സിദ്ധിഖിനെതിരെ നടിയുടെ വെളിപ്പെടുത്തൽ; ഹോട്ടൽ റൂമിൽ നിന്നും ഇറങ്ങിയോടി, അയാൾ പറയുന്നത് പച്ചക്കള്ളം'
നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം നേരിട്ടതെന്നും നടി തുറന്നുപറഞ്ഞു.
' മോഡലിംഗ് പോലും ഞാൻ ആ സമയത്ത് തുടങ്ങിയിട്ടില്ല. സിനിമ മേഖലയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഗോഡ് ഫാദറൊന്നും നമ്മുക്കില്ലല്ലോ. ഞാൻ ഒറ്റയ്ക്കാണ് പോയത്. പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കിൽ മെസേജ് അയക്കുകയായിരുന്നു. ആ അക്കൗണ്ട് വഴി പലർക്കും ഇയാൾ മെസേജ് അയച്ചിട്ടുണ്ട്. സിദ്ദിഖിന്റെ 'സുഖമറിയാതെ' എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാന്‍ പറയുകയായിരുന്നു. അവിടെവെച്ചാണ് മോശം അനുഭവമുണ്ടായത്.

21 വയസ്സ് ഉള്ളപ്പോഴാണ് സംഭവം. മോളെ എന്ന് വിളിച്ചായിരുന്നു ആദ്യ സമീപനം. അപ്പോഴൊരിക്കലും ഇയാൾ മോശമായി പെരുമാറുമെന്ന് കരുതുന്നില്ല. അവിടെ വെച്ചാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. അയാൾ ഇന്ന് പറയുന്ന പല കാര്യങ്ങളും പച്ചക്കള്ളമാണ്. അയാൾ അടിക്കുകയും ഇടിക്കുകയും ചെയ്തു.
ഞാൻ ഒറ്റയ്ക്കായിരുന്നു. ഒരു തമിഴ് സിനിമയുടെ ഡിസ്കഷനായിരുന്നു. ഞാൻ ട്രാപ്ഡ് ആയെന്ന് പിന്നീടാണ് മനസിലായത്. അവിടെ ആ ഹോട്ടലിൽ നിന്ന പലർക്കും ഇത് അറിയാം, സ്ഥിരമായി ഇത് നടക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ഈ സംഭവം കഴിഞ്ഞിട്ടും അയാൾ ഒരു ഉളുപ്പുമില്ലാതെ എന്റെ മുൻപിൽ വന്ന് നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. അതിൽ പോലും അയാൾ ലൈംഗിത ചുവയോടെ സംസാരിച്ചു. വൈരുധ്യമുള്ള ഭക്ഷണമാണ് എനിക്ക് ഇഷ്ടം എന്നാണ് പറഞ്ഞത്. ഞാൻ രക്ഷപ്പെട്ട് പോകുകയായിരുന്നു. ചികിത്സയൊക്കെ എടുത്താണ് ആ ട്രോമയിൽ നിന്നും പുറത്തുവന്നത്.
ഞാൻ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് ആ കുട്ടിയുടെ വസ്ത്രം ശരിയായിരുന്നില്ലെന്നും അത് ശരിയായി ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. 'കുട്ടീടെ ഡ്രസിങ് ശരിയല്ലായിരുന്നു, നല്ല ആളുകളൊക്കെ വരുന്നതല്ലേ, അതുകൊണ്ട് ആ ഡ്രസ് നേരെയിടു എന്ന കമന്റാണ് പറഞ്ഞത്', നടി വ്യക്തമാക്കി.
എന്തുകൊണ്ട് നിയമ നടപടിയുമായി പോയില്ലെന്ന ചോദ്യത്തിന് കേസ് കൊടുക്കാൻ ഇവിടെ എവിടെയാണ് ഇരയെ സംരക്ഷിക്കുന്ന സംവിധാനങ്ങൾ ഉള്ളതെന്ന് താരം ചോദിച്ചു. ' വീണ്ടും വെർബൽ റേപ്പിലൂടെ കടന്ന് പോകാൻ സാധിക്കില്ലായിരുന്നു. എനിക്ക് എന്റെ സ്വപ്നങ്ങൾപിന്നാലെ പോകണമായിരുന്നു. എന്നിരുന്നാലും അയാളിൽ നിന്ന് മോശം അനുഭവം ഉണ്ടായപ്പോൾ അവിടെ നിന്ന് ഇറങ്ങിയോടി ഒരു ഓട്ടോയിൽ കയറി പോകുകയായിരുന്നു ഞാൻ. പക്ഷെ ഞാൻ പോകുമ്പോൾ അയാൾ പറഞ്ഞത് നീ എവിടെ പോയി പറഞ്ഞാലും ആരും നിന്നെ വിശ്വസിക്കാൻ പോകുന്നില്ലെന്നാണ്. ശരിയാണ്, ആരും വിശ്വസിച്ചിട്ടില്ല.
എനിക്ക് നഷ്ടപ്പെട്ടത് എന്റെ സമയവും സ്വപ്നവുമൊക്കയാണ്. മാനസിക സംഘർഷങ്ങളിലൂടെയൊക്കെ ഞാൻ കടന്നു പോയി. ഞാൻ മുട്ടിയ വാതിലുകളൊന്നും എനിക്ക് ഒരു നീതിയും തന്നിട്ടില്ല', നടി പറഞ്ഞു. 2019 ൽ തന്നെ രേവതി സിദ്ധിഖിനെതിരെ തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അന്ന് നടനെതിരെ താരം തുറന്നടിച്ചത്.












Click it and Unblock the Notifications