പൗരനല്ല, വോട്ട് ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞാല്‍ എവിടെ പോകും? സ്‌നേഹ ശ്രീകുമാര്‍ ചോദിക്കുന്നു
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡല്‍ഹി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി സ്‌നേഹ ശ്രീകുമാര്‍. തൃപ്പൂണിത്തുറയില്‍ ഡിവൈഎഫ്‌ഐ നടത്തിയ ഐക്യദാര്‍ഢ്യ പരിപാടിയില്‍ സ്‌നേഹയും പങ്കെടുത്തു. ഡല്‍ഹിയില്‍ ഏതോ കുട്ടികള്‍ കിടന്ന് അടിവാങ്ങുന്നു എന്ന് കരുതുന്നവരോടാണ് തനിക്ക് പറയാനുള്ളത് എന്ന് പറഞ്ഞാണ് സ്‌നേഹ സംസാരം തുടങ്ങിയത്.
ഇതൊന്നും ബാധിക്കില്ലെന്ന് വിശ്വസിച്ചിരിക്കുന്നവരോടാണ് തനിക്ക് പറയാനുള്ളത്. നമുക്ക് വരുന്നത് വരെ ഏതോ കുട്ടികള്‍ അടിവാങ്ങാന്‍ ഡല്‍ഹിയില്‍ പോയി കിടക്കുന്ന സംഭവമായി നിങ്ങള്‍ക്ക് തോന്നാം. നാളെ നിങ്ങള്‍ ഇവിടത്തെ പൗരനല്ല എന്ന് പറയുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ എന്ന് ചിന്തിച്ചാലാണ് ഇതിന്റെ ഭീകരത മനസിലാകുക എന്നും സ്‌നേഹ പറഞ്ഞു.

ജീവിക്കുന്നത് ഇന്ത്യയിലാണ്, ഇതൊരു ജനാധിപത്യ രാജ്യമാണ് എന്നെല്ലാമാണ് ചെറുപ്പം മുതല്‍ കേട്ടു പഠിച്ചത്. ഇപ്പോള്‍ അതിനൊരു ഉറപ്പില്ലാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. പെട്ടെന്നൊരു ദിവസം നിങ്ങള്‍ ഇവിടെയുള്ള പൗരനല്ല എന്ന് പറഞ്ഞാല്‍, നിങ്ങള്‍ക്ക് വോട്ടില്ല എന്ന് പറഞ്ഞാല്‍ നമ്മള്‍ എവിടെയാണ് പോകേണ്ടത് എന്ന് സ്‌നേഹ ചോദിക്കുന്നു.
ഇത് നമ്മുടെ രാജ്യമാണ് എന്ന് പറയാന്‍ വേണ്ടിയാണ് ഡല്‍ഹിയില്‍ ഇന്ത്യന്‍ യുവത ഇറങ്ങിയിരിക്കുന്നത്. 13 കോടിയോളം വോട്ടുകളാണ് ഒഴിവാക്കിയത്. അത് യാദൃശ്ചികമായി പോയതാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മണ്ടന്മാരല്ല ഇന്ത്യയിലെ യുവജനങ്ങള്‍. അതുകൊണ്ടാണ് അവര്‍ തെരുവില്‍ ഇറങ്ങിയത്. ചോദ്യം ഉന്നയിക്കുമ്പോള്‍ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പേടിച്ചു പോകുന്നവരല്ല ഇന്ത്യയിലെ യുവാക്കള്‍...
ഒരാളെ നിങ്ങള്‍ അടിച്ചാല്‍ നാലുപേര്‍ വരും. അവരെ അടിച്ചാല്‍ ഇരട്ടി പേര്‍ വരും. ഒരു രാജ്യം മൊത്തം തെരുവില്‍ ഇറങ്ങും. അതിനേക്കാള്‍ നല്ലത് ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കൂടി വരുന്നുണ്ട്. വോട്ട് വാങ്ങി ജയിച്ചവര്‍ യുവജനങ്ങളെ അടിച്ചൊതുക്കി എന്തു പുരോഗതിയാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്നതാണ് ചോദിക്കാനുള്ളത്. ഡല്‍ഹി സമരത്തിന് എല്ലാ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നു എന്നും സ്‌നേഹ ശ്രീകുമാര്‍ പറഞ്ഞു.


Click it and Unblock the Notifications
