ദിലീപിനെ എന്തിന് പുറത്താക്കി; സ്വയം ആത്മപരിശോധന നടത്തണം: അല്ലെങ്കില്‍ ആള്‍ക്കാര്‍ ചോദ്യം ചെയ്യും
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവരാനിരിക്കെ സ്ഥാനാര്‍ത്ഥികളെ സംന്ധിച്ചുള്ള അതൃപ്തി പുകയുന്നു. ലൈംഗികപീഡന കേസില്‍ ആരോപണവിധേയനായ നടന്‍ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് എതിരേ വലിയ അമര്‍ഷമാണ് താരസംഘടനയില്‍ നിലനില്‍ക്കുന്നത്. ദിലീപും വിജയ് ബാബുവും അടക്കം ആരോപണവിധേയരായവര്‍ മാറിനില്‍ക്കുമ്പോഴും ബാബുരാജ് പിന്മാറാത്ത സാഹചര്യത്തിലാണ് അമര്‍ഷം പുകയുന്നത്.
മല്ലിക സുകുമാരന്‍, മാല പാര്‍വതി, അനൂപ് ചന്ദ്രന്‍, ആസിഫ് അലി അടക്കമുള്ളവര്‍ ആരോപണവിധേയരായവര്‍ മാറിനില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ താല്‍പര്യമുള്ളവരെല്ലാം മത്സരിക്കട്ടെ എന്നാണ് അന്‍സിബ ഹസന്‍ പറഞ്ഞത്. സംഘടനാ തലപ്പത്തേക്ക് സ്ത്രീകള്‍ വരട്ടെ എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. ഇപ്പോഴിതാ, ആരോപണ വിധേയര്‍ സ്വയം മാറിനില്‍ക്കണമെന്നും അല്ലെങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും അമ്മയിലെ മുതിര്‍ന്ന നടി ശ്രീലതാ നമ്പൂതിരിയും അഭിപ്രായപ്പെട്ടു. മനോരമ ന്യൂസിനോടായിരുന്നു ശ്രീലതാ നമ്പൂതിരിയുടെ പ്രതികരണം.

ആരോപണ വിധേയനായ ഒരാള്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പാടില്ല. ആരോപണ വിധേയര്‍ക്ക് ഭാരവാഹിയാകാമെങ്കില്‍ പിന്നെ ദിലീപിനെ എന്തിനാണ് മാറ്റിനിര്‍ത്തിയത്. ഒരര്‍ത്ഥവമില്ല. ഇതൊക്കെ അവനവന്‍ സ്വയം തിരിച്ചറിഞ്ഞ് പിന്മാറേണ്ടതാണ്. ആരോപണ വിധേയര്‍ ജയിച്ചാല്‍ വീണ്ടും വിവാദം ഉണ്ടാകും. ഇങ്ങനെയുള്ള ആളുകളെ വീണ്ടും കൊണ്ടുവരികയാണോ എന്ന് ആളുകള്‍ ചോദിക്കും.
ഒരു സംഘനയുടെ ഭാരവാഹിയായിരിക്കുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടി വരും. അംഗങ്ങള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ പറയേണ്ടത് ഭാരവാഹികളോടാണ്. ചോദ്യം വരുന്നത് പ്രസിഡന്റിനോടാണ്. അതിന് ഉത്തരം പറയണം. കേസും വഴക്കും ഉള്ളവര്‍ തന്നെ തിരഞ്ഞെടുപ്പില്‍ നിന്നാല്‍ ആളുകള്‍ ചോദ്യം ചെയ്യും. ഈ പശ്ചാത്തലത്തില്‍ ആരോപണ വിധേയര്‍ ആത്മപരിശോധന നടത്തണം. അവശത അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് കൈനീട്ടം നല്‍കിയും വീട് വച്ചുകൊടുത്തുമൊക്കെ സഹായിക്കുന്ന ഇതു പോലൊരു സംഘടന വേറെയില്ലെന്നും ശ്രീലതാ നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 15-നാണ് അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കുറി എല്ലാവരും ഉറ്റുനോക്കുന്നത് ശ്വേത മേനോനിലേക്കാണ്. ശ്വേത മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്. അമ്മയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ എന്നാണ് ചലച്ചിത്ര മേഖലയും ആരാധകരും ഉറ്റുനോക്കുന്നത്.
നിരവധി പേരാണ് ഇക്കുറി മത്സര രംഗത്തുള്ളത്. അമ്മ സംഘടന ഏറെക്കാലമായി ചിലര്‍ മാത്രം കൈവശം വച്ചിരിക്കുന്നുവെന്ന ആപേക്ഷത്തിന് ഇതോടെ അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ എല്ലാം മത്സരരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയാണ്. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പായതിനാല്‍ ആരാകും നേതൃത്വത്തിലേക്ക് എത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് അംഗങ്ങള്‍.












Click it and Unblock the Notifications