രവി പൂജാരി എന്നെഴുതിയതിൽ മലയാളി ടച്ച്; ബ്യൂട്ടി പാർലർ വെടിവെയ്പ്പിന് പിന്നാലെ നടിക്ക് വീണ്ടും ഭീഷണി
കൊച്ചി: നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെയുണ്ടായ വെടിവെയ്പ്പിൽ ദുരൂഹത തുടരുന്നു. അക്രമി സംഘം ഉപേക്ഷിച്ചു പോയ കടലാസ് തുണ്ടിൽ അധോലോക നായകൻ രവി പൂജാരിയുടെ പേരുണ്ടായതാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. രവി പൂജാരിയുടെ പേരിൽ തനിക്ക് നാലു തവണയോളം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് ലീനാ പോൾ വ്യക്തമാക്കിയിരുന്നു.
രവി പൂജാരി എന്നെഴുതി കുറിപ്പ് അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കമാണോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. കുറിപ്പിലെ എഴുത്ത് മലയാളികൾ ഹിന്ദി എഴുതുന്ന രീതിയിലാണെന്നാണ് പോലീസ് നിഗമനം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി വിദഗ്ധ സംഘത്തെക്കൊണ്ട് പരിശോധന നടത്തും. വിശദാംശങ്ങൾ ഇങ്ങനെ:

രവി പൂജാരിയുമായി ബന്ധം
നടി ലീനാ പോളിന്റെ ദി നെയില് ആര്ട്ടിസ്ട്രി എന്ന ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്. സെക്യൂരിറ്റി ജീവനക്കാരെ കണ്ട് ധൃതിയിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഇവരിലൊരാൾ വെള്ള പേപ്പറിലെഴുതിയ കുറിപ്പ് കെട്ടിടത്തിന് മുമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. അധോലോക നായകൻ രവി പൂജാരിയുടെ പേര് മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്.

ഹിന്ദി അക്ഷരങ്ങൾ
ഹിന്ദി മാതൃഭാഷയായുള്ളവർ എഴുതുന്ന രീതിയിലല്ല കുറിപ്പിൽ ര,വ,പ, ജ, തുടങ്ങിയ അക്ഷരങ്ങൾ എഴുതിയിരിക്കുന്നത് എന്ന നിഗമനത്തിലാണ് പോലീസ്. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തത വരുത്താനാണ് നീക്കം. രവി പൂജാരിയേപ്പോലെ ഒരാളുടെ സാന്നിധ്യം ഇത്തരമൊരു ആക്രമണത്തിൽ പോലീസ് സംശയിച്ചിരുന്നെങ്കിലും ലീനാ പോളിനെയും രവി പൂജാരിയേയും ബന്ധിപ്പിക്കുന്ന ചില കണ്ണികളുണ്ടെന്ന് പോലീസിന് ബോധ്യമാവുകയായിരുന്നു.

രവി പൂജാരിയും ലീനാ പോളും
നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് ലീനാ പോൾ. മുംബൈയിൽ 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ലീനാ പോളും കൂട്ടാളി സുകേശ് ചന്ദ്രശേഖറും പോലീസ് പിടിയിലായിരുന്നു. ദില്ലി ജയിലിലായ സുകേശ് ചന്ദ്രശേഖറിന് രവി പൂജാരിയുടെ സംഘത്തിൽപ്പെട്ടവർ സഹായം ചെയ്തു നൽകുന്നതായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഹവാല ഇടപാടുകൾ
സുകേശിന്റെ ഹവാല ഇടപാടുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ യുടെ ഔദ്യോഗിക രണ്ടില ചിഹ്നം കിട്ടാനായി ഉദ്യോഗസ്ഥർക്ക് 50 കോടി വാഗ്ദാനം ചെയ്ത കേസിൽ സുകേശ് വഴിയാണ് നീക്കങ്ങൾ നടന്നതെന്നാണ് സൂചന. ഈ കേസുമായി ബന്ധപ്പെട്ട് സുകേശിനെ കൊച്ചിയിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ ലീനയും സുകേശും തമ്മിൽ കണ്ടതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പൂജാരിയുടെ പേരിൽ ഭീഷണി
രവി പൂജാരിയുടേതെന്ന് പേരിൽ തനിക്ക് നാലു തവണ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി ലീന പോൾ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം അഞ്ച് കോടിയും പിന്നീട് 25 കോടിയും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് മുന്നറിയിപ്പും നൽകി. ബോളിവുഡിൽ അടക്കം രവി പൂജാരി നടത്തിയ ഇടപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. പണം നൽകാൻ വിസമ്മതിച്ചതിന്റെ തുടർച്ചയാണ് ആക്രമണം എന്നാണ് ലീന പോൾ പറയുന്നത്. ലീനയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിദേശ കോളുകൾ പരിശോധിക്കും
ഭീഷണി സന്ദേശം വിദേശത്ത് നിന്നുളള ഇന്റർനെറ്റ് കോളുകൾ വഴിയായിരുന്നുവെന്ന് ലീനാ പോൾ പറയുന്നു. ഇംഗ്ലീഷിലായിരുന്നു സംസാരം. വിദേശ കോളുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്. അധോലോക നായകൻ രവി പൂജാരി നിലവിൽ ഓസ്ട്രേലിയയിൽ ആണെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിന് മുമ്പ് റിഹേഴ്സൽ
ബ്യൂട്ടി പാർലറിലേക്ക് വെടിയുതിർത്ത രണ്ടംഗ സംഘം സംഭവത്തിന് തലേ ദിവസം പാർലറിന്റെ
പരിസരത്ത് എത്തിയിരുന്നുവെന്നാണ് വിവരം. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്നും പോലീസ് കൃത്യമായ നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന നടൻ ധർമജന്റെ ഫിഷ് സ്റ്റോളിന് മുമ്പിൽ സ്ഥാപിച്ച ക്യാമറയ്ക്ക് ദിശാമാറ്റം സംഭവിച്ചതും പോലീസ് പരിശോധിക്കുന്നുണ്ട്.

വീണ്ടും ഭീഷണി
തിങ്കളാഴ്ച ഇന്റർനെറ്റ് കോൾ വഴി വീണ്ടും ഭീഷണി സന്ദേശം ലഭിച്ചതായി നടി ലീന പോൾ പോലീസിന് മൊഴി നൽകി. പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലർ അടച്ചിടണം എന്നായിരുന്ന ഭീഷണി. ലീനയിൽ നിന്നും പോലീസ് വീണ്ടും മൊഴിയെടുത്തേക്കുമെന്നാണ് സൂചന.
രാഹുൽ ഗാന്ധി ഇസ്ലാം മതം സ്വീകരിച്ചു; സോഷ്യൽ മീഡിയിയൽ ചിത്രങ്ങളും ദൃശ്യങ്ങളും, സത്യം ഇതാണ്
നീ എന്റെ സഹോദരന്റെ മകനല്ലേ; ജ്യോതിരാദിത്യ സിന്ധ്യയെ ചേർത്തുപിടിച്ച് വസുന്ധര; മഞ്ഞുരുകുന്നു