'എന്തു പോക്കാണിത്?' ആരാധകരെ കണ്ണീരണിയിച്ച് സുബിയുടെ ഫേസ്ബുക്ക് പേജിലെ 'വിട വാങ്ങൽ' കുറിപ്പ്!

കൊച്ചി: ചിരിയോടെയും കൗണ്ടര്‍ തമാശകളോട് കൂടിയും അല്ലാതെ സുബി സുരേഷ് എന്ന താരത്തെ പ്രേക്ഷകര്‍ക്ക് ഓര്‍ക്കാനാകില്ല. കോമഡി അത്രയേറെ അനായാസമായി കൈകാര്യം ചെയ്തിരുന്ന താരം; ഒടുവില്‍ അപ്രതീക്ഷിത വിയോഗത്തിലൂടെ മലയാളി പ്രേക്ഷകരെ കണ്ണീരണിയിച്ചിരിക്കുകയാണ്. കരള്‍ രോഗത്തെ തുടര്‍ന്നാണ് തന്റെ 41മത്തെ വയസ്സില്‍ സുബി വിട പറഞ്ഞിരിക്കുന്നത്.
രാവിലെ പത്ത് മണിയോടെയാണ് സുബി സുരേഷ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. സുബിയുടെ മരണം അറിയിച്ച് കൊണ്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അഡ്മിന്‍ പങ്കുവെച്ച കുറിപ്പ് വേദനയാകുന്നു. 'ഓരോ പുതിയ തുടക്കവും സംഭവിക്കുന്നത് മറ്റേതെങ്കിലും തുടക്കങ്ങളുടെ അവസാനത്തില്‍ നിന്നാണ്. എല്ലാവരേയും വീണ്ടും കാണാം.. നന്ദി' എന്നാണ് ആ വാക്കുകള്‍. സുബിയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. എന്തൊരു പോക്കാണിത് എന്നാണ് ആരാധകർ പോസ്റ്റിന് താഴെ അവിശ്വസനീയതയോടെ കുറിക്കുന്നത്.
image-suni-16195222601-1623302821-1677048343.jpg malayalam.oneindia.com}
സുബിയുടെ വിയോഗം സിനിമാ-സീരിയല്‍ രംഗത്തെ സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ല. ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇതെന്ന് നടന്‍ ജയറാം പ്രതികരിച്ചു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ആശുപത്രിയിലാണെന്നത് അറിഞ്ഞിരുന്നില്ല. കുറവ് ചിത്രങ്ങളിലേ ഒരുമിച്ച് അഭിനയിച്ചിട്ടുളളൂ എങ്കിലും നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. വളരെ അധികം അടുപ്പമുണ്ടായിരുന്നു. ഏത് ക്യാരക്ടര്‍ പറഞ്ഞ് കൊടുത്താലും പെര്‍ഫെക്ട് ആയി ചെയ്യുമെന്നും ജയറാം പറഞ്ഞു.
സുബിയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നുവെന്ന് നടന്‍ രമേശ് പിഷാരടി പറഞ്ഞു. ഇന്നലെയും ഡോക്ടറോട് സംസാരിച്ചിരുന്നു. പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഒന്നും ചെയ്യാന്‍ പറ്റിയില്ല. ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലോട്ട് എത്തിയിട്ടുണ്ടായിരുന്നു. ഒന്നില്‍ നിന്ന് ഒന്നിലേക്ക് എന്ന തരത്തില്‍ ഇന്‍ഫെക്ഷനായിരുന്നു. ഓപറേഷന്‍ ചെയ്യാനുളള ആരോഗ്യം ഉണ്ടായിരുന്നില്ല. കുടുംബത്തിന് വേണ്ടി ജീവിച്ച ആളായിരുന്നു സുബിയെന്നും രമേഷ് പിഷാരടി പറഞ്ഞു. മറക്കാത്ത ഓർമ്മയായി സുബി, ആദരാഞ്ജലികൾ എന്നാണ് നടൻ ദിലീപ് ഫേസ്ബുക്കിൽ കുറിച്ചത്.
'നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവർന്ന പ്രിയപെട്ട കലാകാരി സുബി സുരേഷ് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിരുയിരുന്ന പ്രിയ സഹോദരിയുടെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ' എന്ന് മോഹൻലാൽ അനുശോചിച്ചു. മമ്മൂട്ടിയും സുബി സുരേഷിന് ആദരാജ്ഞലികൾ അർപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും സുബി സുരേഷിന് അനുശോചനം അറിയിച്ചു. ' ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു'.
'നടിയും അവതാരകയുമായ സുബി സുരേഷ് തിരക്ക് നിറഞ്ഞ വിനോദ വ്യവസായ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. അനായാസമായി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പ്രേക്ഷകരിൽ ചലനങ്ങൾ ഉണ്ടാക്കാനും സുബിയ്ക്ക് കഴിഞ്ഞിരുന്നു. വേഷങ്ങൾ ചെയ്യുമ്പോൾ ഹാസ്യം സ്വയംതന്നെ ആസ്വദിച്ചിരുന്നു എന്ന് സുബിയുടെ കാഥാപാത്രങ്ങളിലൂടെ നമുക്ക് മനസിലാക്കാം. ആദരാഞ്ജലികൾ..' എന്ന് മന്ത്രി വി ശിവൻകുട്ടി കുറിച്ചു.
'മിടുക്കിയായ, സമർത്ഥയായ, ജീവിതത്തെ ധൈര്യത്തോടെ നേരിട്ട ഒരു സ്ത്രീയെ ആണ് ഞാൻ ജെ ബി ജങ്ഷനിൽ അന്ന് പരിചയപ്പെട്ടത്. ഹാസ്യത്തിന്റെ മേമ്പൊടിയിൽ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചിരുന്ന ജീവിച്ച കാലമത്രയും എല്ലാവരെയും ചിരിപ്പിച്ചാണ് കടന്നു പോയത്. സ്ത്രീകൾ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ താരമായി മാറിയ സുബി ടിവി പ്രോഗ്രാമുകളിലെ താരമാകുകയും ചെയ്തു. കൈരളിയുടെ എണ്ണമില്ലാത്ത പരിപാടികളിൽ സുബി ഭാഗമായിരുന്നു. സുബിയുടെ അമ്മയ്ക്കും മറ്റു കുടുംബങ്ങൾക്കുമൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ' എന്നാണ് ജോൺ ബ്രിട്ടാസ് എംപി സുബിയെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.












Click it and Unblock the Notifications