നടി പാര്‍വതി രതീഷ് വിവാഹിതയായി; പാര്‍വതിയുടെ കരംപിടിച്ചത് കോഴിക്കോട് സ്വദേശി മിലു
നടി പാര്‍വതി രതീഷ് വിവാഹിതയായി; പാര്‍വതിയുടെ കരംപിടിച്ചത് കോഴിക്കോട് സ്വദേശി മിലു
കോഴിക്കോട്: യുവനടിയും നടന്‍ രതീഷിന്റെ മകളുമായ പാര്‍വതി രതീഷ് വിവാഹിതയായി. ദുബായ് എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ കോഴിക്കോട് സ്വദേശി മിലുവാണ് പാര്‍വതിക്ക് താലി ചാര്‍ത്തിയത്. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സിലായിരുന്നു വിവാഹ ചടങ്ങുകള്‍.
സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 10നും 15നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടന്നത്. രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ നിയന്ത്രിച്ചത് നിര്‍മ്മാതാവ് സുരേഷ് കുമാറും ഭാര്യയും നടിയുമായ മേനക സുരേഷുമായിരുന്നു. സുരേഷ്‌കുമാറാണ് അച്ഛന്റെ സ്ഥാനത്തു നിന്ന് പാര്‍വതിയെ മിലുവിന് കൈപിടിച്ച് ഏല്‍പ്പിച്ചത്. നടന്‍ സുരേഷ് ഗോപി, ജലജ, വിധുബാല, സുരാജ് വെഞ്ഞാറമൂട്, സൂധീഷ്്, ലിബര്‍ട്ടി ബഷീര്‍, നവാസ് തുടങ്ങി നിരവധി പേരാണ് ചടങ്ങിനെത്തിയത്. സുരേഷ് ഗോപി കുടുംബ സമേതമാണ് എത്തിയത്.

അച്ഛന്റെ പാത പിന്‍തുടര്‍ന്ന് സിനിമയിലേക്കെത്തിയ പാര്‍വതി കുഞ്ചോക്കോ ബോബന്‍ നായകനായ മധുര നാരങ്ങയിലാണ് ആദ്യം നായികയായി എത്തിയത്. ലെച്ച്മിയാണ് പാര്‍വതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിവാഹത്തിനു ശേഷവും അഭിനയം തുടരുമെന്നാണ് പാര്‍വതി പറഞ്ഞത്. രതീഷിന്റെ മറ്റ് മക്കളായ പദ്മരാജ് രതീഷും പ്രണവ് രതീഷും സിനിമയിലുണ്ട്. മറ്റൊരു മകളായപത്മ നേരത്തെ വിവാഹിതയായിരുന്നു. പത്മയുടെ വിവാഹം നടത്തിയതും സിനിമ മേഖലയിലുളളവര്‍ തന്നെയായിരുന്നു.
രതീഷിന്റെ അകാല മരണത്തിനു പിന്നാലെ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് രതീഷിന്റെ സിനിമയിലെ സഹപ്രവര്‍ത്തകര്‍ തന്നെയാണ്. രതീഷിനു പിന്നാലെ ഭാര്യ ഡയാനയും മരിച്ചതോടെ നാല് കുട്ടികളുടെയും കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തിയത് രതീഷിന്റെ ഈ സുഹൃത്തുക്കള്‍ തന്നെയാണ്.












Click it and Unblock the Notifications