'ലഹരി ഉപയോഗിക്കാത്തവരില്‍ നിന്നും പ്രശ്‌നങ്ങളുണ്ടാകാറുണ്ട്'; തുറന്നുപറഞ്ഞ് മംമ്ത മോഹന്‍ദാസ്
ദുബായ്: കഴിഞ്ഞ കുറച്ച് കാലങ്ങളായി സിനിമ ലോകത്തെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ചില താരങ്ങള്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇതിന് പ്രധാനകാരണം. സിനിമ മേഖലയില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നുണ്ടെന്നും ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്ന് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അമ്മ സംഘടനയുടെ കൈവശമുണ്ടെന്നും ചില താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ലഹരി ഉപയോഗിക്കാത്ത സിനിമ പ്രവര്‍ത്തകരില്‍ നിന്നും പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്ന് മംമ്ത പറഞ്ഞു. വി കെ പ്രകാശ് സംവിധാനം ചെയ്ത പുതിയ ചിത്രം ലൈവിന്റെ പ്രചാരണത്തിന് ദുബായില്‍ എത്തിയപ്പോഴായിരുന്നു താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

'കുടുംബ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ പല അഭിനേതാക്കളെയും ബാധിക്കാറുണ്ട്. മിക്കവരും പ്രഫഷണലുകളായതിനാല്‍ അവരില്‍ നിന്ന് മികച്ച പ്രകടനം ലഭിക്കാന്‍ പലപ്പോഴും റീട്ടേക്കുകള്‍ എടുക്കേണ്ട സാഹചര്യം വരുന്നു. ഇത്തരം സമയങ്ങളില്‍ കൂടെ അഭിനയിക്കുന്നവര്‍ പരമാവധി പിന്തുണ നല്‍കാന്‍ ശ്രമിക്കാറുണ്ട്'- മംമ്ത മോഹന്‍ദാസ് പറഞ്ഞു.
മംമ്തയെ കൂടാതെ ലഹരി ഉപയോഗത്തെ കുറിച്ച് നടി പ്രിയ വാര്യരും രംഗത്തെത്തി. കൂടെ അഭിനയിക്കുന്ന താരങ്ങള്‍ ലഹരി അടിമകളാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാറില്ലെന്ന് പ്രിയ വാര്യര്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് ആരുടെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. സഹ നടീനടന്മാരുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കാറില്ലെന്നും ഉറക്കമില്ലായ്മ ഭക്ഷണ കാര്യം ഇതൊക്കെയാണ് പലരെയും ബാധിക്കുന്ന പ്രശ്‌നമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് പ്രിയ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ ഷൈന്‍ ടോം ചാക്കോയും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളോട് രൂക്ഷമായാണ് ഷൈന്‍ ടോം ചാക്കോ ഇതിനോട് പ്രതികരിച്ചത്. മയക്കുമരുന്ന് കണ്ടുപിടിച്ചത് സിനിമാക്കാരാണോ എന്ന ചോദ്യമാണ് ഷൈന്‍ ടോം ചാക്കോ ചോദിച്ചത്. മയക്കുമരുന്ന് ലോകത്തിന്റെ തുടക്കം മുതലേ ഇവിടുള്ളതാണെന്നും ഇപ്പോഴുള്ള ചെറുപ്പക്കാരോ സിനിമക്കാരോ അല്ല ഇതിവിടെ എത്തിക്കുന്നതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു.
'ഈ ഡ്രഗ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ തുടക്കം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാരാണോ. അത് സിനിമാക്കാരാണോ, അങ്ങനെ പറയുന്ന ആള്‍ക്കാരോട് നിങ്ങള്‍ ചോദിക്കണം. ഇപ്പോഴത്തെ സിനിമക്കാരോ ചെറുപ്പക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്നു കിട്ടുന്നു എന്ന് മാതാപിതാക്കള്‍ ചോദിക്കണം'- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.












Click it and Unblock the Notifications