേസ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ലക്ഷ്മി മേനോന്‍ ഒളിവിലാണെന്നാണ് വിവരം.
ബാനര്‍ജി റോഡിലെ വെലോസിറ്റി ബാറില്‍ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ക്രിമനല്‍ കേസ് പ്രതികളായ മിഥുന്‍, അനീഷ്, ആലപ്പുഴ സ്വദേശിനി സോനമോള്‍ എന്നിവരാണ് ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്നത്. ഐടി ജീവനക്കാരനായ യുവാവിന് ഒപ്പമുണ്ടായിരുന്ന യുവതിയോട് സംസാരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. ഇതിന് പിന്നാലെ സുഹൃത്തുമായി യുവാവ് ബാറില്‍ നിന്ന് പോയി.
എന്നാല്‍ ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഇവരെ കാറില്‍ പിന്തുടര്‍ന്നു. നോര്‍ത്ത് പാലത്തിന് മുകളില്‍ വെച്ച് ഇവരുടെ കാര്‍ വട്ടം വെച്ച് തടഞ്ഞു. തുടര്‍ന്ന് റോഡിലിറങ്ങിയ ലക്ഷ്മി മേനോനും കൂട്ടരും യുവാവിന് നേര്‍ക്ക് ആക്രോശിച്ചു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുവാവിന്റെ കാറിന് അകത്തേക്ക് തലയിട്ട് ഇവര്‍ ആക്രിശിക്കുന്നത് വീഡിയോയില്‍ കാണാം.

അതിന് ശേഷം യുവാവിനെ കാറില്‍ നിന്ന് വലിച്ചിറക്കി ഇവര്‍ തങ്ങളുടെ കാറില്‍ കയറ്റി കൊണ്ട് പോയി. വാഹനത്തില്‍ വെച്ച് ഇയാളെ സംഘം മര്‍ദ്ദിച്ചു. അതിന് ശേഷം പറവൂര്‍ കവലയില്‍ യുവാവിനെ ഇറക്കി വിട്ടു. എറണാകുളം നോര്‍ത്ത് പോലീസ് ആണ് 3 പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മിഥുനും അനീഷും അടിപിടി കേസുകളിലും സ്വര്‍ണം തട്ടിയെടുത്ത കേസിലും പ്രതികളാണ്.
സിനിമയിലൊക്കെ കാണുന്നത് പോലെയാണ് ലക്ഷ്മി മേനോനും കൂട്ടുകാരും തങ്ങളോട് പെരുമാറിയത് എന്ന് പരാതിക്കാരനായ യുവാവ് വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. തങ്ങൾ 4 പേരുണ്ടായിരുന്നു. തങ്ങളോട് ഇങ്ങോട്ട് വന്നാണ് പ്രശ്നം ഉണ്ടാക്കിയത്. പ്രത്യേകിച്ച് പ്രകോപനം ഒന്നും ഉണ്ടായിരുന്നില്ല. തങ്ങൾ തിരിച്ച് പോകുമ്പോൾ ഇവർ പിന്തുടർന്ന് വന്ന് കാറിന് വട്ടം വെച്ചു. നടിയെ കണ്ടപ്പോൾ തിരിച്ചറിഞ്ഞിരുന്നില്ല. അവരെല്ലാവരും അടിച്ച് പൂസായിട്ടുണ്ടായിരുന്നുവെന്നും യുവാവ് പറഞ്ഞു.
കേസെടുത്തതിന് പിന്നാലെ ലക്ഷ്മി മേനോന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നാണ് വിവരം. അതേസമയം ഐടി ജീവനക്കാരനായ യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്ന സോനമോള്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങളെ ബിയര്‍ ബോട്ടില്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നും കണ്ണിന് പരിക്ക് പറ്റി എന്നുമാണ് പരാതി. നോര്‍ത്ത് പോലീസ് ഇവരുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications