'ദൈവത്തിന്റെ പേരില്‍ തീവ്രവാദം'; രാമനവമിക്കിടെ നടന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ പ്രതികരിച്ച് പാര്‍വ്വതി
കൊച്ചി : ഉത്തരേന്ത്യയില്‍ രാമനവമി ദിനത്തോട് അനുബന്ധിച്ച് നടന്ന ഹിന്ദു ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത് രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്‌റ്റോറിയിലാണ് പാര്‍വ്വതിയുടെ പ്രതികരണം. ദൈവത്തിന്റെ പേരില്‍ തീവ്രവാദം എന്നാണ് ആക്രമണത്തെ കുറിച്ച് പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് .
പാര്‍വ്വതിയുടെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത് . ഇതാദ്യമായല്ല, ഇത്തരം വിഷയങ്ങളില്‍ പാര്‍വ്വതി പ്രതികരിക്കുന്നത്. സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളില്‍ പാര്‍വ്വതി നടത്തുന്ന പ്രതികരണങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട് .

അതേ സമയം , രാമനവമി ദിനത്തില്‍ രാജ്യത്തുടനീളം നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഗുജറാത്ത് , ജാര്‍ഖണ്ഡ് , പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രാമനവമി ദിനത്തില്‍ സമാധാനപരമായ ഘോഷയാത്രകള്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശ്രീരാമന്റെ ജന്മദിനം ആഘോഷിക്കുന്നതിനാണ് രാമനവമി ദിനത്തില്‍ ഘോഷയാത്രകള്‍ നടത്തുന്നത്. എന്നാല്‍ ഈ ഘോഷയാത്രകള്‍ സംഘര്‍ഷത്തിലേക്കാണ് കഴിഞ്ഞ ദിവസം വഴിവച്ചത് .

ഞായറാഴ്ച രാമ നവമി ഘോഷയാത്രയ്ക്കിടെ ഗുജറാത്തിലെ ഹിമ്മത്നഗര്‍, ഖംഭട്ട് നഗരങ്ങളില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായി . പരസ്പരം കല്ലെറിയുകയും ആക്രമിക്കുകയും ചെയ്ത ഇവര്‍ രണ്ടിടത്തും കടകള്‍ക്കും വാഹനങ്ങളും നശിപ്പിച്ചു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നിരുന്നു. സബര്‍കാന്ത ജില്ലയിലെ ഹിമ്മത്നഗര്‍ നഗരത്തിലെ ഛപരിയ പ്രദേശത്തെ രാമനവമി ഘോഷയാത്ര എത്തിയപ്പോള്‍ രണ്ട് സമുദായങ്ങളിലെ അംഗങ്ങള്‍ പരസ്പരം കല്ലെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു .

സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ നഗരത്തിന് പുറത്ത് നിന്ന് അധിക പോലീസ് സേനയെ എത്തിച്ചിരുന്നു. ആനന്ദ് ജില്ലയിലെ ഖംഭാട്ട് പട്ടണത്തില്‍, രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായി, അവിടെ രണ്ട് സംഘങ്ങള്‍ കല്ലെറിയുകയും കടകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്തു.

ബംഗാളിലും രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഹൗറയിലെ ബിഇ കോളേജിന് സമീപം വിശ്വഹിന്ദു പരിഷത്ത് നടത്തിയ രാമനവമി ഘോഷയാത്രയിലാണ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ശിവപൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന പിഎം ബസ്തി പ്രദേശത്തിന് സമീപം ഹൗറ രാമകൃഷ്ണ പുര്‍ ഘട്ടിലേക്ക് സമാധാനപരമായി ഘോഷയാത്ര വരുന്നതിനിടെയാണ് സംഭവം.

ജാര്‍ഖണ്ഡിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാമനവമി ആഘോഷങ്ങള്‍ക്കിടെ ഹെന്‍ഡ്ലാസോ-കുജ്ര ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ നടന്ന മേളയ്ക്കിടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാമനവമി ഘോഷയാത്രയില്‍ പങ്കെടുത്ത ആളുകള്‍ക്ക് നേരെ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ആളുകള്‍ കല്ലെറിയുകയും കുറഞ്ഞത് 10 ഇരുചക്ര വാഹനങ്ങളും ഒരു പിക്കപ്പ് വാനും കത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്വയരക്ഷയ്ക്കായി ജാഥയില്‍ പങ്കെടുത്തവരും കല്ലെറിഞ്ഞു. സംഭവത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു, അതില്‍ 2 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാണ് രാമനവമി ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പറയുന്നത്.












Click it and Unblock the Notifications