'വിനോദ യാത്ര കെഎസ്ആര്‍ടിസി ബസുകളില്‍', സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി നടി രഞ്ജിനി
കൊച്ചി: വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാലായങ്ങളുടെ വിനോദ യാത്രകള്‍ക്ക് പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ച് നടി രഞ്ജിനി. സ്‌കൂളിലെ വിനോദ യാത്രകള്‍ കെ എസ് ആര്‍ ടി സി ബസുകളിലേക്ക് മാറ്റണമെന്നാണ് രഞ്ജിനി അഭിപ്രായപ്പെടുന്നത്. ഇത് ഭയാനകമായ അപകടങ്ങളെ തടയുമെന്നും നഷ്ടത്തിലായ കെ എസ് ആര്‍ ടി സിയെ സഹായിക്കുമെന്നും രഞ്ജിനി പറയുന്നു.

കര്‍ശനമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ ഉള്ളപ്പോള്‍ സ്വകാര്യ ബസുകള്‍ ഫ്ളാഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിച്ച് ഓടിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും രഞ്ജിനി ചോദിക്കുന്നു. രഞ്ജിനിയുടെ വാക്കുകളിലേക്ക്...

5 വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത റോഡപകടത്തില്‍ കേരളം അതീവ ദുഖത്തിലാണ്. കര്‍ശനമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ ഉള്ളപ്പോള്‍ സ്വകാര്യ ബസുകള്‍ ഫ്ളാഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിച്ച് ഓടിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല.

സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം എന്നാണ് സര്‍ക്കാരിനോടുള്ള എന്റെ ഒരേയൊരു അഭ്യര്‍ത്ഥന. ഇത് കൂടുതല്‍ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും- രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിനോദ യാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാത്രി 9 മണി മുതല്‍ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് 2 ലെ ഉത്തരവിലൂടെ കൂടുതല്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കണം.

അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.












Click it and Unblock the Notifications