സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
തിരുവനന്തപുരം: ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ലോക്‌സഭാ മണ്ഡലമാണ് തിരുവനന്തപുരം. ശശി തരൂര്‍ നാലാമൂഴം തേടുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫിന് വേണ്ടി പന്ന്യന്‍ രവീന്ദ്രനും എന്‍ഡിഎക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറും എത്തിയതോടെ വാശിയേറിയ പ്രചാരണം നടന്നു. എങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് ഇപ്പോഴും ചില സംശയങ്ങള്‍ ബാക്കിയാണ്.
സിറ്റിങ് എംപിമാരെ മല്‍സരിപ്പിക്കുക എന്ന തീരുമാനം കോണ്‍ഗ്രസ് നേരത്തെ എടുത്തതിനാല്‍ ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ മറ്റൊരു ചര്‍ച്ച വേണ്ടി വന്നിരുന്നില്ല. ആനി രാജയുടെ പേര് ഉയര്‍ന്നുകേട്ടെങ്കിലും സിപിഐക്ക് വേണ്ടി ഒടുവില്‍ കളത്തിലിറങ്ങിയത് ക്ലീന്‍ ഇമേജുള്ള പന്ന്യനാണ്. നിര്‍മല സീതാരാമന്റെയും എസ് ജയശങ്കറിന്റെയു കുമ്മനം രാജശേഖരന്റെയും പേര് കെട്ടെങ്കിലും എന്‍ഡിഎക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറും എത്തി.

വാശിയേറിയ പ്രചാരണമായിരുന്നു. തലസ്ഥാനത്തിന്റെ വികസനം, അഴിമതി, ഇഡിയെ ദുരുപയോഗിക്കല്‍, സിഎഎ തുടങ്ങി... മോദിയുടെ വിവാദ പ്രസ്താവന വരെ എത്തി നില്‍ക്കുന്നു പ്രചാരണ വിഷയങ്ങള്‍. ശശി തരൂരിനെ പിന്തുണച്ച് എന്‍എസ്എസ് എത്തിയത് കോണ്‍ഗ്രസ് ക്യാംപിന് ആത്മവിശ്വാസം പകരുന്നു. പതിവ് പോലെ മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുടെ വോട്ടും തരൂരിന് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
കഴിഞ്ഞ തവണ പിന്നിലായതിലുള്ള ക്ഷീണം ഇത്തവണ പന്ന്യനിലൂടെ മറികടക്കാമെന്നാണ് സിപിഐ കരുതുന്നത്. 2019ലെ മികച്ച പ്രകടനത്തിന്റെ കണക്കുവച്ചാണ് ബിജെപി കളത്തിലിറങ്ങിയിട്ടുള്ളത്. നരേന്ദ്ര മോദിയും അമിത് ഷായുമെല്ലാം എത്തി കരുത്ത് പകര്‍ന്ന പ്രചാരണത്തിനിടെ നടി ശോഭന നല്‍കിയ പരസ്യ പിന്തുണയും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ആര് തമ്മിലാണ് യഥാര്‍ഥ മല്‍സരം എന്ന കാര്യത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇപ്പോഴും വ്യത്യസ്തമായ അഭിപ്രായമാണ്. ഇടതുപക്ഷം വളരെ മുമ്പിലെത്തിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു. എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള മല്‍സരം പോലെ ആയിക്കഴിഞ്ഞു. യുഡിഎഫിന്റെ വോട്ട് ചേര്‍ന്ന് ബിജെപിക്ക് കിട്ടിയേക്കും. എന്നാല്‍ ബിജെപിയേക്കാള്‍ വളരെ മുമ്പിലാണ് ഇടതുപക്ഷമെന്നും പന്ന്യന്‍ പറഞ്ഞു. അതേസമയം, തരൂരും പന്ന്യനും തമ്മിലാണ് മല്‍സരം എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.
ഇതിനോട് സരസമായിട്ടാണ് ശശി തരൂര്‍ പ്രതികരിച്ചത്. ബിജെപിയും എല്‍ഡിഎഫും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മല്‍സരിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജയിക്കുമെന്ന് പറയാനുള്ള ധൈര്യം പന്ന്യനുണ്ടായല്ലോ എന്നും തരൂര്‍ പറഞ്ഞു. അവര്‍ രണ്ടാം സ്ഥാനത്തിനും കോണ്‍ഗ്രസ് വിജയിക്കാനുമാണ് മല്‍സരിക്കുന്നതെന്നും തരൂര്‍ വിശദീകരിച്ചു.
പന്ന്യന്റെ വാക്കുകള്‍ക്ക് മറുപടിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആര് തമ്മിലാണ് മല്‍സരം എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. സമ്പത്ത് റിഡിസ്ട്രിബ്യൂട്ട് ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിനോടാണ് നരേന്ദ്ര മോദി പ്രതികരിച്ചത്. അത് വിവാദമാക്കേണ്ടതില്ല. രാഹുല്‍ ഒരു ഐലന്റ് വാങ്ങി ഭരിക്കട്ടെ, തരൂരിനെ അവിടെയുള്ള വിദേശകാര്യ മന്ത്രിയുമാക്കട്ടെ എന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.












Click it and Unblock the Notifications