'മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയാൻ ഫ്ലവേഴ്സ് തയ്യാറാകണം'; രൂക്ഷവിമർശനവുമായി രേവതി സമ്പത്ത്
കൊച്ചി; സ്റ്റാർ മാജിക് പരിപാടിക്കതെിരെ രൂക്ഷവിമർശനവുമായി നടി രേവതി സമ്പത്ത്. നടി മുക്ത പങ്കെടുത്ത എപ്പിസോഡ് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രേവതിയുടെ വിമർശനം. മനുഷ്യത്യ വിരുദ്ധത നിറഞ്ഞ സ്റ്റാർ മാജിക് എന്ന പരിപാടി ഇപ്പോഴും തുടരുകയാണെന്നും പരിപാടി പിൻവലിച്ച് ഇത്രയും നാൾ സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയാൻ ഫ്ലവേഴ്സ് ചാനൽ തയ്യാറാകണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.
നടിയുടെ വാക്കുകളിലേക്ക്- മുക്ത ഒരു ഊളത്തരം പറയുന്നു.ആങ്കർ അതിനെ പിന്താങ്ങുന്നു.ചുറ്റുമിരുന്ന സ്റ്റാർ മാജിക് ടീം ഫുൾ അതിനെ കൈയടിച്ചു പാസ്സാക്കുന്നു.കുറേ പ്രതിഷേധം ഉയരുന്നു.ഒന്നും മൈൻഡ് ചെയ്യാതെ കഴിഞ്ഞ എത്രയോ നാളുകളായി തുടരുന്ന മനുഷ്യവിരുദ്ധത നിറഞ്ഞ സ്റ്റാർ മാജിക് എന്ന പരിപാടി അതേപടി വീണ്ടും തുടരുന്നു.

കല എന്നത് വലിയൊരു ആശയ വിനിമയമാണ്. കല എന്നാൽ മാറ്റങ്ങൾ എന്നും കൂടെ അർത്ഥമാക്കുന്നു. കല സ്നേഹത്തിന്റെ രൂപം കൂടിയാണ്. സാമൂഹിക മാറ്റങ്ങൾക്കുള്ള വാതിലാണ് ഏതൊരു കലയും എന്നു നിസ്സംശയം പറയാം. തികച്ചും വ്യത്യസ്ത സംസ്കാരങ്ങളിലും കാലഘട്ടത്തിലും നിന്നുമുള്ള ആളുകളെ കലയുടെ ശക്തി ആശയവിനിമയത്തിലേക്ക്നയിക്കുന്നു. വാക്കുകൾ പോലും നിലയ്ക്കുന്നിടത്ത് കലയുടെ ഭാഷയിലെ വാക്കുകൾ തുടർന്നു കൊണ്ടേയിരിക്കും.

ഏതൊരു കലയും അനുഭവിക്കുന്നവരിൽ വികാരങ്ങൾ ഉളവാക്കാൻ കഴിയുന്നത്ര ശക്തി ഉണ്ട്. മനുഷ്യനെ വലിയ രീതിയിൽ തന്നെ സ്വാധീനിക്കുന്നുണ്ട് കലകൾ. സിനിമ, സംഗീതം, നൃത്തം, നാടകം, ചിത്രകല അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ഇവ. ഹാസ്യം ഇഷ്ടമല്ലാത്ത മനുഷ്യരുണ്ടോ?, ഇല്ല. ആർത്തുല്ലസിച്ചു ചിരിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഈ ഹാസ്യരൂപങ്ങൾ മനുഷ്യനെ ചിന്തിപ്പിക്കുന്നത് കൂടെയാകുമ്പോഴാണ് അവിടെ ഹാസ്യം എന്ന ആശയം ഒരു പൂർണ കലാരൂപമായി മാറുന്നത്.

ടീവി ചാനലുകളിൽ ഇപ്പോൾ ഹാസ്യ പരിപാടികൾ ഒത്തിരിയുണ്ട്. സ്കിറ്റുകൾ പുതിയ പരീക്ഷണങ്ങളിലൂടെ ആ കല മുന്നോട്ട് വെവ്വേറെ രീതികളിൽ പ്രത്യക്ഷപ്പെടുമ്പോൾ നമ്മൾ കരുതും കല വളരുന്നു എന്ന്, എന്നാൽ വളരെ നിരാശയോടെ പറയട്ടെ കലയെ കൊന്നു കൊണ്ടിരിക്കുകയാണ്. ഹാസ്യം എന്ന മഹത്തായ കലയിൽ ഇപ്പോൾ വിഷാംശം അടിഞ്ഞു കൂടി അഴുക്കുചാലായി മാറിക്കഴിഞ്ഞു.

സ്ത്രീവിരുദ്ധതയും, ഹോമോഫോബിയയുയും, സെക്സിസ്റ്റ് ജോക്കുകളും, റേപ്പ് ജോക്കുകളും, റേസിസ്റ്റ് ജോക്കുകളും, ദളിത് വിരുദ്ധതയും, ജാതീയതയുമൊക്കെ കുത്തി നിറച്ചു വീർപ്പിച്ചെടുത്ത ഏതു സമയം വേണമോ പൊട്ടാവുന്ന ഒരു ബലൂൺ ആണ് കോമഡി പരിപാടികൾ. അതായത്, ഏഷ്യാനെറ്റ്, ഫ്ലവേർസ്, മഴവിൽ മനോരമ എന്ന് വേണ്ട മുൻനിരയിലുള്ള മിക്ക ടീവി ചാനലുകളിലും സ്ഥിരം സംപ്രേക്ഷണം ചെയ്യുന്നവ.
Recommended Video

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ മിക്ക സമയങ്ങളിലും മിന്നി മായുന്ന ഈ മനുഷ്യവിരുദ്ധതയുടെ ക്ലിപ്പുകൾ.ഈ കോമഡി പരിപാടികൾ സൃഷ്ടിക്കുന്നവർ അതായത് സ്ക്രിപ്റ്റുകൾ തയ്യാറാക്കുന്നവർ, ഐഡിയ കൊടുക്കുന്നവർ, അതിൽ ഒരു ഉളുപ്പുമില്ലാതെ വന്നഭിനയിക്കുന്നവർ,ഈ അവഹേളനത്തിനെ കയ്യടിച്ചു ചിരിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികൾ അടക്കം ഈ മനുഷ്യവിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുന്നവരാണ്.നിങ്ങൾ പറയുന്നത് തമാശകളല്ല. അത്രമേൽ ഭീകരമായ മനുഷ്യവിരുദ്ധതയാണ്.സ്റ്റാർ മാജിക്ക് എന്ന പരിപാടി പിൻവലിച്ച് ഇത്രയും നാൾ സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയാൻ ഫ്ലവേഴ്സ് തയ്യാറാകണം''.












Click it and Unblock the Notifications