'മതവും സ്വർണവും തന്റെ കൺസേൺ ആയിരുന്നില്ല', ആഷിഖുമായുളള വിവാഹത്തെക്കുറിച്ച് റിമ കല്ലിങ്കൽ
കൊച്ചി: സ്ത്രീധന മരണങ്ങളും ഗാര്‍ഹിക പീഡനങ്ങളും കേരളം പോലൊരു സംസ്ഥാനത്ത് ആവര്‍ത്തിക്കുന്നത് ഗൗരവതരമാണ്. കൊല്ലം സ്വദേശിനിയായ വിസ്മയയുടെ മരണത്തോടെയാണ് സ്ത്രീധന സമ്പ്രദായം വ്യാപക ചര്‍ച്ചയായി മാറിയത്.
സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന സിനിമാ താരമാണ് റിമ കല്ലിങ്കല്‍. റിമയുടേയും സംവിധായകന്‍ ആഷിഖ് അബുവിന്റെയും വിവാഹം ആഢംബര സെലിബ്രിറ്റി വിവാഹങ്ങള്‍ക്ക് ഒരു അപവാദമായിരുന്നു. അതേക്കുറിച്ച് ഈ പുതിയ സാഹചര്യത്തില്‍ തുറന്ന് പറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ കല്ലിങ്കല്‍.

2013 നവംബറിലാണ് റിമ കല്ലിങ്കലും ആഷിഖ് അബുവും വിവാഹിതരായത്. തികച്ചും ലളിതമായിട്ടായിരുന്നു ഇരുവരുടേയും വിവാഹം. സാധാരണ സെലിബ്രിറ്റി വധുക്കളെ സ്വര്‍ണത്തിലും വജ്രത്തിലുമൊക്കെ പൊതിഞ്ഞാണ് വിവാഹ വേദിയില്‍ കാണാറുളളതെങ്കില്‍ റിമ അതില്‍ നിന്നെല്ലാം വേറിട്ട് നിന്നു. തികച്ചും ലളിതമായ വേഷങ്ങളും ആഭരണങ്ങളുമായിരുന്നു വിവാഹ ദിവസം റിമയ്ക്ക്.

ഇരുവരും അന്യമതസ്ഥര്‍ ആയിരുന്നത് കൊണ്ട് തന്നെ ഈ വിവാഹം അന്ന് ചര്‍ച്ചയുമായിരുന്നു. എന്നാല്‍ മതം ഒരിക്കലും തന്റെ കണ്‍സേണ്‍ ആയിരുന്നില്ലെന്ന് റിമ പറയുന്നു. സ്വര്‍ണവും വിവാഹത്തിനൊരു വിഷയം ആയിരുന്നില്ലെന്നും ലളിതമായ വിവാഹം തന്നെ ആയിരുന്നു ആഗ്രഹിച്ചിരുന്നത് എന്നും റിമ പറയുന്നു. സ്വര്‍ണം വീട്ടുകാര്‍ക്ക് ഭാരമാവും എന്നുളള ചിന്ത നേരത്തെ തന്നെ തനിക്കുണ്ടായിരുന്നു.

താന്‍ സ്വന്തമായി സമ്പാദിച്ച് തുടങ്ങുന്നത് പതിനെട്ടോ പത്തൊന്‍പതോ വയസ്സ് ഉളളപ്പോഴായിരുന്നുവെന്ന് റിമ പറയുന്നു. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുളള പെര്‍ഫോമന്‍സിന് കിട്ടിയ സമ്മാനത്തുക ആയിരുന്നു തന്റെ ആദ്യത്തെ വരുമാനം. തന്റെ ആവശ്യങ്ങള്‍ക്കുളള പണം സ്വയം കണ്ടെത്തണം എന്നുളള ചിന്ത അന്ന് മുതല്‍ തനിക്കൊപ്പമുണ്ടെന്നും റിമ പറഞ്ഞു.

സ്വന്തം സമ്പാദ്യം ഉപയോഗിച്ച് തന്നെ വേണം കല്യാണവും എന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും റിമ കല്ലിങ്കല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. തനിക്ക് വേണ്ടതെല്ലാം തന്റെ അച്ഛനും അമ്മയും തന്നിരുന്നു. അതേസമയം അവരെ ചോദ്യം ചെയ്യാനുളള സ്വാതന്ത്ര്യവും തനിക്കുണ്ടായിരുന്നു. തന്നെ വാര്‍ത്തെടുത്ത ചിന്തകളും അനുഭവങ്ങളുമെല്ലാം അമ്മയുടേയും അച്ഛന്റേതുമാണെന്ന് റിമ പറയുന്നു.
Recommended Video

തന്റെ കല്യാണം താന്‍ തന്നെ ലളിതമായ രീതിയില്‍ നടത്തണം എന്നുളളതും അതിന് അച്ഛനും അമ്മയും സന്തോഷത്തോടെ ഒപ്പമുണ്ടായാല്‍ മാത്രം മതിയെന്നതും തന്റെ ആഗ്രഹം ആയിരുന്നുവെന്നും റിമ പറയുന്നു. വിവാഹത്തിന് ഭംഗിക്ക് വേണ്ടി ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ ഭാരം കാരണം നടക്കാന്‍ സാധിക്കാത്ത വിധത്തില്‍ ആഭരണങ്ങള്‍ ധരിക്കുന്നതിനോട് താല്‍പര്യം ഇല്ലെന്നും റിമ പറഞ്ഞു.












Click it and Unblock the Notifications