ഈ ഹര്‍ത്താല്‍ ആവശ്യമായിരുന്നു എന്ന് തോന്നാന്‍ കാരണമുണ്ട്; നിലപാട് പറഞ്ഞ് നടി മാലാ പാര്‍വതി
കൊച്ചി: കണ്ണൂര്‍ ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകള്‍ ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളത്തില്‍ പലയിടത്തും ശക്തമാണ്. ചില ഭാഗങ്ങളില്‍ സമരം ഏശിയിട്ടില്ല. പല നഗരങ്ങളിലും സമരക്കാര്‍ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. ഹര്‍ത്താലുമായി സഹകരിക്കില്ല എന്ന് വ്യാപാരികളുടെ സംഘടന വ്യക്തമാക്കിയിരുന്നു. എങ്കിലും പല ജില്ലകളിലും മിക്ക കടകളും തുറക്കാന്‍ കഴിഞ്ഞില്ല.
ഹര്‍ത്താലിനെതിരെ ഉയര്‍ന്ന ശബ്ദങ്ങളെ ചോദ്യം ചെയ്ത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് രംഗത്തുവന്നു. ഇത് കേരളത്തില്‍ നടക്കുന്ന ആദ്യത്തെ ഹര്‍ത്താല്‍ അല്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സാധാരണ ഹര്‍ത്താല്‍ നടന്നാല്‍ ജനങ്ങള്‍ സഹകരിക്കാറുണ്ടെന്നും നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ കൂടിയായ സണ്ണി എം കപിക്കാട് ആവശ്യപ്പെട്ടു.

ഹര്‍ത്താല്‍ ഒരു സമര മാര്‍ഗമാണ് എന്ന് നടി മാലാ പാര്‍വതി പ്രതികരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിനെ സമര മാര്‍ഗമായിട്ടാണ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ദളിത് പാര്‍ട്ടികളല്ലേ, അവര്‍ എന്തു ചെയ്യാനാ എന്ന നിലയില്‍ ചിലരെങ്കിലും ഈ ഹര്‍ത്താലിനെ കണ്ടു. ഹര്‍ത്താല്‍ പ്രഖ്യാപനം വന്നാല്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കും. അങ്ങനെ ഒന്നും ഇവിടെ എടുക്കാത്തത് എന്തുകൊണ്ടായിരിക്കുമെന്നും മാല പാര്‍വതി ചോദിച്ചു.
മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഹര്‍ത്താല്‍ ഒരു സമരമാര്‍ഗ്ഗമായി, ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍, എക്കാലത്തും സ്വീകരിച്ചിട്ടുണ്ട്. 'ദളിത് പാര്‍ട്ടകളല്ലേ.. അവര് എന്ത് ചെയ്യാനാ' എന്ന നിലയില്‍, ചിലരെങ്കിലും, ഇന്നത്തെ ഹര്‍ത്താലിനെ കണ്ടു. സാധാരണ ഹര്‍ത്താല്‍ പ്രഖ്യാപനം വന്നാല്‍, മുന്‍ കരുതലുകള്‍ എടുക്കാറുണ്ട്. എന്താ ചെയ്യേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.അങ്ങനെ ഒന്നും ഇവിടെ ഉണ്ടാകാത്തത് എന്ത് കൊണ്ടായിരിക്കും?
നിധിന്‍ രാജിന്റെ മരണം ചിലരുടെ മാത്രം ദു:ഖമാണ് എന്ന് തെളിയിക്കുന്ന പ്രതികരണമാണ് പലരിലും കണ്ടത്. സമരത്തിനും അയിത്തം കല്പിച്ച്.. പല ജാതി കോമരങ്ങളുടെയും പ്രതികരണം കണ്ടു. സമരം ഒരു പ്രതിഷേധ മുറയാണ്.അത് കേരളത്തില്‍ നടന്ന ആദ്യ സംഭവം എന്ന നിലയ്ക്കുള്ള വിചാരണകളോട് യോജിപ്പില്ല. നിധിന്റെ മരണം ഒരു ഗൗരവമായ പ്രശ്‌നമാണ്. ഇന്‍സ്റ്റിറ്റിയൂഷനുകളിലും, മറ്റ് പല ഇടങ്ങളില്‍, ഇക്കാലത്തും വംശീയ അധിക്ഷേപം നടക്കുന്നുണ്ട് എന്നതും ഉറക്കെ പറയേണ്ട കാര്യമാണ്!
നിധിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നത് ആര്‍ക്കും ഒരു പ്രശ്‌നമല്ലാത്തത് പോലെ! വംശീയതയുടെ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, കേരളം മുന്നോട്ടാണ് പോകുന്നത് എന്ന് തോന്നുന്നില്ല. ഈ ഹര്‍ത്താല്‍ അവശ്യമായിരുന്നു എന്ന് തോന്നാന്‍ കാരണവുമതാണ്''- മാലാ പാര്‍വതിയുടെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.















Click it and Unblock the Notifications