'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'; വിവാദങ്ങൾക്കിടെ നവ്യ നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്; ചർച്ച
കൊച്ചി: ഐ ആർ എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇ ഡി ചോദ്യം ചെയ്തതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നടി നവ്യാ നായർ. സച്ചിൻ സാവന്ത് നവ്യയ്ക്ക് വിലകൂടിയ സമ്മാനങ്ങളും സ്വർണാഭരണങ്ങളും വാങ്ങി എന്നാണ് ഇ ഡി പറയുന്നത്. ഈ വിവാദങ്ങൾക്കിടെയാണ് നവ്യയുടെ പോസ്റ്റ്..
നൃത്തത്തെക്കുറിച്ചുള്ള റൂമിയുടെ വരികളാണ് ഡാൻസ് വീഡിയോയ്ക്കൊപ്പം നവ്യ പങ്കുവെച്ചത്. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടേ എന്ന ഹാഷ്ടാഗോടെയാണ് നവ്യയുടെ പോസ്റ്റ്.

'നിങ്ങൾ തകർന്നിരിക്കുമ്പോൾ വിടർന്ന് നൃത്തം ചെയ്യൂ. നൃത്തം ചെയ്യൂ, മുറിവുകളിലെ തുന്നിക്കെട്ടുകൾ വലിച്ചുകെട്ടുമ്പോൾ. പോർമധ്യത്തിലും നൃത്തം ചെയ്യൂ. നിങ്ങളുടെ രക്തം കൊണ്ട് നൃത്തം ചെയ്യൂ' എന്ന ഉദ്ധരിണിയാണ് നവ്യ കുറിച്ചത്.
ഈ വർഷം ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സച്ചിൻ സാവന്ത് അറസ്റ്റിലായത്. സർക്കാർ സർവീസിലിരിക്കെ വരുമാനം സ്രോതസ്സുകൾക്ക് ആനുപതികമല്ലാത്തവിധം 2. 46 കോടി രൂപയുടെ സ്വത്ത് സമ്പദിച്ചതിന് സാവന്തിനും കുടുംബാംഗങ്ങൾക്കും എതിരെയുള്ള സി ബി ഐയുടെ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് സാവന്തിന്റെ പേരിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ ഡി അന്വേഷിക്കുന്നത്.
കുറ്റപത്രത്തിന്റെ ഭാഗമായി നവ്യാ നായരുടെ മൊഴി പ്രത്യേക ഇ ഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇ ഡി അന്വേഷണത്തിൽ സാവന്ത്, നവ്യാ നായർക്ക് ആഭരണങ്ങൾ ഉൾപ്പെടെ ചില സമ്മാനങ്ങൾ നൽകിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രമാണ് സച്ചിനെ പരിചയമെന്നും സുഹൃത്ത് എന്ന രീതിയിലാണ് സമ്മാനങ്ങൾ കൈപ്പറ്റിയതെന്നും നവ്യ നായർ പറഞ്ഞതായി കുറ്റപത്രത്തിൽ ഉണ്ട്.
സൗഹൃദത്തിന്റെ അടയാളമായി സച്ചിൻ തനിക്ക് ചില ആഭരണങ്ങൾ സമ്മാനിച്ചതായി നവ്യ തന്റെ മൊഴിയില്‍ പറഞ്ഞതായാണ് വിവരം. സച്ചിൻ സാവന്തിന് ഗുരുവായൂർ ദർശനത്തിന് സൗകര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട് എന്നും മറ്റ് ബന്ധങ്ങളോ സൗഹൃദമോ ഇല്ലെന്നാണ് നവ്യ പറഞ്ഞത് . കുഞ്ഞിന്റെ ജന്മദിനത്തിന് സച്ചിൻ സമ്മാനം നൽകിയിട്ടുണ്ട്. താൻ ഉപഹാരങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങൾ ഇ ഡി യെ അറിയിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.
2011 ൽ സാവന്തിന്റെ കുടംബത്തിന്റെ ആകെ ആസ്ത്കി 1.5 ലക്ഷം രൂപയായിരുന്നു 2022 ൽ ഇത് 2.1 കോടിയായി ഉയർന്നു. ഈ കേസിൽ സാവന്തിനെതിരെ അഴിമതി പരാതി ലഭിച്ചിരുന്നു, ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനത്തിന് സി ബി ഐ കേസ് രജിസറ്റ്ർ ചെയ്തത്.












Click it and Unblock the Notifications