രഞ്ജിത്തിന്റേത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യം; പൊലീസില്‍ പരാതി നല്‍കി ശ്രീലേഖ മിത്ര
കൊച്ചി: സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബംഗാളി നടി ശ്രീലേഖ മിത്ര. നേരത്തെ നിയമപരമായ നടപടിക്ക് താല്‍പര്യമില്ലെന്ന് ശ്രീലേഖ പറഞ്ഞിരുന്നെങ്കിലും രഞ്ജിത്ത് ആരോപണം നിഷേധിക്കുകയും നിയമ നടപടി കൈക്കൊള്ളുമെന്ന് പറയുകയും ചെയ്തതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര പരാതി നല്‍കിയത്.
കൊച്ചി പൊലീസ് കമ്മീഷണര്‍ക്കാണ് ശ്രീലേഖ പരാതി നല്‍കിയിരിക്കുന്നത്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലാണ് അതിക്രമം നടന്നത് എന്നും പരാതിയിലുണ്ട്. കേസെടുക്കാന്‍ പരാതി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നറിഞ്ഞതിനാലാണ് പരാതി നല്‍കുന്നത് എന്നും നടി വ്യക്തമാക്കി. ഇ-മെയിലായാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണ് രഞ്ജിത്തില്‍ നിന്നുണ്ടായത് എന്നും കൊല്‍ക്കത്തയില്‍ നിന്നുള്ള ആളായതിനാല്‍ തുടര്‍ നടപടി സ്വീകരിക്കാനായില്ല എന്നും പരാതിയില്‍ പറയുന്നു. സുപ്രീംകോടതി വിധി പ്രകാരം ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാല്‍ രേഖാമൂലം പരാതി വേണ്ട എന്നാണ് താന്‍ മനസിലാക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ശ്രീലേഖ മിത്ര പരാതിയില്‍ പറയുന്നത്. പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ശ്രീലേഖ മിത്രക്ക് രഞ്ജിത്തില്‍ നിന്ന് ദുരനുഭവുമുണ്ടായത്. ദുരുദ്ദേശ്യത്തോടെ തന്റെ രഞ്ജിത്ത് തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു എന്നും ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞിരുന്നു.
പിന്നീട് താന്‍ അവിടെ നിന്ന് ഇറങ്ങിയെന്നും എന്നാല്‍ നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റ് പോലും ഓഡിഷനെത്തിയ തനിക്ക് നിര്‍മാതാവില്‍ നിന്ന് ലഭിച്ചില്ല എന്നും നടി പറഞ്ഞിരുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത് എന്നായിരുന്നു ശ്രീലേഖ മിത്ര പറഞ്ഞത്.
ദുരനുഭവം ഡോക്യുമെന്ററി സംവിധായകനായ ജോഷി ജോസഫിനെ അറിയിച്ചിരുന്നു എന്നും അദ്ദേഹമാണ് തനിക്കുള്ള മടക്കയാത്രയ്ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കിയത് എന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഇക്കാര്യം പിന്നീട് ജോഷി ജോസഫും സ്ഥിരീകരിച്ചിരുന്നു. അതേസമയം ശ്രീലേഖ മിത്രയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചിരുന്നു. ശ്രീലേഖ മിത്രയെ ഓഡീഷന് വിളിച്ചിരുന്നു എന്നും കഥാപാത്രത്തിന് അനുയോജ്യയല്ലാത്തതിനാല്‍ പറഞ്ഞയച്ചു എന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.
ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്നാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടി വന്നത്. പിന്നാലെ സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.












Click it and Unblock the Notifications