'നടി നിമിഷ സജയൻ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചു, അമ്മ കുറ്റം സമ്മതിച്ചു'; രേഖകളുമായി സന്ദീപ് വാര്യർ
കൊച്ചി: നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയെന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്. നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ ഹാജരായി കുറ്റം സമ്മതിച്ചതാണെന്നും കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

'പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു . വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു' .

'എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു '.

'സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ . സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് . ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ',, സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

ചില ന്യൂജനറേഷൻ താരങ്ങൾ നികുതി വെട്ടിപ്പ് നടത്തുന്നുണടെന്ന് തെളിയുക്കുന്ന രേഖകൾ ആണ് താൻ പുറത്തുവിട്ടത്. സംസ്ഥാന ജി എസ് ടി വകുപ്പാണ് വെട്ടിപ്പ് കണ്ടെത്തിയത്. വലിയ വായിൽ പ്രസ്താവന നടത്തുന്നവർ രാജ്യത്തെ തന്നെ കബിളിപ്പിക്കുകയാണെന്ന് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications