'ഇത് കേരളത്തിന് അഭിമാനം, ഈ സന്തോഷം ഇല്ലാതാക്കരുത്'; കട്ടൗട്ടുകള്‍ മാറ്റരുതെന്ന് നടി രഞ്ജിനി
കോഴിക്കോട്: പുള്ളാവൂര്‍ പുഴയില്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി രംഗത്ത്. ആ കട്ടൗട്ടുകളെ കുറിച്ചുള്ള വാര്‍ത്ത ഒളിമ്പിക് വെബ്‌സൈറ്റില്‍ വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതൊക്കെ കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു. കോഴിക്കോട് ജില്ലാ കളക്ടരോടും മേയറോടുമാണ് നടി ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.

ഫുട്‌ബോള്‍ സൂപ്പര്‍താരങ്ങളുടെ കട്ടൗട്ടുകള്‍ നീക്കം ചെയ്യരുതെന്ന് കോഴിക്കോട് മേയറോടും ജില്ലാ കളക്ടറോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. രണ്ടാഴ്ച മാത്രം ശേഷിക്കെ വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ് ഇന്ന് ലോകം മുഴുവനും. ഈ കട്ട് ഔട്ടുകള്‍ കേരളത്തെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ഒരു ലോക വാര്‍ത്ത സൃഷ്ടിച്ചു... അത് ഉയര്‍ത്തിയ ആരാധകര്‍ക്ക് നന്ദി.

എല്ലാ നാല് വര്‍ഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങള്‍ ആഘോഷിക്കട്ടെ. കട്ടൗട്ടുകള്‍ എടുത്തുമാറ്റി ഈ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വാര്‍ത്ത ഒളിമ്പിക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... ഇത് കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു.

അതേസമയം, അഭിഭാഷകന്‍ ്ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാത്തമംഗലം പഞ്ചായത്ത് അധികൃതര്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. പുഴയില്‍ സ്ഥാപിച്ച രണ്ട് താരങ്ങളുടെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആരാധകരോട് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസമാകുമെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ചെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വസ്തുതകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ കട്ടൗട്ട് ചിത്രങ്ങള്‍ ലോകമെമ്പാടും വൈറലായിരുന്നു. ഫോക്സ് ഉള്‍പ്പടെയുള്ള ആന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇതിനെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ലോകത്തുള്ള ഫുഡ്ബോള്‍ ആരാധകരും ഈ സംഭവത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications