'ചേട്ടന്‍മാരെ ആരേലും മെസേജ് അയക്കൂ'; ഇപ്പോഴത്തെ അവസ്ഥ പറഞ്ഞത് റിനി ആന്‍ ജോര്‍ജ്
യുവ രാഷ്ട്രീയ നേതാവ് മോശമായി പെരുമാറി എന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയ യുവ നടി റിനി ആന്‍ ജോര്‍ജാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. വെളിപ്പെടുത്തലിന് പിന്നാലെ നടി റിനിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്. യുവ നേതാവിനെതിരായ ആരോപണങ്ങളില്‍ നിയമത്തിന്റെ വഴിയില്‍ പോകുന്നില്ലെന്ന് നേരത്തെ തന്നെ റിനി നിലപാട് വ്യക്തമാക്കിയിരുന്നു. സൈബര്‍ ആക്രമണങ്ങളില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തു.
അതേസമയം ഒരു ഓണ്‍ലൈന്‍ ചാനലിനോട് റിനി നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലായിരിക്കുന്നത്. ഇങ്ങനെ ഫേമസ് ആയതുകൊണ്ട് ആണോ എന്ന് അറിയില്ല, ഇന്‍ബോക്‌സില്‍ വരുന്ന മെസേജുകള്‍ക്ക് ഇപ്പോള്‍ വലിയ ഇടിവ് സംഭവിച്ചുവെന്ന് നടി പറയുന്നു.

വിവാദത്തിന് ശേഷം തനിക്ക് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ 'മോളൂസേ, ചക്കരേ, നീ സുന്ദരിയാണ്' എന്നീ മെസേജുകള്‍ വരാറില്ലെന്നും നേരത്തെ അതു മാത്രമെ വരാറുണ്ടായിരുന്നുള്ളുവെന്നും താരം പറയുന്നു. പേടിച്ചിട്ടാണോ എന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ചേട്ടന്‍മാരെ ആരേലും മെസേജ് അയക്കൂ എന്നാണ് റിനിയുടെ പൊട്ടിച്ചിരിച്ചുകൊണ്ടുള്ള മറുപടി.
രാഷ്ട്രീയം തനിക്ക് ഇഷ്ടമാണെന്നും ഞാന്‍ ഇലക്ഷന് മത്സരിച്ച് ജയിച്ചാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്നും എന്നാല്‍ ആളുകള്‍ എന്നെ സ്വീകരിക്കുമോ എന്ന് അറിയില്ലെന്നും റിനി കൂട്ടിച്ചേര്‍ത്തു.
റിനിയുടെ പ്രതികരണത്തിനെതിരേ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. 'തൊലിക്കട്ടി സമ്മതിക്കണം' എന്നും റീച്ച് കിട്ടാനുള്ള ഓരോ അടവുകള്‍ ആണിതെന്നും മറ്റും കമന്റ് ബോക്‌സില്‍ പരിഹസിക്കുന്നവരാണ് കൂടുതല്‍ പേരും. പേര് വെളിപ്പെടുത്താതെ വ്യക്തമായ സൂചനകള്‍ നല്‍കിയാണ് യുവ നേതാവിനെതിരേ റിനി ആരോപണങ്ങള്‍ ഉന്നയിച്ചത്.
അതിനിടെ, റിനി ആന്‍ ജോര്‍ജ് നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ ആലുവ സൈബര്‍ പൊലീസ് കേസെടുത്തു. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയാണ് റിനിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയാണ് ആലുവ സൈബര്‍ പൊലീസിന് കൈമാറിയത്.
മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറല്‍ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. യുവ നേതാവിനെതിരായ ആരോപണത്തെ തുടര്‍ന്നാണ് നടിക്ക് എതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും സൈബര്‍ ആക്രമണങ്ങളും വ്യാപകമായി ഉണ്ടായത്. കേസില്‍ ഇപ്പോള്‍ നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്. റിനിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പരാതിക്കു പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.












Click it and Unblock the Notifications