കുംഭമേളയില്‍ കുളിച്ച ശേഷം രണ്ട് ദിവസം സോപ്പ് ഉപയോഗിച്ച് കുളിച്ചിട്ടില്ല: ശ്രീക്കുട്ടി
മഹാകുംഭ മേളയില്‍ പങ്കെടുത്ത് പുണ്യ സ്‌നാനം ചെയ്തതിന് പിന്നാലെ വന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി ശ്രീക്കുട്ടി. കുംഭമേളയില്‍ പോയി കുളിച്ചതിന് ശേഷം തനിക്ക് യാതൊരു അസ്വസ്ഥതയും ഉണ്ടായിട്ടില്ല എന്നും സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിടുന്നവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ചൊറിച്ചിലെന്നും ശ്രീക്കുട്ടി പറഞ്ഞു. തന്റെ യൂട്യബ് ചാനലില്‍ പങ്ക് വെച്ച വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം.
കുംഭമേളയില്‍ പങ്കെടുത്ത് വന്നിട്ട് രണ്ടാഴ്ചയിലേറെയായി എന്നും ഇത്രയും ദിവസത്തിനിടയ്ക്ക് തനിക്കോ തന്റെ ഭര്‍ത്താവിനോ ഒരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും ശ്രീക്കുട്ടി പറഞ്ഞു. ത്രിവേണി സംഗമത്തില്‍ മലിനജലമാണ് ഉള്ളത് എന്ന പ്രചരണങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീക്കുട്ടിയുടെ പ്രതികരണം. കുംഭമേള യാത്രയുമായി ബന്ധപ്പെട്ട് തനിക്ക് വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും നെഗറ്റീവാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു.

'ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത ദിവസം കുളിക്കാന്‍ പറ്റിയിരുന്നില്ല. അന്ന് ഞങ്ങള്‍ റൂം എടുത്തിട്ടില്ലായിരുന്നു. രണ്ട് ദിവസം ഞങ്ങള്‍ സോപ്പ് ഉപയോഗിച്ച് കുളിച്ചിട്ടില്ല. വെറുതെ ഒന്ന് മുങ്ങിക്കുളിച്ചതേയുള്ളൂ. അതില്‍ കുളിച്ചിട്ട് ഇന്ന് വരെ ഞങ്ങള്‍ക്കൊരു കുഴപ്പവും പറ്റിയിട്ടില്ല. മുടിക്കോ ശരീരത്തിനോ മണമോ, ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. വീട്ടില്‍ വന്ന ശേഷമാണ് മുടി വരെ കഴുകിയത്,' ശ്രീക്കുട്ടി പറയുന്നു.
പ്രയാഗ് രാജില്‍ നിന്ന് കുറച്ചുവെള്ളം എടുത്തപ്പോള്‍ കലങ്ങിയതായിരുന്നു. എന്നാലും വീട്ടിലേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ കണ്ടാല്‍ മിനറല്‍ വാട്ടര്‍ പോലെയുണ്ടെന്നും തന്റെ കുട്ടിക്കും അടുത്തുള്ള വീട്ടിലുമൊക്കെ ഈ വെള്ളം കൊടുത്തിരുന്നു അവര്‍ക്കും ചൊറി വന്നിട്ടില്ല എന്നും താരം വ്യക്തമാക്കി. എന്തറിഞ്ഞിട്ടാണ് ഇങ്ങനെ മോശം കമന്റ് ചെയ്യുന്നത് എന്നും ശ്രീക്കുട്ടി ചോദിച്ചു.
പാര്‍ട്ടിപരമായാണ് എല്ലാവരും കമന്റ് ചെയ്യുന്നത് എന്നും തനിക്ക് ഒരു പാര്‍ട്ടിയുമില്ല എന്നും ശ്രീക്കുട്ടി പറഞ്ഞു. അതേസമയം ചില ശാസ്ത്രീയവശങ്ങളും ഇതില്‍ ഉണ്ട് എന്നും ശ്രീക്കുട്ടി പറയുന്നു. ജുപ്പിറ്ററിനു ചുറ്റും സൂര്യനും ചന്ദ്രനും ചുറ്റുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജമാണ് ഈ വെള്ളത്തില്‍ വന്ന് പതിക്കുന്നത് എന്നും അങ്ങനെയാണ് ആ വെള്ളത്തിന് ശക്തി ലഭിക്കുന്നത് എന്നും നടി അവകാശപ്പെട്ടു.
കുംഭമേളയില്‍ 63 കോടി ജനങ്ങളാണ് വന്നുപോയത്. നമ്മള്‍ തന്നെ വൃത്തികേടാക്കുന്ന സാഹചര്യം മാത്രമാണ് അവിടെയുള്ളത് താരം പറഞ്ഞു. ' എന്നെ ആരും ഇങ്ങോട്ടു കേറി ചൊറിയണ്ട. എനിക്കു ചൊറി വന്നാല്‍ ഞാന്‍ സഹിച്ചു. നിങ്ങളെന്തിനാണ് അതോര്‍ത്തു വിഷമിക്കുന്നത്. കുംഭമേളയില്‍ പോയതുകൊണ്ട് ഞാന്‍ നാടിന്റെ ശാപമാണ് എന്നൊക്കെയാണ് കമന്റ് വരുന്നത്. എല്ലാം നല്ല രീതിയിലാണ് അവിടെ ഒരുക്കിയിട്ടുള്ളത്,' നടി പറഞ്ഞു.
5000 കിലോമീറ്ററോളം ഡ്രൈവ് ചെയ്താണ് അവിടെ വരെ പോയത് എന്നും റൂം കിട്ടിയില്ല എന്ന ബുദ്ധിമുട്ട് മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും ശ്രീക്കുട്ടി പറയുന്നു. ഇനി അടുത്ത 144 വര്‍ഷം കഴിഞ്ഞാലാണ് അടുത്ത മഹാകുംഭ മേള വരുകയുള്ളൂ എന്നതിനാല്‍ നമ്മുടെ തലമുറയ്ക്കു കിട്ടിയ ഭാഗ്യമാണിത് എന്നും ശ്രീക്കുട്ടി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications