ഉമ തോമസിനെ കാണാനെത്തി മഞ്ജു വാര്യര്‍; 'ഈ സ്നേഹത്തിനും കരുതലിനും ഹൃദയത്തില്‍ നിന്ന് നന്ദി'
കൊച്ചി: ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് നടി മഞ്ജു വാര്യര്‍. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഡിസംബറില്‍ നടന്ന നൃത്ത പരിപാടിക്കിടെ താല്‍ക്കാലിക സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുകയാണ് ഉമ തോമസ്. വെള്ളിയാഴ്ച്ച ഉമ തോമസിന്റെ പാലാരിവട്ടത്തെ വീട്ടിലെത്തിയാണ് മഞ്ജു വാര്യര്‍ സന്ദര്‍ശിച്ചത്. മഞ്ജു വാര്യര്‍ സന്ദര്‍ശിക്കുന്നതിന്റെ ഫോട്ടോ എംഎല്‍എ തന്നെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീട്ടിലെത്തി ഉമ തോമസിനെ ആലിംഗനം ചെയ്താണ് മഞ്ജു സുഖവിവരങ്ങള്‍ അന്വേഷിച്ചത്. മുഖത്ത് പരിക്കേറ്റ ഭാഗത്ത് നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് ഉമ തോമസ് മഞ്ജു വാര്യരോട് പറയുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോയില്‍ കാണാം. ചികിത്സയെക്കുറിച്ചും മഞ്ജു ചോദിച്ചു മനസിലാക്കുന്നുണ്ട്. മഞ്ജു സന്ദര്‍ശിച്ചതില്‍ വലിയ സന്തോഷമാണ് ഉമ തോമസ് പങ്കുവെച്ചത്. അതിനോടൊപ്പം ഹൃദ്യമായ കുറിപ്പും എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

മഞ്ജു വാര്യറെ ടാഗ് ചെയ്തുള്ള ഉമ തോമസിന്റെ കുറിപ്പ് ഇങ്ങനെ:
അപ്രതീക്ഷിതമായൊരു ദുരന്തം ഏറ്റുവാങ്ങിയ ഈ ദിവസങ്ങളില്‍, നിങ്ങളുടെ പ്രാര്‍ത്ഥനകളും സ്‌നേഹവും ആശംസകളും ആയിരുന്നു എനിക്ക് ഏറ്റവും വലിയ കരുത്ത്...
ജീവിതം ഒരു നിമിഷം കൊണ്ടു മാറ്റിമറിക്കുമെന്ന തിരിച്ചറിവിലും, അതിനെ അതിജീവിക്കാനുള്ള കരുത്തിലും ഒരുപാട് മനുഷ്യരെ കാണുമ്പോള്‍ മനസ്സ് നിറയും....
മഞ്ജു ഇന്ന് എന്നെ കാണാന്‍ എത്തിയത് അത്രയും മനോഹരമായ ഒരു അനുഭവമായിരുന്നു...
ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍, മഞ്ജു നിരന്തരം വിളിച്ച് എന്റെ മക്കളോടും സ്റ്റാഫിനോടും വിവരങ്ങള്‍ ചോദിച്ചറിയാറുണ്ടായിരുന്നു..
ജീവിതം ഓരോ പരീക്ഷണങ്ങള്‍ നമ്മുക്ക് മുന്നില്‍ കൊണ്ടുവരുമ്പോഴും, പരസ്പരം കരുതുന്ന നല്ല മനസുകള്‍ ഉണ്ടെങ്കില്‍ അതിജീവിക്കാന്‍ എളുപ്പമാകും..
മഞ്ജുവിന്റെ ഈ സന്ദര്‍ശനം എന്റെ ഹൃദയത്തില്‍ ഒരിക്കലും മായാത്ത ഒരു ഓര്‍മയായുണ്ടാകും..
ഈ സ്നേഹത്തിനും കരുതലിനും ഹൃദയത്തില്‍ നിന്ന് നന്ദി..
നേരത്തെ മോഹന്‍ലാലും ഉമാ തോമസിനെ സന്ദര്‍ശിച്ചിരുന്നു. ഉമാ തോമസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അപകടവാര്‍ത്ത അറിഞ്ഞപ്പോള്‍ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി എന്നും ഉമ തോമസ് പറഞ്ഞിരുന്നു.
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 12,000ത്തോളം നര്‍ത്തകികള്‍ പങ്കെടുത്ത പരിപാടി എം.എല്‍.എ സ്റ്റേജില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിലൂടെ വലിയ വിവാദമായിരുന്നു. മൃദംഗ വിഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഉമ തോമസ് 45 ദിവസമാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞത്. എംഎല്‍എയുടേത് അദ്ഭുതകരമായ രക്ഷപ്പെടലാണെന്ന് ഡോക്ടര്‍മാര്‍ പോലും പറഞ്ഞിരുന്നു. ശ്വാസകോശത്തിനും തലച്ചോറിനുമായിരുന്നു ഗുരുതര പരിക്ക്. മൂന്ന് മാസത്തെ വിശ്രമവും തുടര്‍ ചികിത്സയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications